ദുബായ്: ഇറാനുമായുള്ള യുദ്ധത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങളെ വലിച്ചിഴച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി യു എ ഇയിലെ പ്രമുഖ വ്യവസായി ഖലഫ് അല്‍ ഹബ്തൂര്‍ രംഗത്തെത്തി. തങ്ങള്‍ തെരഞ്ഞെടുത്തിട്ടില്ലാത്ത യുദ്ധത്തിന്റെ വിലയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അല്‍ ഹബ്തൂര്‍ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനായ ഖലഫ് അല്‍ ഹബ്തൂര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പിലാണ് ട്രംപിനെ വിമര്‍ശിച്ചത്. ഇറാനുമായുള്ള യുദ്ധത്തിലേക്ക് നമ്മുടെ മേഖലയെ വലിച്ചിഴക്കാന്‍ അമേരിക്കയ്ക്ക് ആരാണ് അധികാരം നല്‍കിയിരിക്കുന്നത്? എന്ന് അദ്ദേഹം ചോദിച്ചു.
സൈനിക നടപടി ആരംഭിക്കുന്നതിന് മുമ്പ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ അമേരിക്ക പരിഗണിച്ചിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ഈ തീരുമാനം അമേരിക്ക സ്വതന്ത്രമായി എടുത്തതാണോ, അല്ലെങ്കില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും സമ്മര്‍ദ്ദം മൂലമാണോ എന്ന ചോദ്യവും അല്‍ ഹബ്തൂര്‍ ഉയര്‍ത്തി.
ഈ പ്രദേശത്തെ ജനങ്ങള്‍ക്കും ചോദിക്കാന്‍ അവകാശമുണ്ട്. ഇത് നിങ്ങളുടെ സ്വന്തം തീരുമാനമായിരുന്നോ, അല്ലെങ്കില്‍ നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും സമ്മര്‍ദ്ദഫലമാണോ? എന്നാണ് അദ്ദേഹം കുറിച്ചത്.
ഇറാന്‍, അമേരിക്ക, ഇസ്രയേല്‍ എന്നിവര്‍ക്കിടയിലെ യുദ്ധം ഗള്‍ഫ് മേഖലയില്‍ വ്യാപിക്കുമ്പോള്‍ തങ്ങള്‍ തിരഞ്ഞെടുക്കാത്ത അപകടകരമായ സാഹചര്യത്തിന്റെ കേന്ദ്രത്തിലേക്കാണ് പ്രദേശത്തെ രാജ്യങ്ങള്‍ തള്ളപ്പെടുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
'ദൈവത്തിന് നന്ദി, നാം ശക്തരാണ്. പക്ഷേ ഒരു ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നു നമ്മുടെ പ്രദേശത്തെ യുദ്ധഭൂമിയാക്കി മാറ്റാന്‍ നിങ്ങളെ ആരാണ് അനുവദിച്ചത്?' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ബോര്‍ഡ് ഓഫ് പീസ് പദ്ധതിയെയും അല്‍ ഹബ്തൂര്‍ വിമര്‍ശിച്ചു. യുദ്ധാനന്തര പുനര്‍നിര്‍മാണത്തിനും ദീര്‍ഘകാല സമാധാന ശ്രമങ്ങള്‍ക്കുമായി രൂപീകരിച്ച ഈ അന്താരാഷ്ട്ര സമിതിയില്‍ ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, യു എ ഇ എന്നിവ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ അംഗങ്ങളും ധനസഹായം നല്‍കിയവരുമാണ്.
ഗാസയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനായിരുന്നു ആദ്യം ഈ പദ്ധതിയുടെ ലക്ഷ്യം. പിന്നീട് ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലേക്കും അത് വ്യാപിപ്പിക്കുകയായിരുന്നു.
'സമാധാനത്തിന്റെയും സ്ഥിരതയുടെയും പേരില്‍ പ്രഖ്യാപിച്ച ബോര്‍ഡ് ഓഫ് പീസ് പദ്ധതിയുടെ മഷി പോലും ഉണങ്ങുന്നതിന് മുമ്പ് തന്നെ മുഴുവന്‍ പ്രദേശത്തെയും ഭീഷണിപ്പെടുത്തുന്ന സൈനിക സംഘര്‍ഷം ഇപ്പോള്‍ നേരിടുകയാണ് എന്നാണ് അല്‍ ഹബ്തൂര്‍ കുറിച്ചത്.
സമാധാന ശ്രമങ്ങള്‍ എവിടെ പോയെന്നു ചോദിച്ച അദ്ദേഹം സമാധാനത്തിന്റെ പേരില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന ചോദ്യവും ഉയര്‍ത്തി.
ഇതിനിടെ, തെഹ്‌റാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങള്‍ക്ക് ഇറാന്‍ തിരിച്ചടികള്‍ നടത്തുന്നതിനിടെ ഗള്‍ഫ് മേഖലയില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ആക്രമണങ്ങള്‍ വ്യാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഖത്തറിനെതിരെ നിരവധി മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ഇവയില്‍ ഭൂരിഭാഗവും തടഞ്ഞുവെങ്കിലും അവശിഷ്ടങ്ങള്‍ വീണ് ചില സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റാസ് ലഫ്ഫാന്‍, മെസെയീദ് തുടങ്ങിയ പ്രധാന ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കടുത്തുള്ള പ്രവര്‍ത്തനങ്ങളും ബാധിച്ചു.
സംഘര്‍ഷത്തെ തുടര്‍ന്ന് ഖത്തറിന്റെ ഊര്‍ജ്ജ കമ്പനിയായ ഖത്തര്‍ എനര്‍ജി ദ്രവീകൃത പ്രകൃതി വാതകം ഉള്‍പ്പെടെയുള്ള ഉത്പാദനം താത്ക്കാലികമായി നിര്‍ത്തിവച്ചതായി അറിയിച്ചു. ഇതോടെ ഖത്തര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത നാല് കമ്പനികളും അവരുടെ ഉത്പാദനവും സേവനങ്ങളും താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ടും ആക്രമണശ്രമങ്ങള്‍ ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ അവയെല്ലാം പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യു എ ഇയില്‍ തടഞ്ഞ മിസൈലുകളും ഡ്രോണുകളും പതിച്ച അവശിഷ്ടങ്ങള്‍ ദുബായിലെ ചില കെട്ടിടങ്ങള്‍ക്കും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള പ്രദേശങ്ങള്‍ക്കും, അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്തുള്ള പ്രദേശങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടാക്കി.
കുവൈത്തില്‍ തലസ്ഥാന നഗരത്തിലെ ഒരു വസതിപ്രദേശത്ത് മിസൈല്‍ അവശിഷ്ടം വീണ് 11 വയസ്സുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു. ഇറാനിയന്‍ ഡ്രോണുകള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെയും ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം തങ്ങളുടെ ആക്രമണങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടതല്ലെന്നും പ്രദേശത്തെ അമേരിക്കന്‍ സൈനിക താത്പര്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി ഖത്തര്‍ അധികൃതരോട് പറഞ്ഞത്, ആക്രമണങ്ങള്‍ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടതാണെന്നും ഖത്തറിനെ ലക്ഷ്യമിട്ടതല്ലെന്നും ആണ്. എന്നാല്‍ ഈ വിശദീകരണം ഖത്തര്‍ തള്ളിക്കളഞ്ഞു.
