ഇറാനുമായുള്ള വ്യാപാര- സാമ്പത്തിക ഇടപാടുകള്‍ യു എ ഇ നിര്‍ത്തിവച്ചു

ഇറാനുമായുള്ള വ്യാപാര- സാമ്പത്തിക ഇടപാടുകള്‍ യു എ ഇ നിര്‍ത്തിവച്ചു


അബുദാബി: ഇറാനുമായുള്ള എല്ലാ വ്യാപാര, സാമ്പത്തിക ഇടപാടുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കുന്നതായി യു എ ഇ പ്രഖ്യാപിച്ചു. ഗള്‍ഫിലെ സമുദ്ര ഗതാഗതം ലക്ഷ്യമിട്ട് ഇറാന്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ആരോപിച്ചതിന് പിന്നാലെയാണ് യു എ ഇയുടെ നടപടി.

ചൊവ്വാഴ്ചയാണ് ഇറാന്‍ തങ്ങളുടെ ഭാഗത്തുനിന്ന് യു എ ഇ ലക്ഷ്യമിട്ട് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി യു എ ഇ പ്രതിരോധ മന്ത്രാലയം ആരോപിച്ചത്. ഇറാനില്‍നിന്ന് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.

ഇതില്‍ ഒരു മിസൈല്‍ യു എ ഇയുടെ പ്രാദേശിക സമുദ്രപരിധിക്ക് പുറത്തും രണ്ടാമത്തേത് പ്രാദേശിക സമുദ്രപരിധിക്കുള്ളിലും പതിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

തുടര്‍ന്ന് നടത്തിയ വിലയിരുത്തലില്‍ മിസൈലുകള്‍ ഗള്‍ഫിലെ കപ്പല്‍ ഗതാഗതത്തെ ലക്ഷ്യമിട്ടായിരുന്നുവെന്നാണ് കണ്ടെത്തിയതെന്നും യു എ ഇ അറിയിച്ചു. ഇറാനില്‍നിന്ന് എത്തിയതായി കണ്ടെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളും സമുദ്ര ഗതാഗതത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും കടലിലാണ് പതിച്ചതെന്നും യു എ ഇ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ആരോപണം നിഷേധിച്ച് ഇറാന്‍

യു എ ഇയുടെ ആരോപണം ഇറാന്‍ പൂര്‍ണമായി നിഷേധിച്ചു. യു എ ഇ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ വിക്ഷേപിച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായി വ്യക്തമാക്കി.

ഇത്തരം ആരോപണങ്ങള്‍ മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്താനുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ബഖായി പറഞ്ഞു. അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമായ ഇത്തരം നടപടികള്‍ മേഖലയിലെ രാജ്യങ്ങള്‍ക്കിടയിലെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും സുരക്ഷാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നത് തടയുന്നതിനുമുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍നിന്ന് പ്രാദേശിക രാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്നും ബഖായി ആവശ്യപ്പെട്ടു.

യു എ ഇയുടെ ആദ്യ മുന്നറിയിപ്പ് പുറത്തുവന്നതിന് തൊട്ടുപിന്നാലെ രാജ്യത്തെ താമസക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ അലര്‍ട്ട് ലഭിച്ചിരുന്നു. മിസൈല്‍ ഭീഷണിക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. പിന്നീട് അലര്‍ട്ട് പിന്‍വലിച്ചു.

വ്യാപാര ഇടപാടുകള്‍ നിര്‍ത്തിവച്ചു

സംഘര്‍ഷം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഇറാനുമായുള്ള എല്ലാ വ്യാപാര, സാമ്പത്തിക ഇടപാടുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കുന്നതായി യു എ ഇ പ്രഖ്യാപിച്ചത്.

അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തില്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും പ്രധാന കേന്ദ്രമായി തുടരുകയാണ്. അമേരിക്കയുമായി സമാധാന ധാരണയിലെത്തുന്നതുവരെ കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലോകത്തിലെ പ്രധാനപ്പെട്ട എണ്ണ, വാതക കയറ്റുമതി പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം സംബന്ധിച്ച അനിശ്ചിതത്വം ഗള്‍ഫ് മേഖലയിലെ സുരക്ഷയിലും അന്താരാഷ്ട്ര വ്യാപാരത്തിലും കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് യു എ ഇ- ഇറാന്‍ ബന്ധത്തിലും പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.