കീവ് അടക്കമുള്ള നഗരങ്ങളിലേക്കുള്ള ആക്രമണം ഒരു ആഴ്ച നിർത്താമെന്ന് പുട്ടിൻ സമ്മതിച്ചെന്ന് ട്രംപ്; സ്ഥിരീകരിക്കാതെ റഷ്യ

കീവ് അടക്കമുള്ള നഗരങ്ങളിലേക്കുള്ള ആക്രമണം ഒരു ആഴ്ച നിർത്താമെന്ന് പുട്ടിൻ സമ്മതിച്ചെന്ന് ട്രംപ്; സ്ഥിരീകരിക്കാതെ റഷ്യ


വാഷിംഗ്ടൺ: യുക്രെയിനിൽ കനത്ത ശീതകാലം തുടരുന്നതിനിടെ, കീവ് അടക്കമുള്ള പ്രധാന നഗരങ്ങളിലേക്കുള്ള ആക്രമണം ഒരു ആഴ്ചത്തേക്ക് നിർത്തിവെയ്ക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുട്ടിൻ സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ വ്യാഴാഴ്ച ചേർന്ന കാബിനറ്റ് യോഗത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അത്യന്തം കഠിനമായ തണുപ്പിനെ പരിഗണിച്ച് കീവിലും മറ്റ് നഗരങ്ങളിലുമുള്ള ആക്രമണം താൽക്കാലികമായി നിർത്തണമെന്ന് താൻ പുട്ടിനോട് വ്യക്തിപരമായി ആവശ്യപ്പെട്ടതായും അതിന് അദ്ദേഹം സമ്മതം അറിയിച്ചതായും ട്രംപ് പറഞ്ഞു. എന്നാൽ പുട്ടിനുമായുള്ള സംഭാഷണം എപ്പോഴാണ് നടന്നതെന്ന് ട്രംപ് വ്യക്തമാക്കിയില്ല.

അതേസമയം, ഈ അവകാശവാദം റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുക്രെയിനിലെ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമാക്കി റഷ്യ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന. ഇതോടെ രാജ്യത്തിന്റെ വലിയ ഭാഗങ്ങളിൽ വൈദ്യുതി ക്ഷാമവും തടസ്സങ്ങളും രൂക്ഷമായിരിക്കുകയാണ്.

ട്രംപിന് നന്ദി അറിയിച്ച യുക്രെയിൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി, കടുത്ത ശീതകാലത്ത് ആക്രമണം താൽക്കാലികമായി നിർത്തിവെയ്ക്കുന്നത് രാജ്യത്തിന്റെ നിർണായക ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾ സംരക്ഷിക്കാൻ സഹായകരമാകുമെന്ന് പറഞ്ഞു. 'വൈദ്യുതി വിതരണം ജീവന്റെ അടിസ്ഥാനം തന്നെയാണ്,' എന്നായിരുന്നു സെലൻസ്‌കിയുടെ പ്രതികരണം. കരാർ പ്രാവർത്തികമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

കഴിഞ്ഞ ആഴ്ച അബുദാബിയിൽ നടന്ന യുഎസ്-യുക്രെയിൻ-റഷ്യ ത്രിപക്ഷ ചർച്ചകളിൽ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ആക്രമണം താൽക്കാലികമായി നിർത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നതായും സെലൻസ്‌കി സ്ഥിരീകരിച്ചു. അമേരിക്കൻ ഉദ്യോഗസ്ഥരാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്നും, എന്നാൽ റഷ്യ അതിന് സമ്മതിക്കുമോയെന്നത് അന്നുതന്നെ വ്യക്തമായിരുന്നില്ലെന്നും ചർച്ചകളുമായി പരിചയമുള്ള വൃത്തങ്ങൾ പറഞ്ഞു.

ഇത്തരമൊരു ആക്രമണവിരാമത്തെക്കുറിച്ച് ചോദിച്ചപ്പോൾ ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മുൻപും റഷ്യ-യുക്രെയിൻ തമ്മിൽ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തലുകൾ നിലനിൽക്കാതെ പോയിട്ടുണ്ടെന്നതാണ് യാഥാർഥ്യം. മാനവിക പരിഗണനകൾ ചൂണ്ടിക്കാട്ടി പ്രഖ്യാപിച്ച മുൻകാല വെടിനിർത്തലുകൾ പരസ്പര ലംഘനാരോപണങ്ങളിലേക്കാണ് വഴിമാറിയത്.

സമാധാന ചർച്ചകളെക്കുറിച്ച് പ്രതികരിച്ച സെലൻസ്‌കി, ഇത്തരത്തിലുള്ള സംഘർഷശമന നടപടികൾ യുദ്ധം അവസാനിപ്പിക്കുന്നതിലേക്കുള്ള യഥാർഥ പുരോഗതിയാണെന്ന് അഭിപ്രായപ്പെട്ടു. സമാധാനകരാർ ഉടൻ സാധ്യമാകുമെന്ന പ്രതീക്ഷ യുഎസിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും പ്രകടിപ്പിച്ചു. എന്നാൽ ഡൊണെസ്‌ക് പ്രദേശത്തെ പ്രാദേശിക അവകാശവാദം ഇപ്പോഴും നിർണായക തടസ്സമായി തുടരുന്നുവെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇതിന് മറുപടിയായി, ചർച്ചകളിൽ ഇനിയും നിരവധി സങ്കീർണ വിഷയങ്ങൾ ബാക്കിയുണ്ടെന്ന നിലപാടാണ് ക്രെംലിൻ അറിയിച്ചത്.

ഇതിനിടെ, കീവ് അടക്കമുള്ള നിരവധി നഗരങ്ങളിൽ റഷ്യൻ ആക്രമണത്തെ തുടർന്ന് വ്യാപകമായ വൈദ്യുതി തടസ്സം തുടരുകയാണ്. ഒഡേസ, ഖാർക്കീവ്, ഡൊണെസ്‌ക് മേഖലകളും ഗുരുതര പ്രതിസന്ധിയിലാണെന്ന് യുക്രെയിനിന്റെ ഊർജ്ജ മന്ത്രാലയം അറിയിച്ചു. കനത്ത ശീതകാലത്ത് ആക്രമണവിരാമം യാഥാർഥ്യമാകുമോ എന്നതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.