വാഷിംഗ്ടണ്‍: ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പിന്തുണയോടെ നടപ്പാക്കുന്ന സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 'ഗാസ ബോര്‍ഡ് ഓഫ് പീസ്' രൂപീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച (ജനുവരി 15) ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രഖ്യാപനം. ബോര്‍ഡിലെ അംഗങ്ങളുടെ പേരുകള്‍ ഉടന്‍ പുറത്തുവിടുമെന്നും ട്രംപ് അറിയിച്ചു.
'ഇതുവരെ രൂപീകരിച്ചതില്‍ ഏറ്റവും മഹത്തായതും ഉറപ്പുള്ളതുമായ സമാധാന ബോര്‍ഡാണ് ഇതെന്ന് ട്രംപ് അവകാശപ്പെട്ടു. ബോര്‍ഡിന്റെ ഘടനയെയും അധികാരപരിധിയെയും കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ട്രംപ് തന്നെ ബോര്‍ഡിന്റെ അധ്യക്ഷനാകുമെന്നാണ് സൂചന.
ഇതിനിടെ, യുദ്ധാനന്തര ഗാസയുടെ ദൈനംദിന ഭരണചുമതലകള്‍ നിര്‍വഹിക്കാന്‍ 15 അംഗങ്ങളടങ്ങിയ പലസ്തീന്‍ സാങ്കേതിക വിദഗ്ധ സമിതി പ്രഖ്യാപിച്ചിരുന്നു. ഈ സമിതി പുതിയ സമാധാന ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് പദ്ധതി.
യുഎസ് പിന്തുണയുള്ള പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര സ്ഥിരതാസേനയും (International Stabilisation Force) ഗാസയില്‍ വിന്യസിക്കും. പ്രദേശസുരക്ഷ ഉറപ്പാക്കുകയും തെരഞ്ഞെടുത്ത പലസ്തീന്‍ പൊലീസ് വിഭാഗങ്ങള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നതാകും സേനയുടെ ചുമതല.
രണ്ടാം ഘട്ടം സങ്കീര്‍ണം
സമാധാന പദ്ധതി ഒക്ടോബര്‍ 10നാണ് പ്രാബല്യത്തില്‍ വന്നത്. ആദ്യഘട്ടത്തില്‍ ഗാസയിലെ പോരാട്ടം നിര്‍ത്തല്‍, സഹായവിതരണം, ഹമാസ് തടവില്‍ ഉണ്ടായിരുന്ന ജീവനുള്ളവരെയും മരിച്ചവരെയും ഉള്‍പ്പെടെയുള്ള ബന്ദികളുടെ തിരിച്ചുനല്‍കല്‍ എന്നിവയ്ക്കായിരുന്നു മുന്‍ഗണന. ഒരാളെ ഒഴികെ എല്ലാ ബന്ദികളെയും വിട്ടയച്ചതായി ഹമാസ് അറിയിച്ചു. ശേഷിക്കുന്ന റാന്‍ ഗിവിലിയുടെ മൃതദേഹം കൈമാറുന്നതില്‍ വൈകിയെന്നാരോപിച്ച് ഇസ്രായേല്‍ ഹമാസിനെ കുറ്റപ്പെടുത്തുമ്പോള്‍, ഗാസയിലെ വ്യാപക നാശനഷ്ടങ്ങളാണ് തിരിച്ചറിയല്‍ ദുഷ്‌കരമാക്കിയതെന്ന് ഹമാസ് പറയുന്നു.
ഇപ്പോള്‍ ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുകയാണ്. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യോജിപ്പില്ല. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനുശേഷം 451 പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ഹമാസ് നിയന്ത്രിത ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസയ്ക്ക് 'സമാധാന ബോര്‍ഡ്'; രണ്ടാം ഘട്ട സമാധാന പദ്ധതിക്ക് തുടക്കം കുറിച്ച് ട്രംപിന്റെ പ്രഖ്യാപനം
