അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലാകെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ദുബായിൽ സ്‌ഫോടന ശബ്ദങ്ങളും തീപിടിത്തവും റിപ്പോർട്ട് ചെയ്തു. ദുബായിലെ പാം ജുമൈറ പ്രദേശത്തെ ഒരു കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് പേർക്ക് പരിക്കേറ്റതായി ദുബായ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. തീ നിയന്ത്രണ വിധേയമായതായി അധികൃതർ വ്യക്തമാക്കി.
ദുബായിലെ പ്രശസ്ത മനുഷ്യനിർമിത ദ്വീപായ പാം ജുമൈറയിലെ ഒരു ഹോട്ടലിനടുത്ത് കനത്ത പുക ഉയർന്നതായി സാക്ഷികൾ പറഞ്ഞു. ആംബുലൻസുകൾ സ്ഥലത്തെത്തുന്നതും കണ്ടതായി റിപ്പോർട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബുർജ് ഖലീഫ ഉൾപ്പെടെ ചില കെട്ടിടങ്ങൾ ഒഴിപ്പിച്ചതായും വിവരം.
ഇതിനിടെ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിന് സമീപം സ്‌ഫോടനങ്ങൾ കേട്ടതിനെ തുടർന്നാണ് തീരുമാനം.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ 'വിപുലമായ' സൈനിക നടപടി ആരംഭിച്ചതായി പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കകം ഇറാൻ തിരിച്ചടിയായി പെർഷ്യൻ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി മിസൈലുകൾ അയച്ചു. ഖത്തറിലെ ദോഹയിലും അബുദാബിയിലും മിസൈലുകൾ തടഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തടഞ്ഞതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഇറാന്റെ നടപടി 'ഭീഷണമായ സംഘർഷ വർധന'യാണെന്നും യുഎഇ പ്രതികരിച്ചു.
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ഒരു സാധാരണ പൗരൻ മരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതിനിടെ, കുവൈറ്റിൽ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് 12 പേർക്ക് പരിക്കേറ്റതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഗൾഫ് മേഖലയിലാകെ സുരക്ഷാ മുന്നറിയിപ്പുകൾ ശക്തമാക്കി. വിദേശ പൗരന്മാരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളായ യുഎഇ ഉൾപ്പെടെ പല രാജ്യങ്ങളും പൗരന്മാർക്ക് ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. സംഘർഷം കൂടുതൽ വ്യാപിക്കുമോ എന്ന ആശങ്കയോടെ പശ്ചിമേഷ്യ ഉറ്റുനോക്കുകയാണ്.
ദുബൈയിൽ സ്‌ഫോടനം; 4 പേർക്ക് പരിക്ക്, ബുർജ് ഖലീഫ ഒഴിപ്പിച്ചു
