പുടിനുമായുള്ള ട്രംപിന്റെ ഡീസല്‍ കരാര്‍ വിവാദത്തില്‍; റഷ്യന്‍ ഉപരോധ നിയമത്തിന് വിരുദ്ധമെന്ന് വിമര്‍ശനം

പുടിനുമായുള്ള ട്രംപിന്റെ ഡീസല്‍ കരാര്‍ വിവാദത്തില്‍; റഷ്യന്‍ ഉപരോധ നിയമത്തിന് വിരുദ്ധമെന്ന് വിമര്‍ശനം


വാഷിങ്ടണ്‍: റഷ്യയില്‍നിന്ന് ഡീസല്‍ വാങ്ങുന്നതിനും ആഗോള വിപണിയില്‍ വിതരണം ചെയ്യുന്നതിനുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച കരാര്‍ വിവാദത്തില്‍. റഷ്യയുടെ എണ്ണവില്‍പ്പന നിയന്ത്രിക്കാനും യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മോസ്‌കോയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്താനും അമേരിക്ക അടുത്തിടെ സ്വീകരിച്ച നടപടികള്‍ക്ക് വിരുദ്ധമാണ് പുതിയ നീക്കമെന്നാണ് വിമര്‍ശനം. ഡീസല്‍ വില കുറയ്ക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.

റഷ്യന്‍ എണ്ണയും വാതകവും വാങ്ങുന്ന പ്രധാന രാജ്യങ്ങള്‍ക്കുമേല്‍ 100 ശതമാനം വരെ അധിക തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന നിയമത്തില്‍ ട്രംപ് ഒപ്പുവെച്ചത് മൂന്നാഴ്ച മുമ്പാണ്. ലിന്‍ഡ്‌സെ ഒ. ഗ്രഹാം സാംക്ഷനിങ് റഷ്യ ആന്‍ഡ് ഇറാന്‍ ആക്ട് 2026 എന്ന നിയമം റഷ്യയ്ക്കും ഇറാനും എതിരായ ഉപരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു.

പുതിയ ഡീസല്‍ കരാര്‍ ഈ നിയമത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വിവിധ രാഷ്ട്രീയ നേതാക്കളും നിരീക്ഷകരും വിമര്‍ശിച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് തീരുവ ചുമത്താന്‍ അധികാരം നല്‍കുന്ന നിയമം പാസാക്കിയ ശേഷം അമേരിക്ക തന്നെ റഷ്യന്‍ എണ്ണ ഉല്‍പന്നങ്ങളുടെ വിതരണം അനുവദിക്കുന്നത് വൈരുധ്യമാണെന്ന് കാറ്റോ ഇന്‍സ്റ്റിറ്റിയൂട്ട് വൈസ് പ്രസിഡന്റ് സ്‌കോട്ട് ലിങ്കിക്കോം എക്‌സില്‍ കുറിച്ചു.

കരാര്‍ കോണ്‍ഗ്രസിന്റെ ഉപരോധ നിയമത്തിന്റെ ഉദ്ദേശ്യത്തിന് നേരെ വിരുദ്ധമാണെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്തലും ആരോപിച്ചു. റിപ്പബ്ലിക്കന്‍ പ്രതിനിധി മൈക്കല്‍ മക്‌ഫോള്‍ഡും സമാനമായ ആശങ്ക പ്രകടിപ്പിച്ചു. ഡീസല്‍ വില കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നുണ്ടെങ്കിലും ഉപരോധം പിന്‍വലിക്കുന്നത് റഷ്യയുടെ യുദ്ധനീക്കങ്ങള്‍ക്ക് സാമ്പത്തിക സഹായമാകുമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തേ, യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാനശ്രമങ്ങളില്‍ റഷ്യ ഗൗരവം കാണിക്കുന്നില്ലെന്ന് ആരോപിച്ച് ട്രംപ് ഭരണകൂടം റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന നാറ്റോ രാജ്യങ്ങളെയും ട്രംപ് വിമര്‍ശിച്ചിരുന്നു.

വെള്ളിയാഴ്ച പുടിനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ഡീസല്‍ കരാര്‍ ട്രംപ് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ മൂന്ന് ലക്ഷത്തിലധികം ടണ്‍ ഡീസലും നവംബറില്‍ അഞ്ചുലക്ഷം ടണ്ണും തുടര്‍ന്ന് പത്തുലക്ഷം ടണ്ണും വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. റിഫൈനറികളുടെ സാഹചര്യമനുസരിച്ച് 30 ലക്ഷം ടണ്‍ കൂടി എത്തിക്കുമെന്നും ട്രംപ് അറിയിച്ചു.

അമേരിക്കന്‍ ട്രഷറി വകുപ്പിന്റെ കീഴിലുള്ള വിദേശ ആസ്തി നിയന്ത്രണ ഓഫീസ് റഷ്യന്‍ ഡീസല്‍ ആഗോള വിപണിയിലെത്തിക്കാന്‍ താല്‍ക്കാലിക പൊതുലൈസന്‍സ് അനുവദിച്ചു. ഏപ്രില്‍ ഏഴുവരെ, ഏകദേശം ആറുമാസത്തേക്കാണ് അനുമതി.

റഷ്യന്‍അമേരിക്കന്‍ ഊര്‍ജ സഹകരണം ലോകത്തിന് ഗുണകരമാകുമെന്ന് പുടിന്റെ സാമ്പത്തിക പ്രതിനിധി കിറില്‍ ദിമിത്രിയേവുമായി ബന്ധപ്പെട്ട എക്‌സ് അക്കൗണ്ട് പ്രതികരിച്ചു. എന്നാല്‍ ഉപരോധത്തില്‍ ഇളവ് നല്‍കുന്നത് റഷ്യയ്ക്ക് അനുകൂലമാകുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വിമര്‍ശിച്ചു. റഷ്യന്‍ എണ്ണശുദ്ധീകരണശാലകള്‍ക്ക് നേരെ യുക്രെയ്ന്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ നീക്കം.