മനാമ: ഹോർമുസ് കടലിടുക്കിൽ വീണ്ടും ഇന്ത്യൻ നാവികർ ഉൾപ്പെട്ട കപ്പലിന് നേരെ ഇറാൻ ആക്രമണം. സംഭവത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ വെച്ച് പനാമ പതാകയുള്ള 'എം.ടി താര ഗ്യാസ്'എന്ന എൽ.പി.ജി ടാങ്കർ കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിലാണ് ഇന്ത്യൻ നാവികനെ കാണാതായത്. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്
തിങ്കളാഴ്ച ആയിരുന്നു ആക്രമണമുണ്ടായത്. ആക്രമണ വിവരം കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനാവാൾ എക്സിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാനിലെ ഖസബ് തീരത്തിന് വടക്ക് ഏഴ് നോട്ടിക്കൽ മൈൽ അകലെ ഹോർമുസ് കടലിടുക്കിൽ വെച്ചാണ് ആക്രമണമുണ്ടായത്. ആകെ 25പേരാണ് കപ്പലിലുണ്ടായിരുന്നത്. രക്ഷപ്പെടുത്തിയ 21 ഇന്ത്യൻ നാവികരെ ഒമാനിലെ ഖസബിൽ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ നാവികരുള്ള കപ്പലിന് നേരെ ഇറാൻ ആക്രമണം.അധികൃതർ എണ്ണ ടാങ്കർ കമ്പനിയും രക്ഷാപ്രവർത്തകരുമായും ചേർന്ന് കാണാതായ നാവികനായി തെരച്ചിൽ നടത്തുകയാണെന്നും മന്ത്രി അറിയിച്ചു. രക്ഷപ്പെട്ടവർക്ക് പരിക്കുകളൊന്നുമില്ലെന്നാണ് വിവരം.
സംഭവത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ചരക്കുകപ്പലുകൾക്കും സിവിലിയൻ നാവികർക്കും നേരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾക്ക് ഒമാൻ സർക്കാർ നൽകിയ അടിയന്തര സഹായത്തിന് ഇന്ത്യ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഹോർമുസിൽ ഇന്ത്യൻ നാവികർ ഉൾപ്പെട്ട കപ്പലിന് നേരെ ആക്രമണം; ഒരാളെ കാണാതായി
