ലണ്ടൻ: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ലേബർ നേതാവ് ആൻഡി ബേൺഹാം രാജ്യത്തിന്റെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് പുതിയ പദ്ധതി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. ലണ്ടനിൽ കേന്ദ്രീകരിച്ചിരിക്കുന്ന അധികാരം പ്രാദേശിക ഭരണകൂടങ്ങൾക്കും മേഖലകൾക്കും കൈമാറുന്നതാകും അദ്ദേഹത്തിന്റെ പ്രധാന നിർദേശം.
ലേബർ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായ കെയർ സ്റ്റാർമർ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ പിൻഗാമിയായി രംഗത്തുള്ള ഏക പ്രഖ്യാപിത സ്ഥാനാർഥിയാണ് ബേൺഹാം. അടുത്ത ഏതാനും ആഴ്ചകൾക്കകം അദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് വിലയിരുത്തൽ.
ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയറായിരിക്കെ ശ്രദ്ധേയനായ ബേൺഹാമിനെ 'കിങ് ഓഫ് ദ നോർത്ത്' എന്ന പേരിലും വശേഷിപ്പിക്കാറുണ്ട്. രാജ്യത്തിന്റെ ഭരണരീതിയിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരികയും ജനങ്ങൾക്ക് കൂടുതൽ അധികാരം നൽകുകയും ചെയ്യുന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കും.
രാജ്യത്തിന്റെ ജീവിതനിലവാരം ഉയർത്തുന്നതിനായി വ്യവസായ പുനരുജ്ജീവനം, ഭവനനിർമാണം, അടിസ്ഥാനസൗകര്യ വികസനം, പൊതുസേവന മേഖലയിലെ പരിഷ്‌കാരങ്ങൾ എന്നിവ ഉൾപ്പെടുത്തി 10 വർഷത്തെ വികസന ദൗത്യവും അദ്ദേഹം പ്രഖ്യാപിക്കും.
അതേസമയം, യുക്രെയ്ൻ യുദ്ധവും അടുത്തിടെ അമേരിക്ക-ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ ഊർജപ്രതിസന്ധിയും ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ച സാഹചര്യത്തിൽ വലിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിന് പരിമിതികളുണ്ടെന്നാണ് വിലയിരുത്തൽ.
ലേബർ സർക്കാരിന്റെ ധനകാര്യ അച്ചടക്ക നയങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും പൊതുചെലവുകൾ നിയന്ത്രിച്ചുകൊണ്ട് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുമെന്നും ഭവനമന്ത്രി സ്റ്റീവ് റീഡ് വ്യക്തമാക്കി.
ബ്രിട്ടനിൽ അധികാരവികേന്ദ്രീകരണത്തിനൊരുങ്ങി ആൻഡി ബേൺഹാം; പ്രവിശ്യകൾക്ക് കൂടുതൽ അധികാരം
