ടെഹ്‌റാൻ: ഇറാൻ വെടിനിർത്തൽ കരാർ തള്ളിയതോടെ മധ്യപൂർവേഷ്യയിൽ സംഘർഷം ഗുരുതരമാകുന്നു. ഇതോടെ ആണവ യുദ്ധസാദ്ധ്യതയെന്ന ആശങ്കയും ശക്തമായി. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ 'ഡൂംസ്‌ഡേ വിമാനം' എന്നറിയപ്പെടുന്ന ബോയിംങ് E-4B നൈറ്റ് വാച്ച് ആകാശത്ത് നിരീക്ഷണപ്പറക്കൽ നടത്തി ആഗോള ശ്രദ്ധ നേടുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ആണവായുധങ്ങൾ നിയന്ത്രിക്കാനും സൈനിക നിർദേശങ്ങൾ നൽകാനും കഴിയുന്ന എയർബോൺ കമാൻഡ് സെന്ററാണ് ഈ വിമാനം. ആണവ സ്‌ഫോടനങ്ങളെയും വൈദ്യുതകാന്തിക ആക്രമണങ്ങളെയും അതിജീവിക്കാൻ പ്രത്യേകമായി രൂപകൽപ്പന ചെയ്തതാണ് ഇത്.
സാധാരണയായി അതീവ ഗുരുതരമായ യുദ്ധസാഹചര്യങ്ങളിൽ മാത്രമാണ് ഇത്തരത്തിലുള്ള വിമാനങ്ങൾ സജ്ജമാക്കുന്നത്. അതിനാൽ തന്നെ നിലവിലെ സാഹചര്യം അതീവ ആശങ്കാജനകമാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ഇറാനെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കാൻ അമേരിക്ക തയ്യാറെടുക്കുകയാണെന്ന സൂചനയായി ഇതിനെ കാണുന്നു.
ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതും അമേരിക്കൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതും സംഘർഷം വഷളാക്കി. ഇതിനിടെ, ഇറാനിലെ ആണവ നിലയങ്ങൾ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
അമേരിക്കൻ സൈന്യം അതീവ ജാഗ്രതയിൽ തുടരുകയും, ഉപഗ്രഹങ്ങളിലൂടെ ഇറാന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നു. സമാധാന ചർച്ചകൾ തുടരുന്നുവെങ്കിലും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് അമേരിക്കൻ ആഭ്യന്തര വകുപ്പ് അറിയിച്ചു.
അതേസമയം, റഷ്യയും ചൈനയും നിലവിലെ സൈനിക നീക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. ആണവ യുദ്ധം ആഗോള നാശത്തിന് വഴിവെക്കുമെന്ന മുന്നറിയിപ്പാണ് ഇവർ നൽകുന്നത്.
മധ്യപൂർവേഷ്യയിൽ അടുത്ത ദിവസങ്ങളിൽ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ലോകശ്രദ്ധയാകുമെന്ന് വ്യക്തമാകുന്നു. ഡൂംസ്‌ഡേ വിമാനത്തിന്റെ സാന്നിധ്യം, സ്ഥിതി എത്രത്തോളം ഗുരുതരമാണെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷം; 'ഡൂംസ്‌ഡേ വിമാനം' ആകാശത്ത്, ആണവ യുദ്ധഭീതി ഉയരുന്നു
