വാഷിംഗ്ടൺ: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പോപ്പ് ലിയോ പതിനാലാമനും തമ്മിലുള്ള വാക് പോരാട്ടം അമേരിക്കൻ കത്തോലിക്കർക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നു. ട്രംപ് സ്വയം ക്രിസ്തുവിനെപ്പോലെ അവതരിപ്പിച്ച എ ഐ ചിത്രവും പോപ്പുമായുള്ള വാക്കുതർക്കവും ലോകത്ത് ചർച്ചയായിരുന്നു.
ട്രംപിൻ്റെ നടപടി ഏകദേശം 5.3 കോടി അമേരിക്കൻ റോമൻ കത്തോലിക്കരുടെ വിശ്വാസവും നിഷ്ഠയും പരീക്ഷിക്കുന്ന തരത്തിലായതോടെ പിറ്റ്സ്ബർഗ് മുതൽ ബോസ്റ്റൺ, മയാമി വരെ വ്യാപിച്ചിരിക്കുന്ന കത്തോലിക്ക സമൂഹങ്ങളിൽ ഈ വിഷയം ശക്തമായ ചർച്ചയായി.
വ്യത്യസ്ത തലങ്ങളിലുള്ള ക്രിസ്ത്യൻ വിശ്വാസികളാണ് ട്രംപിനെതിരെ പ്രതികരിക്കുന്നത്. 63 വയസ്സുള്ള വിശ്വാസിയായ കത്തോലിക്കയും, റിപ്പബ്ലിക്കൻ പാർട്ടിയിൽ രജിസ്റ്റർ ചെയ്ത ട്രംപ് അനുകൂലിയും, മൂന്നു തവണ ട്രംപിന് വോട്ട് ചെയ്ത വ്യക്തിയും ഉൾപ്പെടെ പ്രതികരണവുമായി രംഗത്തുണ്ട്. ഈസ്റ്റർ ഞായറാഴ്ച ഇറാനെ ഭീഷണിപ്പെടുത്തിയ ട്രംപിന്റെ അസഭ്യമായ ഭാഷയിലുള്ള പോസ്റ്റിനെതിരെയും ഇവർ പ്രതികരിച്ചു. ഇറാനിലെ യുദ്ധത്തെ പോപ്പ് ലിയോ വിമർശിച്ചതിനെ തുടർന്ന് ട്രംപ് നടത്തിയ വ്യക്തിപരമായ ആക്രമണങ്ങൾ അവരെ അസ്വസ്ഥരാക്കി. ലിയോയുടെ കുടിയേറ്റ നയത്തെക്കുറിച്ച് താൻ മുമ്പ് വിമർശനങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും അദ്ദേഹത്തിനെതിരായ വ്യക്തിപരമായ ആക്രമണം അംഗീകരിക്കാനാവില്ലെന്നാണ് പറയുന്നത്.
ട്രംപ് ക്രിസ്തുവിനെപ്പോലെ രോഗിയെ സുഖപ്പെടുത്തുന്ന രൂപത്തിലുള്ള ചിത്രം
പങ്കുവെച്ചത് പലരുടേയും പിന്തുണ അവസാനിപ്പിക്കാൻ കാരണമായിട്ടുണ്ട്.
പ്രസ്തത എ ഐ ചിത്രം അദ്ദേഹത്തിന്റെ സ്വയംവഞ്ചനയുടെ ഉദാഹരണമാണെന്നാണ് 63കാരിയായ കത്തോലിക്ക വിശ്വാസിനി പ്രതികരിച്ചത്. താൻ യേശുവല്ല, ഡോക്ടറായാണ് ചിത്രീകരിച്ചതെന്ന ട്രംപിന്റെ വിശദീകരണം അവർ തള്ളിക്കളഞ്ഞു.
ചില കത്തോലിക്കർക്ക് ഈ സംഭവവികാസങ്ങൾ ആശങ്കജനകമാണെങ്കിലും അതിശയിപ്പിക്കുന്നതായിരുന്നില്ല. ചിലർ ട്രംപിന്റെ നിലപാടുകളിലെ വൈരുദ്ധ്യങ്ങൾ അംഗീകരിച്ചുകൊണ്ട് തന്നെ, മറ്റു രാഷ്ട്രീയക്കാരേക്കാൾ അദ്ദേഹം മികച്ചവനാണെന്ന് കരുതുന്നു. ഗർഭച്ഛിദ്രാവകാശ വിധി റദ്ദാക്കാൻ സഹായിച്ച സുപ്രിം കോടതി ജഡ്ജിമാരെ നിയമിച്ചതും അവർ ചൂണ്ടിക്കാട്ടുന്നു.
ട്രംപിൻ്റെ നിലപാടുകളോട് പ്രതികരിച്ച പോപ്പ് ലിയോ പതിനാലാമൻ ട്രംപ് ഭരണകൂടത്തെയോ സുവിശേഷ സന്ദേശം തുറന്നുപറയുന്നതിനെയോ താൻ ഭയപ്പെടുന്നില്ല എന്നാണ് പറഞ്ഞത്. ലോകം ഇന്ന് കേൾക്കേണ്ട സന്ദേശമാണ് സുവിശേഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിനെതിരെ മുമ്പേ വിമർശനപരമായ നിലപാട് സ്വീകരിച്ചിരുന്ന കത്തോലിക്കർക്ക് ഈ സംഭവങ്ങൾ അവരുടെ എതിർപ്പ് കൂടുതൽ ശക്തമാക്കുന്നതിന് കാരണമായി. എന്നാൽ ക്രിസ്ത്യൻ അനുകൂലികളിൽ നിന്നുള്ള വിമർശനങ്ങൾ വർധിച്ചിട്ടും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ യേശുവിനൊപ്പം നിൽക്കുന്ന മറ്റൊരു ചിത്രം വീണ്ടും പങ്കുവെച്ചു. ഇത് ഇടതുപക്ഷ തീവ്രവാദികൾക്ക് ഇഷ്ടമാകില്ലെങ്കിലും തനിക്ക് വളരെ നല്ലതായി തോന്നുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.
ട്രംപും പോപ്പ് ലിയോയും തമ്മിലുള്ള സംഘർഷം ഉടൻ പരിഹരിക്കപ്പെടുമെന്നാണ്
മയാമി ആർച്ച്‌ബിഷപ്പ് തോമസ് വെൻസ്‌കി
പ്രതീക്ഷ പ്രകടിപ്പിച്ചത്. പോപ്പുമാരും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പുതുമയല്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരം സംഭവങ്ങൾക്ക് ദീർഘമായ ചരിത്രമുണ്ടെന്നും പോപ്പിന് ദൈവത്തെയല്ലാതെ മറ്റാരെയും സന്തോഷിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ല സംവാദത്തിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
