ട്രംപിന്റെ ഒപ്പിന്‌ യാതൊരു വിലയുമില്ല; അമേരിക്കയെ 'മറക്കാനാകാത്ത പാഠം' പഠിപ്പിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ്

ട്രംപിന്റെ ഒപ്പിന്‌ യാതൊരു വിലയുമില്ല; അമേരിക്കയെ 'മറക്കാനാകാത്ത പാഠം' പഠിപ്പിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ്


തെഹ്‌റാന്‍: അമേരിക്കയുടെ സൈനിക നടപടികള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒപ്പ് 'വിലയില്ലാത്തതും അസാധുവുമാണെന്ന്' തെളിയിച്ചുവെന്ന് ആരോപിച്ച് ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖംനേയി. അമേരിക്കയ്ക്ക് 'മറക്കാനാകാത്ത പാഠം' പഠിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ധാരണാപത്രത്തിലെ ബാധ്യതകള്‍ അമേരിക്ക ആവര്‍ത്തിച്ച് ലംഘിച്ചതായി ഖംനേയി ആരോപിച്ചു. ഇതോടെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഒപ്പിന് യാതൊരു വിശ്വാസ്യതയുമില്ലെന്ന് വീണ്ടും തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.

അമേരിക്ക യുദ്ധം ആളിക്കത്തിക്കാനും അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഏറ്റെടുക്കാനും ശ്രമിക്കുകയാണെന്നും എന്നാല്‍ പ്രിയപ്പെട്ട ഇറാനിയന്‍ ജനതയ്ക്കും പ്രതിരോധ മുന്നണിക്കുമുണ്ട് അമേരിക്കയെ പഠിപ്പിക്കാന്‍ മറക്കാനാകാത്ത പാഠങ്ങളെന്നും സര്‍ക്കാര്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്ത പ്രസ്താവനയില്‍ ഖംനേയി വ്യക്തമാക്കി.

ധാരണാപത്രം അമേരിക്ക ലംഘിച്ചതിലൂടെ 'അമേരിക്കന്‍ പ്രസിഡന്റിന്റെ ഒപ്പ് എത്രമാത്രം വിലയില്ലാത്തതാണെന്ന് എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ബോധ്യമായിരിക്കുകയാണ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, അമേരിക്കയുമായുള്ള വെടിനിര്‍ത്തല്‍ ധാരണാപത്രത്തിന് കീഴിലുള്ള എല്ലാ പ്രതിബദ്ധതകളും താത്ക്കാലികമായി നിര്‍ത്തിവച്ചതായി ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ സൈനിക ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി കസം ഗരീബാബാദി അറിയിച്ചതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.