ഇറാനുമായുള്ള സംഘര്‍ഷം വ്യാപിക്കരുതെന്ന് യു എ ഇ

ഇറാനുമായുള്ള സംഘര്‍ഷം വ്യാപിക്കരുതെന്ന് യു എ ഇ


അബുദാബി: മധ്യപൂര്‍വ്വേഷ്യയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ഇറാനുമായുള്ള നിലവിലെ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കരുതെന്ന നിലപാട് യു എ ഇ വ്യക്തമാക്കിയതായി ദി വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശികതലത്തില്‍ വലിയ യുദ്ധം ഉണ്ടാകാന്‍ യു എ ഇ ആഗ്രഹിക്കുന്നില്ലെന്നും സാഹചര്യം നിയന്ത്രണാതീതമാകാതിരിക്കാന്‍ എല്ലാ പക്ഷങ്ങളും ആത്മനിയന്ത്രണം പാലിക്കണമെന്നും യു എ ഇ ആവശ്യപ്പെട്ടു. അമേരിക്കയും ഇസ്രായേലും ഇറാനിയന്‍ ലക്ഷ്യങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ മേഖലയില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ് യു എ ഇയുടെ പ്രതികരണം.

സംഭവങ്ങളുടെ ഗൗരവം എത്രയുണ്ടെങ്കിലും തങ്ങളുടെ നിലപാട് സമതുലിതമാണെന്നും സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും  അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി പ്രസ്താവനയില്‍ പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളെതിരായ ഇറാന്റെ നടപടികള്‍ തെറ്റായ കണക്കുകൂട്ടലാണെന്നും അതിലൂടെ തെഹ്റാന്‍ കൂടുതല്‍ ഒറ്റപ്പെടാനുള്ള സാധ്യതയുണ്ടെന്നും യു എ ഇ നേതൃത്വത്തിലെ ഒരു മുതിര്‍ന്ന ഉപദേഷ്ടാവ് വ്യക്തമാക്കി. ഇറാന്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും അയല്‍രാജ്യങ്ങളിലേക്ക് സംഘര്‍ഷം വ്യാപിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ പ്രതികാര നടപടികളുടെ ഭാഗമായി യു എ ഇ ഉള്‍പ്പെടെ നിരവധി ഗള്‍ഫ് രാജ്യങ്ങള്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നാണ് യു എ ഇയുടെ നിലപാട്.