സോൾ: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്ന ധാരണാപത്രം നിലവിൽ വന്നതോടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇനി ഉത്തരകൊറിയയുടെ ആണവ പദ്ധതിയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുന്നതായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങ്. ജി7 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിൽ ട്രംപ് തന്നെ ഇക്കാര്യം സൂചിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി.
'ഉത്തരകൊറിയ വിഷയത്തിലേക്ക് വീണ്ടും ശ്രദ്ധ തിരിക്കേണ്ട സമയമായിരിക്കുന്നു' എന്നാണ് ട്രംപ് പറഞ്ഞതെന്ന് ലീ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്യോങ് യാങ്ങിന്റെ ആണവായുധ ശേഷിയും തുടർച്ചയായ ആയുധ വികസനവും അമേരിക്കയുടെ പ്രധാന പരിഗണനയാകുമെന്ന സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം, ഉത്തരകൊറിയയ്‌ക്കെതിരായ ഉപരോധങ്ങൾ ഫലപ്രദമല്ലെന്ന് ലീ ട്രംപിനെ അറിയിച്ചതായും പറഞ്ഞു. റഷ്യയുമായുള്ള ഉത്തരകൊറിയയുടെ വർധിച്ചുവരുന്ന സൈനിക സഹകരണം ഉപരോധങ്ങളുടെ ആഘാതം കുറച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ആദ്യം ഉത്തരകൊറിയയുടെ ആയുധ വികസനം മരവിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിർദേശവും ലീ മുന്നോട്ടുവച്ചു.
2006ലാണ് ഉത്തരകൊറിയ ആദ്യ ആണവപരീക്ഷണം നടത്തിയത്. നിലവിൽ രാജ്യത്തിന് ഡസൻ കണക്കിന് ആണവായുധങ്ങൾ ഉണ്ടെന്നാണ് അന്താരാഷ്ട്ര വിലയിരുത്തൽ. സമീപ വർഷങ്ങളിൽ റഷ്യയുമായുള്ള ബന്ധം ഉത്തരകൊറിയ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. യുക്രൈൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ സൈനികരെയും ആയുധ സാമഗ്രികളും ഉത്തരകൊറിയ അയച്ചതായും റിപ്പോർട്ടുകളുണ്ട്.
അതിനിടെ, ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ കൂടിക്കാഴ്ചയിലും ആണവനിരായുധീകരണ വിഷയം ചർച്ചയായിരുന്നില്ല. ഇത് ഉത്തരകൊറിയയുടെ ആണവ പദവിയെ ചൈന നിശബ്ദമായി അംഗീകരിക്കുന്നതിന്റെ സൂചനയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
2019ൽ ഹനോയിൽ നടന്ന ട്രംപ്-കിം ഉച്ചകോടി പരാജയപ്പെട്ടതിനു ശേഷം ഉത്തരകൊറിയ തങ്ങളെ 'തിരിച്ചെടുക്കാനാകാത്ത ആണവ രാഷ്ട്രം' എന്നാണ് വിശേഷിപ്പിച്ചുവരുന്നത്. പുതിയ സാഹചര്യത്തിൽ ഉത്തരകൊറിയയെ സംബന്ധിച്ച അമേരിക്കയുടെ നയതന്ത്ര നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ വീണ്ടും ശ്രദ്ധ നേടുകയാണ്.
ഇറാനുശേഷം ട്രംപിന്റെ ശ്രദ്ധ ഉത്തരകൊറിയയിലേക്ക് ; ആണവ പദ്ധതിയിൽ പുതിയ നയതന്ത്ര നീക്കത്തിന് സൂചന
