വാഷിംഗ്ടണ്‍: റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും സമാധാന കരാറിന് തയ്യാറാണെന്ന ആത്മവിശ്വാസം ട്രംപ് ഞായറാഴ്ച (ഡിസംബര്‍ 29) പ്രകടിപ്പിച്ചു.
ഫ്‌ലോറിഡയിലെ മാര്‍എലാഗോയില്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ചയ്ക്ക് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. 'ഇരുപക്ഷങ്ങളും ഒരു കരാര്‍ വേണമെന്ന് ആഗ്രഹിക്കുന്നു. ഇത് ഇനി നീണ്ടുപോകേണ്ടതില്ല,' എന്ന് അദ്ദേഹം പറഞ്ഞു. പുട്ടിനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം 'വളരെ ഫലപ്രദം' ആയിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
സെലെന്‍സ്‌കിയെ മാര്‍എലാഗോയില്‍ ട്രംപ് നേരിട്ട് സ്വീകരിച്ചു. കൈകുലുക്കിയ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരുവരും കുറച്ച് നിമിഷങ്ങള്‍ സംസാരിച്ചു. പുട്ടിനുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ സെലെന്‍സ്‌കിയെ ബോധിപ്പിക്കുമെന്നും ട്രംപ് അറിയിച്ചു.
യുദ്ധാനന്തര ഘട്ടത്തില്‍ യുക്രെയ്‌നിന് ശക്തമായ സുരക്ഷാ ഉറപ്പുകള്‍ നല്‍കുമെന്ന് ട്രംപ് വ്യക്തമാക്കി. യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ സുരക്ഷാ ഉടമ്പടിയില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'യൂറോപ്യന്‍ രാജ്യങ്ങള്‍ മികച്ച സഹകരണമാണ് നല്‍കുന്നത്,' എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ട്രംപുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് മുന്‍പ് മാധ്യമങ്ങളോട് സംസാരിച്ച സെലെന്‍സ്‌കി, നിര്‍ദേശിച്ച 20പോയിന്റ് സമാധാന പദ്ധതിയുടെ 90 ശതമാനവും അമേരിക്ക-യുെ്രെകന്‍ സംഘങ്ങള്‍ പൂര്‍ത്തിയാക്കിയതായി പറഞ്ഞു. ശേഷിക്കുന്ന വിഷയങ്ങളില്‍ പ്രധാനമായും ഭൂഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്യാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യ-യുെ്രെകന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് മുന്നോട്ടുവച്ച കരട് പദ്ധതി അടിസ്ഥാനമാക്കി ജിനീവയില്‍ ആരംഭിച്ച ചര്‍ച്ചകള്‍ പിന്നീട് ഫ്‌ലോറിഡയിലേക്കും ബെര്‍ലിനിലേക്കും വ്യാപിച്ചിരുന്നു. ഡിസംബര്‍ 16ന് ബെര്‍ലിനില്‍ നടന്ന രണ്ടുദിവസത്തെ ചര്‍ച്ചകള്‍ സമാധാന ശ്രമങ്ങള്‍ക്ക് പുതിയ ഊര്‍ജം നല്‍കിയതായാണ് വിലയിരുത്തല്‍.
യുദ്ധത്തിന് അന്തിമ വിരാമമാകുമോ എന്ന ചോദ്യത്തിന് ട്രംപ് വ്യക്തമായ സമയപരിധി പറയാന്‍ തയ്യാറായില്ല. 'നാം അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ട്രംപ്-സെലെന്‍സ്‌കി കൂടിക്കാഴ്ച-കരാര്‍ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തില്‍ ; യുദ്ധാന്ത്യത്തിന് പ്രതീക്ഷ ഉയര്‍ത്തി വാഷിംഗ്ടണ്‍
