അസംസ്‌കൃത എണ്ണയുമായി പോയ തുര്‍ക്കി കമ്പനിയുടെ കപ്പലിനു നേരെ കരിങ്കടലില്‍ ആക്രമണം

അസംസ്‌കൃത എണ്ണയുമായി പോയ തുര്‍ക്കി കമ്പനിയുടെ കപ്പലിനു നേരെ കരിങ്കടലില്‍ ആക്രമണം


അങ്കാറ: റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്ന തുര്‍ക്കി കമ്പനി നിയന്ത്രിക്കുന്ന എണ്ണക്കപ്പലിന് നേരേ കരിങ്കടലില്‍ ആക്രമണം. സിയറ ലിയോണ്‍ പതാകയുള്ള കപ്പലാണ് ആക്രമണത്തിനിരയായത്. കപ്പലിന്റെ എന്‍ജിന്‍ റൂമില്‍ വ്യാഴാഴ്ച പുലര്‍ച്ചെ സ്‌ഫോടനമുണ്ടാവുകയായിരുന്നുവെന്ന് തുര്‍ക്കി ഗതാഗതമന്ത്രി അബ്ദുല്‍ കാദിര്‍ ഉറലോലൂ അറിയിച്ചു.

കപ്പലിനെ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍ജിന്‍ റൂമിന് നേരേ ആക്രമണം നടന്നതെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഡ്രോണിന് പകരം ജലനിരപ്പിലൂടെ സഞ്ചരിക്കുന്ന ആളില്ലാ ഉപരിതല വാഹനം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് സംശയിക്കുന്നു.

ബോസ്ഫറസ് കടലിടുക്കില്‍ നിന്ന് 30 കിലോമീറ്ററില്‍ താഴെ മാത്രം ദൂരത്താണ് സംഭവം നടന്നത്. സംഭവസ്ഥലത്തേക്ക് അടിയന്തര സഹായത്തിന് പ്രത്യേക യൂണിറ്റുകളെ അയച്ചിട്ടുണ്ട്. റഷ്യ- യുക്രൈയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം കരിങ്കടല്‍ യുദ്ധമേഖലയായി മാറുന്നതില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ നേരത്തേ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കരിങ്കടല്‍ രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ കേന്ദ്രമാകരുതെന്ന തുര്‍ക്കി മുന്നറിയിപ്പിനിടയിലാണ് ഈ പുതിയ ആക്രമണം.