ഇറാൻ യുദ്ധാവസാനത്തെക്കുറിച്ചുള്ള ട്രംപിന്റെ വ്യത്യസ്ത നിലപാടിൽ ആശയക്കുഴപ്പം

ഇറാൻ യുദ്ധാവസാനത്തെക്കുറിച്ചുള്ള ട്രംപിന്റെ വ്യത്യസ്ത നിലപാടിൽ ആശയക്കുഴപ്പം


വാഷിംഗ്ടൺ: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന യുദ്ധത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് നടത്തിയ പരസ്പര വിരുദ്ധമായ നിലപാടുകൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. യുദ്ധം അധികം നീണ്ടു നിൽക്കില്ല എന്നു പറഞ്ഞതിനു പിന്നാലെ യുദ്ധം കടുപ്പിക്കും എന്നും പറഞ്ഞതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.,

യുദ്ധം അവസാനഘട്ടത്തിലേക്കാണെന്ന് ഒരു ഘട്ടത്തിൽ ട്രംപ് സൂചിപ്പിച്ചു. യുദ്ധം 'ഏകദേശം പൂർത്തിയായിരിക്കുകയാണ്' എന്നും പദ്ധതി ആസൂത്രണം ചെയ്തതിനെക്കാൾ ഏറെ വേഗത്തിലാണ് മുന്നേറുന്നതെന്നും അദ്ദേഹം ഒരു ടെലിഫോൺ അഭിമുഖത്തിൽ പറഞ്ഞു.

സി.ബി.എസ് റിപ്പോർട്ടറുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഈ പ്രതികരണം നടത്തിയത്. യുദ്ധം 'നിശ്ചയിച്ച സമയത്തേക്കാൾ വളരെ മുന്നിലാണ്' എന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ ഈ പരാമർശങ്ങൾ വിപണികളിൽ ആശ്വാസം സൃഷ്ടിച്ചു. നീണ്ടുനിൽക്കുന്ന യുദ്ധസാധ്യത കുറയുമെന്ന് കരുതിയതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴുകയും ഓഹരി വിപണികൾ ഉയരുകയും ചെയ്തു.

എന്നാൽ പിന്നീട് ഫ്‌ളോറിഡയിൽ റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങളോട് സംസാരിക്കുമ്പോൾ ട്രംപ് കൂടുതൽ കടുത്ത നിലപാട് പ്രകടിപ്പിച്ചു. 'നാം പല രീതിയിൽ വിജയിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും മതിയാകില്ല. ഈ ഭീഷണി ഒരിക്കലും വീണ്ടും ഉയരാതിരിക്കാനുള്ള അന്തിമ വിജയം നേടുന്നതുവരെ നാം മുന്നോട്ട് പോകും,' എന്നാണ് അദ്ദേഹം പറഞ്ഞത്.

യുദ്ധം ഈ ആഴ്ചയ്ക്കുള്ളിൽ അവസാനിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് 'ഇല്ല' എന്ന് മറുപടി നൽകി. എന്നാൽ 'വേഗത്തിൽ, വളരെ വേഗത്തിൽ' യുദ്ധം അവസാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇതിനിടെ ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമേനിയെ നിയമിച്ചതിൽ ട്രംപ് അസംതൃപ്തി പ്രകടിപ്പിച്ചു. യുദ്ധത്തിന്റെ ആദ്യദിവസം തന്നെ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനേയിയുടെ മകനാണ് മൊജ്തബ.

ഈ നിയമനം രാജ്യത്തിന് പുതിയ മാറ്റമൊന്നും നൽകില്ലെന്നും അതേ പ്രശ്‌നങ്ങൾ തുടരുമെന്നുമാണ് അമേരിക്കയുടെ വിലയിരുത്തലെന്ന് ട്രംപ് പറഞ്ഞു. എന്നാൽ മൊജ്തബ ഖമനേയിക്ക് തന്റെ പിതാവിനെപ്പോലെ തന്നെ അപകടം നേരിടേണ്ടി വരുമോ എന്ന ചോദ്യത്തിന് അദ്ദേഹം നേരിട്ട് മറുപടി നൽകിയില്ല.

ഇറാനുമായുള്ള യുദ്ധം എപ്പോൾ അവസാനിക്കുമെന്ന കാര്യത്തിൽ വ്യത്യസ്ത സൂചനകൾ നൽകിയ ട്രംപ് വീണ്ടും കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തുകയും ചെയ്തു. ലോകത്തെ ഊർജവിതരണം തടയാൻ ഇറാൻ ശ്രമിച്ചാൽ അതിനെതിരെ അതീവ ശക്തമായ ആക്രമണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്. 'ഇറാൻ ലോകത്തിലെ എണ്ണവിതരണം തടയാൻ ശ്രമിച്ചാൽ, അവർക്കും അവരെ സഹായിക്കുന്നവർക്കും അതിൽ നിന്ന് ഒരിക്കലും മടങ്ങിവരാൻ കഴിയാത്ത വിധം ശക്തമായി ഞങ്ങൾ ആക്രമിക്കും,' എന്ന് ട്രംപ് പറഞ്ഞു.

ഇതിനിടെ ഗൾഫ് മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഓസ്‌ട്രേലിയയും ഇടപെടുന്നു. യുഎഇയുടെ അഭ്യർഥനയെ തുടർന്ന് മിഡിൽ ഈസ്റ്റിലേക്ക് ഒരു നിരീക്ഷണകമാൻഡ് വിമാനത്തെ അയക്കാൻ ഓസ്‌ട്രേലിയ തീരുമാനിച്ചതായി സർക്കാർ അറിയിച്ചു.
 ഗൾഫ് രാജ്യങ്ങളുടെ പ്രതിരോധം ശക്തമാക്കുന്നതിനായി യുഎഇയ്ക്ക് മധ്യദൂര എയർടുഎയർ മിസൈലുകളും നൽകുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു. എന്നാൽ ഇറാനിൽ നിലയുറപ്പിച്ച് സൈനികരെ വിന്യസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

C-7F വെഡ്ജ്‌ടെയിൽ എന്ന നിരീക്ഷണകമാൻഡ് വിമാനമാണ് മിഡിൽ ഈസ്റ്റിലേക്ക് അയക്കുക. ഇതിന് പിന്തുണ നൽകാൻ 85 സൈനിക ഉദ്യോഗസ്ഥരും കൂടെയുണ്ടാകുമെന്ന് ഓസ്‌ട്രേലിയൻ പ്രതിരോധമന്ത്രി റിച്ചാർഡ് മാർൽസ് അറിയിച്ചു.

മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ വിവിധ രാജ്യങ്ങൾ ഗൾഫ് മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ നടപടി ശക്തമാക്കുകയാണ്.