വാഷിങ്ടൺ: സൗദി അറേബ്യയുമായുള്ള സിവിലിയൻ ആണവ സഹകരണ കരാറിന് ഇസ്രയേലുമായുള്ള നയതന്ത്രബന്ധം നിബന്ധനയാക്കിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ ന്യായീകരിച്ചു. സൗദി ഭരണനേതൃത്വത്തിന്റെ മനോഭാവം ട്രംപിന് മറ്റാരേക്കാളും നന്നായി അറിയാമെന്നും അതിനാൽ അദ്ദേഹത്തിന്റെ തീരുമാനത്തിൽ വിശ്വാസം പുലർത്തണമെന്നുമാണ് മില്ലർ പറഞ്ഞത്.
മാധ്യമപ്രവർത്തരോട് സംസാരിക്കവെയാണ് മില്ലറിന്റെ പ്രതികരണം. അമേരിക്കയും സൗദിയും ആണവ സഹകരണ കരാറിൽ ഒപ്പുവച്ചതിന് തൊട്ടുപിന്നാലെ, സൗദി 'അബ്രഹാം അക്കോർഡ്‌സ്' കരാറിൽ ചേരുകയും ഇസ്രയേലുമായി ബന്ധം സാധാരണമാക്കുകയും ചെയ്താൽ മാത്രമേ ആണവകരാർ നടപ്പാക്കുകയുള്ളൂവെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മില്ലറിന്റെ വിശദീകരണം.
ട്രംപ് സൗദി നേതൃത്വത്തോട് ഇക്കാര്യം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗദിയുടെ ഭരണനേതൃത്വത്തെയും അവരുടെ ചർച്ചാരീതിയെയും രാജ്യത്തിന്റെ ഭാവി പദ്ധതികളെയും ട്രംപ് നന്നായി മനസ്സിലാക്കുന്ന വ്യക്തിയാണെന്നും മില്ലർ അവകാശപ്പെട്ടു.
'സൗദിയുടെ മനഃശാസ്ത്രവും അവിടുത്തെ നേതൃത്വത്തിന്റെ സമീപനവും ട്രംപിന് വ്യക്തമായി അറിയാം. അതിനാൽ എന്ത് ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാമെന്ന് വിശ്വസിക്കണം,' മില്ലർ പറഞ്ഞു.
വ്യാഴാഴ്ച വൈറ്റ് ഹൗസിൽ സംസാരിക്കവെ ട്രംപും തന്റെ നിലപാട് ആവർത്തിച്ചിരുന്നു. മധ്യപൗരസ്ത്യ മേഖലയിലെ സമാധാനത്തിനും ഭാവിക്കും സൗദി 'അബ്രഹാം അക്കോർഡ്‌സിൽ' ചേരുന്നത് അതീവ പ്രധാനമാണെന്നും അതിന് ശേഷമേ ആണവകരാർ പ്രാബല്യത്തിൽ വരികയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയും ഇതേ നിലപാട് ട്രംപ് പങ്കുവെച്ചിരുന്നു.
എന്നാൽ, പശ്ചിമ കര, കിഴക്കൻ ജറുസലേം, ഗാസ എന്നിവ ഉൾപ്പെടുന്ന സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിലേക്കുള്ള വിശ്വസനീയമായ വഴി തുറക്കാതെ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന നിലപാട് സൗദി അറേബ്യ നേരത്തേ തന്നെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ട്രംപിന്റെ പുതിയ നിബന്ധന കരാറിന്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.
ഇതിനിടെ, അമേരിക്കൻ ആണവ സാങ്കേതികവിദ്യ സൗദിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും ചർച്ചകൾ ശക്തമായിട്ടുണ്ട്. ആണവായുധ വ്യാപനം തടയാനുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയെങ്കിലും, ദീർഘകാലമായി അമേരിക്ക പിന്തുടരുന്ന ആണവായുധ വ്യാപന വിരുദ്ധ നയത്തിൽ ഇളവ് സംഭവിക്കുമോയെന്ന ആശങ്ക വിദഗ്ധർ ഉയർത്തുന്നുണ്ട്.
കരാർ പ്രാബല്യത്തിൽ വരാൻ ഇനി അമേരിക്കൻ കോൺഗ്രസിന്റെ അംഗീകാരവും ആവശ്യമാണ്. അതിനാൽ പുതിയ നിബന്ധനകളും രാഷ്ട്രീയ വിവാദങ്ങളും പരിഗണിക്കുമ്പോൾ കരാറിന്റെ ഭാവി കോൺഗ്രസിലെ ചർച്ചകളെയും സൗദിയുടെ തുടർനിലപാടിനെയും ആശ്രയിച്ചായിരിക്കും തീരുമാനിക്കപ്പെടുക.
സൗദി-അമേരിക്ക ആണവകരാറിന് പുതിയ നിബന്ധന; 'ട്രംപിനെ വിശ്വസിക്കൂ, സൗദിയുടെ മനോഭാവം അദ്ദേഹത്തിന് അറിയാം' എന്ന് സ്റ്റീഫൻ മില്ലർ
