റഷ്യയെ ലക്ഷ്യമിട്ട് യുക്രെയിൻ വ്യോമാക്രമണം; 6 പേർ കൊല്ലപ്പെട്ടു, 800ലധികം ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യ

റഷ്യയെ ലക്ഷ്യമിട്ട് യുക്രെയിൻ വ്യോമാക്രമണം; 6 പേർ കൊല്ലപ്പെട്ടു, 800ലധികം ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യ


മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് യുക്രെയിൻ നടത്തിയ ഡ്രോൺ- മിസൈൽ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യക്ക് നേരെ യുക്രെയിൻ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആക്രമണത്തിൽ മോസ്കോയിലെ പൊഡോൾസ്കിലുള്ള പ്രശസ്ത ഇ-കൊമേഴ്‌സ് സ്ഥാപനമായ വൈൽഡ്ബെറീസ് ലോജിസ്റ്റിക്സിന്റെ ഗോഡൗണിൽ വൻ തീപിടുത്തമുണ്ടായി. റഷ്യൻ സൈന്യത്തിന് ആവശ്യമായ ഡ്രോൺ ഭാഗങ്ങളും നാവിഗേഷൻ ഉപകരണങ്ങളും എത്തിക്കുന്നത് ഈ കേന്ദ്രങ്ങൾ വഴിയാണെന്ന് യുക്രൈൻ ആരോപിക്കുന്നത്. ഗോഡൗണിൽനിന്നുയർന്ന പുക നഗരത്തിലാകെ വ്യാപിച്ച ദൃശ്യങ്ങൾ പുറത്തുവന്നു. 

ആക്രമണത്തിൽ റോസ്തോവ് മേഖലയിൽ അഞ്ച് പേരും മോസ്കോയിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. ദോമോദെദോവോയിലെ ഒരു മരുന്ന് നിർമാണ കമ്പനിയുടെ ഗോഡൗണിലും വോസ്ക്രസെൻസ്‌കിലെ വ്യവസായ കേന്ദ്രത്തിലും വ്യോമാക്രമണത്തെത്തുട‍ർന്ന് തീപ്പിടുത്തമുണ്ടായി. ആക്രമണത്തിൽ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏകദേശം 822 യുക്രൈൻ ഡ്രോണുകൾ റഷ്യൻ സൈന്യം വെടിവെച്ചിട്ടതായി മേയർ സെർജി സോബിയാനിൻ വ്യക്തമാക്കി. ഇതിൽ അറുന്നൂറോളം ഡ്രോണുകൾ മോസ്കോ ലക്ഷ്യമാക്കിയാണ് എത്തിയത്. 

റഷ്യ സ്വന്തമായി വികസിപ്പിക്കുന്ന ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയെ പിന്തുണയ്ക്കുന്ന പ്രോഗ്രസ് റോക്കറ്റ് ഗവേഷണ കേന്ദ്രത്തിന് നേരെയും സൈനിക വ്യോമതാവളത്തിന് നേരെയും യുക്രെയിൻ മിസൈൽ ആക്രമണം നടത്തി. 

ആക്രമണത്തിന് തിരിച്ചടിയായി റഷ്യൻ സൈന്യം കീവ്, ക്രിവി റിഹ്, സുമി തുടങ്ങിയ യുക്രൈൻ നഗരങ്ങളിൽ വ്യോമാക്രമണങ്ങൾ നടത്തി. ഈ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്‌കി പറഞ്ഞു. ഇതിനിടെ, റൊമാനിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഒരു ഡ്രോൺ, സ്പാനിഷ് സൈന്യം വെടിവെച്ചിട്ടതായി റൊമാനിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത് ഏത് രാജ്യത്തിന്റേതാണെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.