ലണ്ടന്‍: ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് ഇറാന് ലണ്ടനെ ആക്രമിക്കാന്‍ ശേഷിയുണ്ടെന്ന ഇസ്രയേലിന്റെ അവകാശവാദം സ്ഥിരീകരിക്കുന്ന വിലയിരുത്തലുകളൊന്നുമില്ലെന്ന് യു കെ കാബിനറ്റ് മന്ത്രി സ്റ്റീവ് റീഡ് വ്യക്തമാക്കി.
ബി ബി സിയോട് സംസാരിച്ച അദ്ദേഹം ഇറാന്‍ യു കെയെ ലക്ഷ്യമിടുന്നു എന്നോ അവര്‍ക്ക് അത് ചെയ്യാന്‍ ശേഷിയുണ്ടെന്നോ വ്യക്തമാക്കുന്ന പ്രത്യേക വിലയിരുത്തല്‍ ഒന്നുമില്ലെന്ന് പറഞ്ഞു. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സസ് ഇറാന്‍ നാലായിരം കിലോമീറ്റര്‍ ദൂരത്തില്‍ വരെ എത്തുന്ന ആയുധങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് ഈ പ്രതികരണം.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിഗോ ഗാര്‍ഷ്യ ദ്വീപിലുള്ള യു കെ- യു എസ് സംയുക്ത സൈനിക താവളത്തെ ഇറാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് വിഷയം വീണ്ടും ശ്രദ്ധ നേടിയത്. ഇറാന്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതില്‍ ഒന്ന് ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് പരാജയപ്പെടുകയും മറ്റൊന്ന് തടയുകയും ചെയ്തതായി സ്റ്റീവ് റീഡ് വ്യക്തമാക്കി.
അമേരിക്കന്‍ യുദ്ധക്കപ്പല്‍ മിസൈല്‍ ഉപയോഗിച്ച് ഒരു ആക്രമണം തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് എത്തുന്ന മിസൈലുകള്‍ വികസിപ്പിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുവെന്ന് ഇസ്രയേല്‍ സൈന്യം കഴിഞ്ഞ വര്‍ഷം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ലണ്ടന്‍, പാരിസ്, ബെര്‍ലിന്‍ എന്നിവിടങ്ങളിലെത്താന്‍ കഴിയുന്ന മിസൈലുകള്‍ ഇറാനുണ്ട് എന്നുമാണ് അവകാശപ്പെട്ടത്.
എന്നാല്‍, ഈ അവകാശവാദം ശരിയാണോയെന്ന ചോദ്യത്തിന് അതിനെ പിന്തുണയ്ക്കുന്ന യാതൊരു വിലയിരുത്തലും നിലവിലില്ല എന്നാണ് റീഡ് ആവര്‍ത്തിച്ചത്. ബ്രിട്ടന്റെ സുരക്ഷ ഉറപ്പാക്കാന്‍ സായുധ സേനയ്ക്ക് പൂര്‍ണ ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ ഏറ്റവും ദൂരം കൈവരിക്കുന്ന മിസൈലുകള്‍ക്ക് ഏകദേശം രണ്ടായിരം കിലോമീറ്റര്‍ വരെ മാത്രമാണ് പരമാവധി പരിധിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ലണ്ടനിലേക്കും ഡിഗോ ഗാര്‍ഷ്യയിലേക്കും എത്താന്‍ മതിയാകില്ല.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാന്‍ യൂറോപ്പിനെ ഭീഷണിപ്പെടുത്തുന്ന മിസൈലുകള്‍ വികസിപ്പിച്ചിട്ടുണ്ടെന്നും അമേരിക്കയെ ലക്ഷ്യമിടുന്ന ശേഷി വികസിപ്പിക്കുകയാണെന്നും മുമ്പ് ആരോപിച്ചിരുന്നു.
ഇതിനിടെ, ഇറാന്‍ വിദേശകാര്യ മന്ത്രി തന്റെ രാജ്യത്തിന്റെ മിസൈല്‍ പരിധി രണ്ടായിരം കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ടെന്നും ലോകത്തിന് ഭീഷണിയാകാന്‍ ഉദ്ദേശമില്ലെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാന് യൂറോപ്പില്‍ എത്താനുള്ള ശേഷിയുണ്ടെന്ന് ആവര്‍ത്തിച്ചു.
മുന്‍ വിദേശകാര്യ സെക്രട്ടറിയായ ജെയിംസ് ക്ലവര്‍ലി ഇറാന്‍ ദീര്‍ഘദൂര മിസൈലുകള്‍ വിന്യസിക്കുന്നുണ്ടെന്ന് പറഞ്ഞെങ്കിലും യു കെയെ ആക്രമിക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് വ്യക്തത നല്‍കാന്‍ തയ്യാറായില്ല.
നേറ്റോ മുന്‍ കമാന്‍ഡറായ റിച്ചാര്‍ഡ് ഷിറേഫ് ഇസ്രയേലിന്റെ അവകാശവാദങ്ങളെ ഗൗരവത്തോടെ കാണണമെന്നും എന്നാല്‍ അത് യുദ്ധം വ്യാപിപ്പിക്കാനുള്ള താത്പര്യവുമായി ബന്ധപ്പെട്ടു കാണണമെന്നും അഭിപ്രായപ്പെട്ടു.
യു കെ സര്‍ക്കാര്‍ മേഖലയില്‍ ബ്രിട്ടീഷ് താത്പര്യങ്ങളും സഖ്യകക്ഷികളും സംരക്ഷിക്കുന്നതിനായി മാത്രമാണ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ളത്. അതേസമയം, ലോകത്തെ എണ്ണവിതരണത്തിന്റെ ഏകദേശം അഞ്ചില്‍ ഒരു പങ്ക് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഭീഷണിയാകുന്ന ഇറാന്‍ കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി നടപടികള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
ഗ്ലോസെസ്റ്റര്‍ഷയറിലെ ആര്‍ എ എഫ് ഫെയര്‍ഫോര്‍ഡിനൊപ്പം ഡിഗോ ഗാര്‍ഷ്യയും അമേരിക്കയ്ക്ക് ഉപയോഗിക്കാന്‍ യു കെ അനുമതി നല്‍കിയിട്ടുണ്ട്.
യുദ്ധം വ്യാപിപ്പിക്കാനുള്ള ശ്രമമല്ല ഇതെന്ന് സ്റ്റീവ് റീഡ് വ്യക്തമാക്കി. മറിച്ച് ഇറാന്‍ പുതിയ ലക്ഷ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതിനനുസരിച്ച് പ്രതിരോധ നടപടികള്‍ ക്രമീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പാര്‍ലമെന്റിന്റെ അനുമതി തേടാതെ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് വിവാദമായിട്ടുണ്ട്. ലിബറല്‍ ഡെമോക്രാറ്റുകളും ഗ്രീന്‍ പാര്‍ട്ടിയും പാര്‍ലമെന്റില്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ബ്രിട്ടീഷ് ജനങ്ങളെ സംരക്ഷിക്കുന്നതിന് ഇത്തരം നടപടികള്‍ക്ക് മുന്‍പ് പാര്‍ലമെന്ററി വോട്ടിംഗ് നടത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
