ക്രിമിയയ്ക്ക് സമീപം റഷ്യന്‍ കപ്പലുകള്‍ക്ക് നേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം ശക്തമാക്കി; ഇന്ധന വിതരണത്തിന് തിരിച്ചടി

ക്രിമിയയ്ക്ക് സമീപം റഷ്യന്‍ കപ്പലുകള്‍ക്ക് നേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം ശക്തമാക്കി; ഇന്ധന വിതരണത്തിന് തിരിച്ചടി


കീവ്: റഷ്യ കൈയേറിയ ക്രിമിയയിലേക്കുള്ള കര- കടല്‍ വിതരണ ശൃംഖലയെ ലക്ഷ്യമിട്ട് യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം ശക്തമാക്കി. കഴിഞ്ഞ നാല് ദിവസത്തിനിടെ അസോവ് കടലില്‍ റഷ്യന്‍ കപ്പലുകള്‍ക്കും എണ്ണ ടാങ്കറുകള്‍ക്കും നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയതായി യുക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടു.

യുക്രെയ്ന്‍ ഡ്രോണ്‍ സേനാ മേധാവി റോബര്‍ട്ട് ബ്രോവ്ഡിയുടെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങളില്‍ കുറഞ്ഞത് 25 കപ്പലുകള്‍ക്ക് തീപിടിക്കുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി യുക്രെയ്ന്‍ അറിയിച്ചു. യുക്രെയ്ന്‍ സൈന്യത്തിന്റെ കണക്കുപ്രകാരം ആകെ 36 കപ്പലുകളെയാണ് ലക്ഷ്യമിട്ടത്. ഇവയില്‍ പലതും റഷ്യയുടെ എണ്ണക്കടത്ത് ശൃംഖലയായ 'ഷാഡോ ഫ്‌ളീറ്റ്' വിഭാഗത്തിലെ ടാങ്കറുകളാണെന്നും യുക്രെയ്ന്‍ അവകാശപ്പെട്ടു. എന്നാല്‍ ഈ കണക്കുകള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ക്രിമിയയിലേക്കും അവിടെ നിന്നുമുള്ള സൈനിക- ഇന്ധന വിതരണ മാര്‍ഗങ്ങള്‍ തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള 'ലോജിസ്റ്റിക്‌സ് ലോക്ക്ഡൗണ്‍' തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ ആക്രമണങ്ങളെന്ന് യുക്രെയ്ന്‍ വ്യക്തമാക്കുന്നു.

ക്രിമിയയിലെ കെര്‍ച്ച് തുറമുഖത്തിന് സമീപം കഴിഞ്ഞ മാസം യുക്രെയ്ന്‍ ആക്രമണം നടത്തിയിരുന്നു. അതിന് പിന്നാലെ പ്രദേശത്തെ എണ്ണ ടാങ്കറുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യയുടെ റോസ്‌തോവ് മേഖലാ ഗവര്‍ണര്‍ യൂരി സ്ല്യൂസര്‍, അസോവ് കടലിലെ ടഗാന്റോഗ് ഉള്‍ക്കടലില്‍ എണ്ണയില്ലാത്ത രണ്ട് ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടതായി സ്ഥിരീകരിച്ചു. ഇവയില്‍ തീപിടിത്തം തുടര്‍ന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ ആക്രമിക്കപ്പെട്ട രണ്ട് ടാങ്കറുകള്‍ ക്രിമിയയിലേക്ക് ഏകദേശം 7,000 ടണ്‍ വീതം ഇന്ധനം കൊണ്ടുപോകുകയായിരുന്നുവെന്നും യുക്രെയ്ന്‍ അവകാശപ്പെട്ടു.

ക്രിമിയ തീരത്തിന് സമീപം ഒരു കപ്പലില്‍ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ നിരവധി കപ്പലുകള്‍ അസോവ് കടലില്‍ നിന്ന് കരിങ്കടലിലേക്ക് നീങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യയിലെ എണ്ണ ശുദ്ധീകരണശാലകള്‍ക്കും ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ക്കും നേരെയുള്ള യുക്രെയ്ന്‍ ആക്രമണങ്ങളും തുടരുകയാണ്. ഇതോടെ മോസ്‌കോയും സെന്റ് പീറ്റേഴ്‌സ്ബര്‍ഗും ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ ഇന്ധനക്ഷാമം രൂക്ഷമായതായി റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യയുടെ എണ്ണശുദ്ധീകരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നത് റഷ്യന്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണെന്നും യുദ്ധത്തിന്റെ പ്രത്യാഘാതം റഷ്യന്‍ ജനങ്ങളും അനുഭവിക്കണമെന്നുമാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ നിലപാട്.

നാറ്റോ ഉച്ചകോടിക്കിടെ സെലന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഡ്രോണ്‍ ആക്രമണങ്ങള്‍ സംഘര്‍ഷം രൂക്ഷമാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് ഇത്തരം നീക്കങ്ങള്‍ വഴിതെളിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യയുടെ കര- കടല്‍ വിതരണ ശൃംഖലകളെ ഒരുപോലെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ക്രിമിയയില്‍ ഇന്ധന വിതരണം ഗുരുതരമായി ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയിലെ ഭൂരിഭാഗം മേഖലകളിലും ഇന്ധന ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഡീസല്‍ കയറ്റുമതിക്കും റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പല നഗരങ്ങളിലെയും പെട്രോള്‍ പമ്പുകളില്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ക്രിമിയയില്‍ വൈദ്യുതി വിതരണത്തിലും ഗതാഗത സംവിധാനങ്ങളിലും തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍, ഇന്ധനവിതരണം ഉറപ്പാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യുക്രെയ്ന്‍ നടത്തുന്ന തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണങ്ങള്‍ റഷ്യയുടെ ആ നീക്കങ്ങള്‍ക്ക് വലിയ വെല്ലുവിളിയായി മാറുകയാണ്.