മോസ്‌കോ: റഷ്യയില്‍ സൂപ്പര്‍ ഹാസ്‌ടേര്‍ഡ് കെമിക്കല്‍ സബ്സ്റ്റാന്‍സുകള്‍ സൂക്ഷിക്കുന്ന രണ്ട് രാസശാലകളെ ലക്ഷ്യമിട്ട് യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണശ്രമം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. വെള്ളിയാഴ്ച നടത്തിയ ബ്രിഫിംഗില്‍ റഷ്യയുടെ രേഡിയേഷന്‍, കെമിക്കല്‍, ബയോളജിക്കല്‍ പ്രൊട്ടക്ഷന്‍ ട്രൂപ്പ്‌സിന്റെ മേധാവി മേജര്‍ ജനറല്‍ അലക്‌സി ആര്‍ട്ടിഷ്‌ചെവ് പറഞ്ഞു.
വെലിക്കി നവ്ഗരോഡിലും വോറോണെഷ് മേഖലയിലെ റോസോഷ് പട്ടണത്തിലുമുള്ള രാസശാലകളിലേക്കാണ് ഡ്രോണുകള്‍ പറന്നതെന്നും, ആദ്യ ശ്രേണി അപകടകാരിയായ രാസവസ്തുക്കള്‍ സൂക്ഷിക്കുന്ന ഈ കേന്ദ്രങ്ങളിലെ ആക്രമണം നേരത്തെ തന്നെ തടഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ഡൊണസ്‌ക്, ലുഗാന്‍സ് മേഖലകളിലെ അപകടഭീഷണി സൃഷ്ടിക്കാവുന്ന രാസശാലകളെയും ലക്ഷ്യമിട്ട് യുക്രെയ്ന്‍ ശ്രമം നടത്തുന്നുണ്ടെന്ന് ആര്‍ട്ടിഷ്‌ചെവ് ആരോപിച്ചു. റുബെഷ്‌നോയെയിലെ സാരിയ വ്യവസായ ശാല, സെവെറോഡോനെട്‌സ്‌കിലെ അസോട്ട് പ്ലാന്റ്, അവ്ദിയേവ്കയിലെ കോക് & കെമിക്കല്‍ പ്ലാന്റ് എന്നിവയ്ക്കുനേരെ നേരത്തെ പലവട്ടം ഷെല്ലാക്രമണം നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മോസ്‌കോയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള ട്വെര്‍ നഗരത്തില്‍ ഒരു പാര്‍പ്പിട സമുച്ചയത്തില്‍ യുക്രെയ്ന്‍ ഡ്രോണ്‍ തട്ടിയതായി റഷ്യന്‍ അധികാരികള്‍ അറിയിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു.
യുക്രെയ്ന്‍-റഷ്യ യുദ്ധത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശക്തമായ അസംതൃപ്തി പ്രകടിപ്പിച്ചു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍, 'കഴിഞ്ഞ മാസം മാത്രം 25,000 പേര്‍ കൊല്ലപ്പെട്ടുവെന്നും, കൂടുതലും സൈനികരാണെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ കൊല്ലപ്പെടുന്നത് നിര്‍ത്തണം. സമാധാനചര്‍ച്ചകള്‍ വളരെ മന്ദഗതിയിലാണ്' എന്നും ട്രംപ് പറഞ്ഞു.
'ഇങ്ങനെ തുടരുകയാണെങ്കില്‍ മൂന്നാം ലോകമഹായുദ്ധത്തില്‍ അവസാനിക്കാനാണ് സാധ്യത,' എന്ന മുന്നറിയിപ്പും ട്രംപ് നല്‍കി.
യുദ്ധത്തെക്കുറിച്ച് ഇരുവിഭാഗത്തോടുമുള്ള പ്രസിഡന്റ് ട്രംപിന്റെ നിരാശ ' അതീവ ഗൗരവകരമാണ്,' എന്ന് പത്രപ്രവര്‍ത്തകരോട് പ്രസ് സെക്രട്ടറി കരോലിന ലെവിറ്റ് പറഞ്ഞു. 'സംഭാഷണം വേണ്ട. നടപടിയാണ് പ്രസിഡന്റ് ആഗ്രഹിക്കുന്നത്. യുദ്ധം വേഗത്തില്‍ അവസാനിക്കണം' അവര്‍ കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഉള്‍പ്പെടുന്ന ടീം ഇരു പക്ഷങ്ങളുമായും ഇപ്പോഴും ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
യുക്രെയ്‌നിനെതിരെ രാസശാലാ ആക്രമണശ്രമം: റഷ്യയുടെ ആരോപണം; യുദ്ധം 'മൂന്നാം ലോകമഹായുദ്ധത്തിലേക്ക്' പോകുമെന്ന് ട്രംപ്
