ഭിക്ഷാടനവും കുറ്റകൃത്യങ്ങളും ആശങ്ക വര്‍ധിപ്പിച്ചു; പാകിസ്ഥാനികള്‍ക്കുള്ള വിസ നല്‍കല്‍ നിര്‍ത്തി യുഎഇ

ഭിക്ഷാടനവും കുറ്റകൃത്യങ്ങളും ആശങ്ക വര്‍ധിപ്പിച്ചു; പാകിസ്ഥാനികള്‍ക്കുള്ള വിസ നല്‍കല്‍ നിര്‍ത്തി യുഎഇ


ദുബായ്/ഇസ്ലാമാബാദ്: ഭിക്ഷാടനം ഉള്‍പ്പെടെ കുറ്റകൃത്യങ്ങളില്‍ പാകിസ്ഥാനി പൗരന്മാര്‍ ഏര്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നു യുഎഇ പാകിസ്ഥാനികള്‍ക്കുള്ള വിസ നല്‍കല്‍ താല്‍ക്കാലികമായി നിര്‍ത്തിയതായി റിപ്പോര്‍ട്ട്. 
നിലവില്‍ നീല പാസ്‌പോര്‍ട്ടും (ഒഫീഷ്യല്‍) ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടും കൈവശമുള്ളവര്‍ക്കു മാത്രമാണ് വിസ അനുവദിക്കുന്നത്. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി സല്‍മാന്‍ ചൗധരി സെനറ്റ് മനുഷ്യാവകാശ സമിതിയില്‍ ഇക്കാര്യം വെളിപ്പെടുത്തി. ഒരിക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയാല്‍ അത് നീക്കം ചെയ്യുക ഏറെ ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാനില്‍ നിന്നുള്ള സന്ദര്‍ശക വിസയുമായി യുഎഇയിലെത്തുന്ന ചിലര്‍ ജോലി വിസയില്ലാതെ ഭിക്ഷാടനം പോലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറുന്നതില്‍ യുഎഇ ഭരണകൂടം കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നതായി വിദേശ തൊഴില്‍ പ്രമോട്ടര്‍ ഐസം ബെയ്ഗ് പറഞ്ഞു. വിസ അപേക്ഷിക്കുമ്പോള്‍ പൊലീസ് നല്‍കുന്ന ' സത്‌സ്വഭാവ സര്‍ട്ടിഫിക്കറ്റ്' നിര്‍ബന്ധമാക്കിയതും കടുത്ത പരിശോധനകളിലേക്കുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. 
ഏറെ ശ്രമങ്ങള്‍ക്കൊടുവിലാണ് കുറച്ച് പാക് പൗരന്മാര്‍ക്ക് മാത്രമേ അടുത്തിടെ വിസ ലഭിച്ചിട്ടുള്ളൂവെന്ന് സെനറ്റ് മനുഷ്യാവകാശ സമിതി അധ്യക്ഷയായി പ്രവര്‍ത്തിക്കുന്ന സെനറ്റര്‍ സമീന മുംതാസ് സെഹ്രിയുടെ പ്രസ്താവന വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളിലേക്കും പ്രത്യേകിച്ച് ദുബായ്, അബൂദാബി നഗരങ്ങളിലേക്കുമാണ് പ്രതിവര്‍ഷം എട്ട് ലക്ഷത്തിലധികം പാകിസ്ഥാനികള്‍ വിസയ്ക്കായി അപേക്ഷിക്കുന്നത്. എന്നാല്‍ 2024 ഡിസംബറില്‍ യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പാകിസ്ഥാനിലെ കുറഞ്ഞത് 30 നഗരങ്ങളില്‍ നിന്നുള്ളവര്‍ക്കു അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 
ഭിക്ഷാടനം, കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, മനുഷ്യക്കടത്ത് തുടങ്ങിയ കേസുകളില്‍ പാകിസ്ഥാന്‍ പൗരന്മാര്‍ പിടിയിലായ സംഭവങ്ങള്‍ വര്‍ധിച്ചതായിരുന്നു കാരണം. സൗദിയിലും ദുബായിലും വിസ നിയന്ത്രണങ്ങള്‍ ശക്തമായതായി പോഡ്കാസ്റ്റര്‍ നാദിര്‍ അലിയും വെളിപ്പെടുത്തി. IIFA അവാര്‍ഡുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുമ്പോള്‍ താനും ബുദ്ധിമുട്ടുകള്‍ നേരിട്ടതായി അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ മിഡില്‍ ഈസ്റ്റിലെ പ്രധാന വ്യാപാര പങ്കാളികളിലൊന്നാണ് യുഎഇ; വലിയൊരു പാകിസ്ഥാനി പ്രവാസി സമൂഹവും അവിടെ താമസിച്ചു ജോലി ചെയ്യുന്നുണ്ട്.