വാഷിംഗ്്ടൺ : കഴിഞ്ഞയാഴ്ച ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു തന്നെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ തന്റെ ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് തനിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നു എന്ന റിപ്പോർട്ടുകൾ ട്രംപ് നിരസിച്ചു.
നെതന്യാഹു വ്യക്തിപരമായി മുന്നറിയിപ്പ് നൽകിയിരുന്നോ എന്ന് ചോദിച്ചപ്പോൾ, 'ഇല്ല, ഇല്ല, അവർ അങ്ങനെ ചെയ്തില്ല' എന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് നെതന്യാഹു ഉറപ്പ് നൽകിയോ എന്ന ചോദ്യത്തിന് 'അദ്ദേഹം ഇനി ഖത്തറിനെ ആക്രമിക്കില്ല' എന്നും ട്രംപ് പറഞ്ഞു.
നെതന്യാഹു വൈറ്റ് ഹൗസിന് മുൻകൂർ അറിയിപ്പ് നൽകിയിരുന്നുവെന്ന റിപ്പോർട്ടിന് വിരുദ്ധമാണ് ട്രംപിന്റെ പരാമർശങ്ങളെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മിസൈലുകൾ അയച്ച് ആകാശത്തെത്തിയപ്പോഴാണ് തങ്ങളെ അറിയിച്ചതെന്നും പ്രതികരിക്കാൻ സമയമില്ലായിരുന്നെന്നും യു.എസ് ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു.
എന്നാൽ, ഭാവിയിൽ വിദേശത്ത് ഹമാസ് നേതാക്കളെ ആക്രമിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ജറൂസലേമിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസിന് 'അവർ എവിടെയായിരുന്നാലും പ്രതിരോധശേഷി' ഇല്ലെന്നും ഇസ്രായേലിന് 'അതിർത്തികൾക്കപ്പുറത്തും സ്വയം പ്രതിരോധിക്കാൻ' അവകാശമുണ്ടെന്നും നെതന്യാഹു പറഞ്ഞു.
ഗാസയിലെ വംശഹത്യ തുടരുന്നതിനിടെ ഇസ്രായേൽ ലോകത്ത് സാമ്പത്തികമായി കൂടുതൽ ഒറ്റപ്പെടുകയാണെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. രാജ്യത്തിന് പിടിച്ചുനിൽക്കാൻ കൂടുതൽ സ്വയംപര്യാപ്തരാകണമെന്നാണ് നെതന്യാഹു പറയുന്നത്. ഖത്തർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള സഖ്യകക്ഷികളിൽനിന്നടക്കം രൂക്ഷ വിമർശനം നേരിടുന്നതിനിടെയാണ് നെതന്യാഹുവിന്റെ തുറന്നുപറച്ചിൽ.
'ഇസ്രായേൽ ഒരുതരം ഒറ്റപ്പെടലിലാണ്. വിദേശ വ്യാപാരത്തെ ആശ്രയിക്കാതെ സ്വയംപര്യാപ്തമായൊരു സമ്പദ് വ്യവസ്ഥ നമ്മുക്ക് വളർത്തിയെടുക്കണം. സ്വതന്ത്ര വ്യാപാരം എന്ന ആശയത്തിന്റെ പിന്തുണക്കാരനാണ് ഞാൻ. പക്ഷേ നമ്മുടെ ആയുധ വ്യവസായങ്ങൾക്ക് തിരിച്ചടിയേറ്റ സാഹചര്യത്തിൽ നമ്മൾ മറ്റു വഴികൾ കണ്ടെത്തണം. നമുക്ക് ഇവിടെ ആയുധ വ്യവസായങ്ങൾ വികസിപ്പിക്കണം ഗവേഷണത്തിനും വികസനത്തിനും മാത്രമല്ല, നമുക്ക് ആവശ്യമുള്ളത് ഉൽപാദിപ്പിക്കാനും കൂടി' നെതന്യാഹു പറഞ്ഞു. ഗസ്സ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിൽ ഇസ്രായേലുമായുള്ള വ്യാപാര, ആയുധ കരാറുകൾ വിവിധ രാജ്യങ്ങൾ റദ്ദാക്കിയത് ഇസ്രായേലിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്.
ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് ഡോണൾഡ് ട്രംപ്
