കംപാല: പ്രസിഡന്റ് യോവേരി മുസേവേനിയുടെ മകനും ഉഗാണ്ടയുടെ പ്രതിരോധ സേനാ മേധാവിയുമായ മുഹൂസി കൈനെരുഗാബ തുര്‍ക്കിയില്‍ നിന്ന് 1 ബില്യണ്‍ ഡോളറും രാജ്യത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ ഭാര്യയായി ആവശ്യപ്പെടുകയും ചെയ്തു. പ്രാദേശിക സുരക്ഷാ ശ്രമങ്ങള്‍ക്ക് ഉഗാണ്ട നല്‍കിയ സംഭാവന അംഗീകരിക്കപ്പെട്ടില്ലെന്നും അര്‍ഹമായ സാമ്പത്തിക നഷ്ടപരിഹാരം നല്‍കണമെന്നും അവകാശപ്പെട്ടാണ് അദ്ദേഹത്തിന്റെ ആവശ്യം ഉയര്‍ത്തിയത്.
തന്റെ ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ തുര്‍ക്കിയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുമെന്നും കംപാലയിലെ എംബസി 30 ദിവസത്തിനുള്ളില്‍ അടച്ചുപൂട്ടുമെന്നും കൈനെരുഗാബ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുര്‍ക്കിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ വിവാഹം കഴിക്കാന്‍ കൈമാറണമെന്ന ആവശ്യം വിവാദങ്ങള്‍ക്ക് തിരികൊളുത്തി.
എക്സിലെ പരമ്പര പോസ്റ്റുകളില്‍, തലസ്ഥാനമായ മൊഗാദിഷുവിലെ തുറമുഖങ്ങളും വിമാനത്താവളങ്ങളും ഉള്‍പ്പെടെ സൊമാലിയയിലെ ബിസിനസ്, അടിസ്ഥാന സൗകര്യ സംരംഭങ്ങളില്‍ നിന്ന് തുര്‍ക്കി ലാഭം നേടുന്നുവെന്ന് മുഹൂസി കൈനെരുഗാബ ആരോപിച്ചു. തുര്‍ക്കി സാമ്പത്തികമായി നേട്ടമുണ്ടാക്കുന്നുണ്ടെങ്കിലും വര്‍ഷങ്ങളായി സുരക്ഷാ ഉത്തരവാദിത്തങ്ങളുടെ ഭാരം ഉഗാണ്ടയാണ് വഹിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.
ആഫ്രിക്കന്‍ യൂണിയന്‍ ദൗത്യങ്ങളുടെ ഭാഗമായി ഉഗാണ്ട ഏകദേശം 20 വര്‍ഷമായി സൊമാലിയയില്‍ സൈനിക സാന്നിധ്യം നിലനിര്‍ത്തിയിട്ടുണ്ട്. അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പായ അല്‍-ഷബാബിനെ ലക്ഷ്യം വച്ചാണ് ഇത്.
'സുരക്ഷാ ലാഭവിഹിതം' എന്ന നിലയിലാണ് ഉഗാണ്ട തുര്‍ക്കിയില്‍ നിന്ന് 1 ബില്യണ്‍ ഡോളര്‍ അര്‍ഹിക്കുന്നത്. തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ ലളിതമായ ഒരു ഇടപാടാണെന്നും ഒന്നുകില്‍ അവര്‍ തങ്ങള്‍ക്ക് പണം നല്‍കുമെന്നും അല്ലെങ്കില്‍ അവരുടെ ഉഗാണ്ടയിലെ എംബസി അടച്ചുപൂട്ടുമെന്നും പറഞ്ഞു. അവര്‍ക്ക് തുര്‍ക്കിയിലെ തങ്ങളുടെ എംബസിയും തിരിച്ചടിച്ച് അടച്ചുപൂട്ടാമെന്നും ഒരു പ്രശ്‌നവുമില്ലെന്നും എക്സിലെ പോസ്റ്റുകളില്‍ പറയുന്നു.
ഉഗാണ്ടയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം ഗൗരവമുള്ളതാണെന്നും അത് സോഷ്യല്‍ മീഡിയ നാടകീയതയിലേക്ക് ചുരുക്കരുതെന്നും കൈനെരുഗാബ ഊന്നിപ്പറഞ്ഞു.
തുര്‍ക്കി ഉഗാണ്ടയോട് അന്യായമായി പെരുമാറുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പിന്നില്‍ നിന്ന് കുത്തിക്കൊണ്ടിരിക്കുന്ന ഒരു സുഹൃത്തിനെ ആര്‍ക്കാണ് വേണ്ടതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം ഉഗാണ്ടന്‍ പൗരന്മാരോട് ആവശ്യപ്പെട്ടു.
