ലണ്ടൻ: യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യയ്‌ക്കെതിരെ 'കടുത്ത നടപടികൾ തുടരുമെന്ന്' ജി7 രാജ്യങ്ങളോടൊപ്പം പ്രഖ്യാപിച്ചതിന് പിന്നാലെ റഷ്യൻ എണ്ണയ്‌ക്കെതിരായ ചില ഉപരോധങ്ങളിൽ ബ്രിട്ടൻ ഇളവ് പ്രഖ്യാപിച്ചു. ഇന്ധന ക്ഷാമവും വിലക്കയറ്റവും രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
റഷ്യൻ ക്രൂഡ് ഓയിൽ ഉപയോഗിച്ച് ഇന്ത്യ, തുർക്കി പോലുള്ള മൂന്നാം രാജ്യങ്ങളിൽ ശുദ്ധീകരിക്കുന്ന ഡീസലും ജെറ്റ് ഇന്ധനവും ബ്രിട്ടനിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് സർക്കാർ ഇളവ് ചെയ്തത്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വന്നു.
അമേരിക്ക-ഇസ്രയേൽ നീക്കങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്ക് പ്രായോഗികമായി അടഞ്ഞതോടെ ആഗോള ഇന്ധനവിതരണം ഗുരുതര പ്രതിസന്ധിയിലായതാണ് ഇളവിന് പ്രധാന കാരണമായി ബ്രിട്ടൻ വിശദീകരിക്കുന്നത്.
ഇതോടെ റഷ്യൻ ക്രൂഡ് ഉപയോഗിച്ച് ഇന്ത്യയിൽ ശുദ്ധീകരിക്കുന്ന വലിയ തോതിലുള്ള ഡീസലും ജെറ്റ് ഇന്ധനവും വീണ്ടും ബ്രിട്ടനിലേക്കും യൂറോപ്യൻ വിപണിയിലേക്കും എത്താനുള്ള വഴി തുറന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ഇത്തരം ഇറക്കുമതികൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തിയിരുന്നു.
റഷ്യൻ ദ്രവീകൃത പ്രകൃതിവാതകം (LNG) കടത്തുന്നതിനുള്ള ചില നിയന്ത്രണങ്ങളും ജനുവരി 1 വരെ പ്രാബല്യമുള്ള താൽക്കാലിക ലൈസൻസിലൂടെ ഇളവ് ചെയ്തു.
അതേസമയം, റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ മൊത്തത്തിൽ കൂടുതൽ ശക്തമാക്കിയതാണെന്നാണ് ബ്രിട്ടൻ വിശദീകരിക്കുന്നത്. റഷ്യൻ യുറേനിയത്തിനും കയറ്റുമതികൾക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും ബ്രിട്ടീഷ് സർക്കാർ വക്താവ് അറിയിച്ചു.
'യുക്രൈനിൽ യുദ്ധം നടത്താനുള്ള റഷ്യയുടെ ശേഷി ദുർബലപ്പെടുത്തുന്നതിനൊപ്പം ആഗോള വിതരണ ശൃംഖലയും വിപണി സ്ഥിരതയും സംരക്ഷിക്കേണ്ടതുണ്ട്,' സർക്കാർ വക്താവ് പറഞ്ഞു.
യുദ്ധം തുടങ്ങിയതിന് പിന്നാലെ യൂറോപ്പിൽ ജെറ്റ് ഇന്ധനവില ഇരട്ടിയിലേറെയായി ഉയർന്നിരുന്നു. ഇപ്പോഴും യുദ്ധത്തിന് മുൻപുണ്ടായിരുന്ന നിരക്കിനെക്കാൾ ഏകദേശം 50 ശതമാനം കൂടുതലാണ് വില. ബ്രിട്ടനിൽ പ്രവർത്തിക്കുന്ന പല വിമാനക്കമ്പനികളും സർവീസുകൾ റദ്ദാക്കുകയും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ബ്രിട്ടനിലെ പെട്രോൾ വിലയും കുത്തനെ ഉയർന്നു. ഒരു ലിറ്റർ അൺലീഡഡ് പെട്രോളിന്റെ ശരാശരി വില 152.52 പെൻസിലെത്തി. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് ആർഎസി അറിയിച്ചു.
ഇതിനുമുമ്പ് കടലിൽ കപ്പലുകളിൽ കയറ്റിയിരുന്ന റഷ്യൻ എണ്ണയ്‌ക്കെതിരായ നിയന്ത്രണങ്ങളിൽ അമേരിക്കയും ഇളവ് പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടന്റെ പുതിയ നീക്കം അതേ മാതൃകയിലാണെന്നാണ് വിലയിരുത്തൽ.
റഷ്യൻ എണ്ണയ്ക്ക് ഇളവ് നൽകി ബ്രിട്ടൻ; യുക്രൈൻ യുദ്ധത്തിൽ കടുത്ത നിലപാട് ആവർത്തിച്ചിട്ടും തീരുമാനം
