അബുദാബി: യുകെയിലെ സര്‍വകലാശാലകളില്‍ പഠിക്കുന്നതിനു യുഎഇ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സഹായം നിര്‍ത്തിവെക്കാനുള്ള നിര്‍ണായക തീരുമാനമെടുത്ത് യുഎഇ സര്‍ക്കാര്‍. ക്യാമ്പസുകളിലെ 'റാഡിക്കലൈസേഷന്‍' ഭീഷണിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മുസ്ലിം ബ്രദര്‍ഹുഡ് സംഘടനയെ ബ്രിട്ടന്‍ ഭീകരസംഘടനയായി പ്രഖ്യാപിക്കാത്തതില്‍ യുഎഇ ഭരണകൂടം നേരത്തേ തന്നെ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍, ബ്രിട്ടീഷ് സര്‍വകലാശാലകളെ യുഎഇയുടെ സര്‍ക്കാര്‍ അംഗീകൃത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ നിന്നു നീക്കം ചെയ്തതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ, യുഎഇ പൗരന്മാര്‍ യുകെയില്‍ പഠിക്കാന്‍ അപേക്ഷിച്ചാല്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കില്ല. മാത്രമല്ല, സര്‍ക്കാര്‍ അംഗീകാരം ഇല്ലാത്തതിനാല്‍ യുകെ സര്‍വകലാശാലകളില്‍ നിന്നുള്ള ഡിഗ്രികള്‍ യുഎഇയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെടാതിരിക്കാനും സാധ്യതയുണ്ട്. ഇത് ഭാവിയില്‍ തൊഴില്‍ സാധ്യതകളിലും വിദ്യാഭ്യാസ മൂല്യത്തിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
യുകെയിലെ ക്യാമ്പസുകളില്‍ തീവ്രവാദ സ്വാധീനം വര്‍ധിക്കുന്നുവെന്ന ആശങ്കയാണ് യുഎഇ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. 2023-24 അക്കാദമിക് വര്‍ഷത്തില്‍ മാത്രം 70 വിദ്യാര്‍ത്ഥികളെ ബ്രിട്ടന്റെ 'ഡീറാഡിക്കലൈസേഷന്‍' പദ്ധതിയിലേക്ക് റഫര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, മുസ്ലിം ബ്രദര്‍ഹുഡ് വിഷയത്തില്‍ ബ്രിട്ടന്‍ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ച് പലതവണ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്.
അതേസമയം, 'എല്ലാ തരത്തിലുള്ള തീവ്രവാദത്തിനും ഞങ്ങളുടെ സമൂഹത്തില്‍ സ്ഥാനം ഇല്ലെന്നും ലോകോത്തരമായ വിദ്യാഭ്യാസ സംവിധാനവും ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥി സുരക്ഷയും ഞങ്ങള്‍ ഉറപ്പാക്കുന്നുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. മുസ്ലിം ബ്രദര്‍ഹുഡ് വിഷയത്തില്‍ സര്‍ക്കാര്‍ 'സൂക്ഷ്മ പരിശോധന' നടത്തുകയാണെന്നും സ്റ്റാര്‍മര്‍ ഭരണകൂടം നേരത്തേ അറിയിച്ചിരുന്നു.
'ഞങ്ങളുടെ കുട്ടികള്‍ ക്യാമ്പസുകളില്‍ തീവ്രവാദത്തിലേക്ക് വഴുതിപ്പോകുന്നത് യുഎഇ അനുവദിക്കില്ല' എന്ന് തീരുമാനവുമായി നേരിട്ട് ബന്ധപ്പെട്ട ഒരു വ്യക്തി പറഞ്ഞതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുകെ-യുഎഇ ബന്ധങ്ങളില്‍ പുതിയ നയതന്ത്ര സംഘര്‍ഷത്തിന് ഈ നീക്കം വഴിതെളിയിക്കുമോയെന്ന ചോദ്യവും ഇതോടെ ഉയര്‍ന്നിരിക്കുകയാണ്.
യുകെ സര്‍വകലാശാലകള്‍ക്ക് യുഎഇ വിലക്ക്; വിദ്യാര്‍ത്ഥികള്‍ തീവ്രവാദികളാക്കപ്പെടുമെന്ന ഭീതിയില്‍ സ്‌കോളര്‍ഷിപ്പ് നിര്‍ത്തിവെച്ചു
