ലണ്ടന്‍: സര്‍ക്കാര്‍ ശക്തവും ഐക്യത്തോടെയും മുമ്പോട്ടു പോവുമെന്ന് യു കെ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. അഞ്ചുവര്‍ഷ കാലാവധിയിലെ വെറും 19 മാസം പിന്നിട്ടിരിക്കെ നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റില്‍ നിന്ന് താന്‍ പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ മാറ്റാന്‍ തനിക്ക് ലഭിച്ച ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും പിന്മാറില്ലെന്നും സ്റ്റാര്‍മര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജെഫ്രി എപ്സ്റ്റീന്‍ എന്ന ലൈംഗിക കുറ്റവാളിയുമായി ബന്ധം തുടരുകയായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന പീറ്റര്‍ മാന്‍ഡല്‍സനെ യു എസ് അംബാസഡറായി നിയമിച്ചതിനെക്കുറിച്ച് അറിയാമായിരുന്നിട്ടും നടപടി സ്വീകരിച്ചുവെന്നാരോപിച്ച് സ്‌കോട്ടിഷ് ലേബര്‍ നേതാവ് അനാസ് സര്‍വര്‍ സ്റ്റാര്‍മറുടെ രാജി ആവശ്യപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ലേബര്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായത്.
ഈ വിവാദത്തെ തുടര്‍ന്ന് സ്റ്റാര്‍മര്‍ സര്‍ക്കാരിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ രാജിവെച്ചിരുന്നു. എങ്കിലും പാര്‍ട്ടി എം പിമാരും മന്ത്രിസഭാ സഹപ്രവര്‍ത്തകരും പിന്തുണച്ചതോടെ തന്റെ നേതൃത്വത്തിലെ ഏറ്റവും പ്രയാസകരമായ ദിവസങ്ങളിലൊന്നില്‍ സ്റ്റാര്‍മര്‍ പ്രതിസന്ധി തരണം ചെയ്യുകയായിരുന്നു.
സ്റ്റാര്‍മറുടെ കമ്യൂണിക്കേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടിം അലന്‍ തിങ്കളാഴ്ച രാജിവെച്ചതിനു പിന്നാലെയാണ് ഈ പരാമര്‍ശങ്ങള്‍. അഞ്ച് മാസം മാത്രമാണ് അദ്ദേഹം ആ സ്ഥാനത്ത് പ്രവര്‍ത്തിച്ചത്. മുന്‍പ് സ്റ്റാര്‍മറുടെ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗന്‍ മക്സ്വീനി രാജിവെച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റേയും രാജി.
പുതിയ നമ്പര്‍ 10 ടീം രൂപീകരിക്കാന്‍ അവസരം നല്‍കുന്നതിനായി താന്‍ പദവി ഒഴിയാന്‍ തീരുമാനിച്ചുവെന്നും പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ടീമിനും എല്ലാ വിജയാശംസകളുമെന്നും അലന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ലോര്‍ഡ് പീറ്റര്‍ മാന്‍ഡല്‍സനെ യു കെയുടെ യു എസ് അംബാസഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട് എപ്സ്റ്റീന്‍ ഫയലുകളില്‍ അദ്ദേഹത്തിന്റെ പേര് വീണ്ടും ഉയര്‍ന്നുവന്നതോടെയാണ് അലനും മക്സ്വീനിയും രാജിവെച്ചത്.
സ്റ്റാര്‍മറുടെ 2024ലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ മുഖ്യ ശില്‍പി എന്നറിയപ്പെടുന്ന മക്സ്വീനി യു എസിലേക്കുള്ള അംബാസഡറായി മാന്‍ഡല്‍സനെ ശുപാര്‍ശ ചെയ്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം തന്റെ രാജിക്കത്തില്‍ ഏറ്റെടുത്തു.
2008ല്‍ പ്രായപൂര്‍ത്തിയാകാത്തയാളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ എപ്സ്റ്റീന്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹവുമായി ലേബര്‍ നേതാവായ മാന്‍ഡല്‍സന്റെ ബന്ധത്തിന്റെ വ്യാപ്തി യു എസ് കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച രേഖകളിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സ്റ്റാര്‍മര്‍ മാന്‍ഡല്‍സനെ പദവിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
