ലണ്ടന്‍: പ്രായം 49ല്‍ എത്തിയപ്പോഴാണ് ഇരട്ടകളായ മിഷേല്‍ ഓസ്‌ബോണും ലവീനിയ ഓസ്‌ബോണും ഒരു സത്യം മനസ്സിലാക്കിയത്- തങ്ങളുടെ അമ്മ ഒരാളാണെങ്കിലും അച്ഛന്‍മാര്‍ രണ്ടുപേരാണെന്ന്! ഒരേ അമ്മയില്‍ നിന്ന് ഒരേ ദിവസം ജനിച്ച ഇരട്ടകള്‍ക്ക് വ്യത്യസ്ത പിതാക്കളാണെന്ന് ഡി എന്‍ എ പരിശോധനയില്‍ കണ്ടെത്തിയതോടെ സംഭവം ബ്രിട്ടനില്‍ ശ്രദ്ധേയമായി.
ഇരുവരുടേയും ജനനത്തിന് മിനുട്ടുകളുടെ മാത്രം വ്യത്യാസമാണുള്ളത്. എന്നാല്‍, ഡി എന്‍ എ പരിശോധനയിലാണ് ഇരുവരും ഒരേ പിതാവിന്റെ മക്കള്‍ അല്ലെന്ന് വെളിപ്പെട്ടത്. അതോടെ ഇവര്‍ 'ഇരട്ട സഹോദരിമാരെങ്കിലും' 'പാതി സഹോദരിമാര്‍' കൂടിയായി.
ഈ സംഭവത്തിന് പിന്നിലെ കാരണം 'ഹെറ്ററോപാറ്റേണല്‍ സൂപ്പര്‍ഫെക്കണ്ടേഷന്‍' എന്ന അത്യപൂര്‍വ ജൈവ പ്രതിഭാസമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഒരേ മാസചക്രത്തില്‍ സ്ത്രീയുടെ ശരീരത്തില്‍ ഒന്നിലധികം അണ്ഡങ്ങള്‍ പുറത്തുവന്നപ്പോള്‍ വ്യത്യസ്ത പുരുഷന്മാരുടെ ബീജം വഴി ഗര്‍ഭധാരണം ചെയ്യുന്നതിനെയാണ് ഇത്തരമൊരു പേരിട്ട് വിളിക്കുന്നത്.
ഏകദേശം അഞ്ച് ദിവസത്തിനുള്ളില്‍ രണ്ട് പങ്കാളികളുമായി ലൈംഗിക ബന്ധം നടക്കുമ്പോഴാണ് ഇത്തരം അത്യപൂര്‍വ സംഭവം ഉണ്ടാകുന്നത്. ബീജം സ്ത്രീയുടെ ശരീരത്തില്‍ അഞ്ച് ദിവസം വരെ ജീവിക്കുമ്പോള്‍ അണ്ഡങ്ങള്‍ 12 മുതല്‍ 24 മണിക്കൂര്‍ വരെ മാത്രമേ സജീവമായി തുടരുകയുള്ളു. ഈ സമയം കൃത്യമായി ഒത്തുചേരുന്നതാണ് സംഭവത്തിന്റെ അപൂര്‍വതയ്ക്ക് കാരണം.
ലോകത്ത് ഇതുവരെ 20-ല്‍ താഴെ കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. യു കെയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ കേസാണ് ഒസ്‌ബോര്‍നെ സഹോദരിമാരുടേതെന്നാണ് കണക്കാക്കുന്നത്.
2022-ലാണ് ഡിഎന്‍എ പരിശോധനയിലൂടെ ഇവര്‍ക്ക് അവരുടെ ജനന രഹസ്യം മനസ്സിലായത്. ബിബിസി റേഡിയോ 4ന്റെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് തങ്ങള്‍ അത്ഭുതങ്ങളാണ് ഇവര്‍ പ്രതികരിച്ചത്.
സാധാരണയായി ഇത്തരം സംഭവങ്ങള്‍ കണ്ടെത്തുന്നത് വളരെ അപൂര്‍വമാണ്. ഇരട്ടകളുടെ രൂപത്തില്‍ വ്യക്തമായ വ്യത്യാസങ്ങള്‍ കാണുമ്പോഴോ പിതൃത്വവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉയരുമ്പോഴോ മാത്രമാണ് ഡി എന്‍ എ പരിശോധനയിലൂടെ ഇത്തരം സത്യങ്ങള്‍ പുറത്തുവരുന്നത്.
വിദഗ്ധരുടെ കണക്കുപ്രകാരം, ഇത്തരം പ്രതിഭാസം ചില രാജ്യങ്ങളില്‍ ഏകദേശം 400 ഇരട്ട ജനനങ്ങളില്‍ ഒന്നില്‍ ഉണ്ടാകാമെങ്കിലും ഭൂരിഭാഗവും കണ്ടെത്താതെ പോകുകയാണ് പതിവ്.
