വാഷിങ്ടണ്‍: യാത്രാ ബുക്കിംഗ് ആപ്പായ ഊബര്‍ അമേരിക്കയില്‍ സ്ത്രീ ഡ്രൈവര്‍മാരെയും സ്ത്രീ യാത്രക്കാരെയും തമ്മില്‍ മാത്രം പൊരുത്തപ്പെടുത്തുന്ന പുതിയ സൗകര്യം അവതരിപ്പിച്ചു. 'വുമണ്‍ പ്രിഫറന്‍സസ്' എന്ന പേരിലുള്ള ഈ ഫീച്ചര്‍ വഴി സ്ത്രീകള്‍ക്ക് മറ്റ് സ്ത്രീകളോടൊപ്പം മാത്രം യാത്ര ചെയ്യാന്‍ അപേക്ഷിക്കാനാകും.
കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സൗകര്യം അവതരിപ്പിച്ചിരുന്നുവെന്ന് ഊബര്‍ അറിയിച്ചു. ഇതിലൂടെ സ്ത്രീകള്‍ക്ക് 'പിന്നിലെ സീറ്റില്‍ കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുകയും' ഡ്രൈവര്‍മാരായ സ്ത്രീകള്‍ക്ക് 'വാഹനം ഓടിക്കുന്നതില്‍ കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുകയും' ചെയ്തതായി കമ്പനി വ്യക്തമാക്കി.
അതേസമയം, ഈ തീരുമാനം പുരുഷന്മാര്‍ക്കെതിരായ വിവേചനമാണെന്ന് ആരോപിച്ച് കാലിഫോര്‍ണിയയില്‍ ചില ഊബര്‍ ഡ്രൈവര്‍മാര്‍ സമര്‍പ്പിച്ച കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഫീച്ചര്‍ രാജ്യവ്യാപകമായി അവതരിപ്പിച്ചത്.
ഊബര്‍ പറയുന്നതനുസരിച്ച്, അമേരിക്കയിലെ അവരുടെ ഡ്രൈവര്‍മാരില്‍ ഏകദേശം 20 ശതമാനം പേര്‍ മാത്രമാണ് സ്ത്രീകള്‍. നഗരങ്ങള്‍ അനുസരിച്ച് ഈ അനുപാതത്തില്‍ വ്യത്യാസമുണ്ടെന്നും കമ്പനി വ്യക്തമാക്കി.
സ്ത്രീ യാത്രക്കാരും സ്ത്രീ ഡ്രൈവര്‍മാരും 'യാത്ര ചെയ്യുന്നതിനും വരുമാനം നേടുന്നതിനും കൂടുതല്‍ നിയന്ത്രണം വേണമെന്ന്' ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച ഈ സൗകര്യം അവതരിപ്പിച്ചതെന്ന് ഉബര്‍ അറിയിച്ചു.
ഈ ഫീച്ചറിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് മുന്‍കൂട്ടി സ്ത്രീ ഡ്രൈവര്‍മാരെ തിരഞ്ഞെടുത്ത് യാത്ര ബുക്ക് ചെയ്യാനോ ആപ്പില്‍ പ്രിഫറന്‍സ് ക്രമീകരിച്ച് സ്ത്രീ ഡ്രൈവര്‍ ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കാനോ കഴിയും.
കൂടാതെ, ചില നഗരങ്ങളില്‍ ലഭ്യമായ ടീന്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്ന കൗമാരക്കാര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും സ്ത്രീ ഡ്രൈവര്‍മാരോട് ആവശ്യപ്പെടാന്‍ കഴിയുന്ന സൗകര്യവും നല്‍കുന്നുണ്ട്.
കാലിഫോര്‍ണിയയിലെ രണ്ട് ഊബര്‍ ഡ്രൈവര്‍മാര്‍ കമ്പനി ലൈംഗിക വിവേചനം നിരോധിക്കുന്ന സംസ്ഥാന നിയമം ലംഘിച്ചിരിക്കാമെന്നാരോപിച്ച് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സ്ത്രീ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ യാത്രക്കാരെ ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് അവര്‍ ആരോപിക്കുന്നു.
അതേസമയം, കേസ് സ്വകാര്യ മധ്യസ്ഥതയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഉബര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ആപ്പില്‍ ചേര്‍ന്നപ്പോള്‍ ഡ്രൈവര്‍മാര്‍ ഒപ്പുവെച്ച കരാറിനെ അടിസ്ഥാനമാക്കിയാണ് ഈ ആവശ്യമെന്ന് കമ്പനി വ്യക്തമാക്കി.
ലൈംഗിക വിവേചനം നിരോധിക്കുന്ന കാലിഫോര്‍ണിയയിലെ 'അന്റുഹ് ആക്ട്' ഈ ഫീച്ചര്‍ ലംഘിക്കുന്നില്ലെന്നും യാത്രാ സുരക്ഷ വര്‍ധിപ്പിക്കുന്ന പൊതുതാത്പര്യ നയത്തോട് ഇത് പൊരുത്തപ്പെടുന്നതാണെന്നും ഊബര്‍ വാദിച്ചു.
റൈഡ് ഷെയറിംഗ് സേവനമായ ലിഫ്റ്റും 2024-ല്‍ സ്ത്രീകളും നോണ്‍-ബൈനറി വ്യക്തികളും തമ്മില്‍ യാത്രകള്‍ മുന്‍ഗണന നല്‍കുന്ന സമാന സൗകര്യം അവതരിപ്പിച്ചതിനെ തുടര്‍ന്ന് വിവേചനക്കേസിനെ നേരിടുകയാണ്.
അതേസമയം, കഴിഞ്ഞ മാസം ഒരു കേസില്‍ ഊബര്‍ ഡ്രൈവറുടെ ലൈംഗികാതിക്രമത്തിന് ഇരയായതായി ആരോപിച്ച സ്ത്രീക്ക് 8.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ അമേരിക്കന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഈ വിധി കമ്പനിയ്‌ക്കെതിരെ നിലനില്‍ക്കുന്ന മറ്റ് നിരവധി കേസുകളെയും സ്വാധീനിക്കാമെന്ന് വിലയിരുത്തപ്പെടുന്നു.
ഉബര്‍ പറയുന്നതനുസരിച്ച്, അവരുടെ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍മാര്‍ സ്വതന്ത്ര കരാറുകാര്‍ ആണെന്നും പശ്ചാത്തല പരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കു ശേഷമാണ് അവര്‍ സേവനത്തിലേക്ക് പ്രവേശിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ഊബര്‍ അറിയിച്ചു.
ഇതിനുമുമ്പ് തന്നെ ലോകത്തെ 40-ലധികം രാജ്യങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കായും സ്‌പെയിന്‍, ബ്രസീല്‍, സൗദി അറേബ്യ എന്നിവ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ യാത്രക്കാരര്‍ക്കായി സ്ത്രീകള്‍ തമ്മിലുള്ള പൊരുത്തപ്പെടുത്തല്‍ സൗകര്യം ഊബര്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
