ഇറാനുമായി ചർച്ചകൾ പുരോഗമിക്കുന്നതായി ട്രംപ്; 'കരാറിന് സാധ്യത കൂടുതലെന്ന്' പ്രതികരണം

ഇറാനുമായി ചർച്ചകൾ പുരോഗമിക്കുന്നതായി ട്രംപ്; 'കരാറിന് സാധ്യത കൂടുതലെന്ന്' പ്രതികരണം


വാഷിംഗ്ടൺ: സമാധാന കരാറിനായി നടത്തുന്ന ചർച്ചകളിൽ ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് യു.എസ് പ്രപസിഡന്റ് ഡോണൾഡ് ട്രംപ്.  ഇറാനുമായി കഴിഞ്ഞ 24 മണിക്കൂറിനിടെ വളരെ നല്ല ചർച്ചകളാണ് നടന്നതെന്നാണ് ട്രംപ് വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച നിർദേശത്തിൽ ഇറാന്റെ പ്രതികരണത്തിനായി കർശന സമയപരിധിയില്ലെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെആയിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ടുപോകുകയാണെന്നും ആവശ്യമായ കാര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. അതിൽ പുരോഗതിയില്ലെങ്കിൽ കൂടുതൽ ശക്തമായ നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. അതേസമയം, കരാറിലെത്താൻ ഇറാനും താൽപര്യമുള്ളതായും ട്രംപ് അവകാശപ്പെട്ടു. 'കരാർ ഉണ്ടാകാൻ വളരെ കൂടുതൽ സാധ്യതയുണ്ട്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും ട്രംപ് പ്രതികരിച്ചു. ഇറാൻ ആണവായുധം കൈവശം വയ്ക്കില്ലെന്നും അതിൽ അവർ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇറാൻ ഇതുസംബന്ധിച്ച് ഔദ്യോഗികമായി എന്തെങ്കിലും ധാരണയിലെത്തിയെന്ന സൂചന ഇതുവരെ പുറത്തുവന്നിട്ടില്ല. 

അതേസമയം, ഇറാൻ വിഷയത്തെ പരാമർശിച്ച ശേഷം അമേരിക്കൻ എണ്ണക്കമ്പനികളായ ഷെവ് റോൺ, എക്‌സ് ഓൺ മൊബീൽ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും ട്രംപ് വെളിപ്പെടുത്തി. വെനസ്വേലയും എണ്ണ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
വെനസ്വേലയിലേക്കും മറ്റ് മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച്  ആലോചിച്ച് നിരവധി അമേരിക്കൻ ഊർജ കമ്പനികൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയും എണ്ണക്കമ്പനി പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കാനുള്ള ട്രംപിന്റെ നീക്കത്തെ ചില കമ്പനികൾ പിന്തുണച്ചതായും റിപ്പോർട്ടുകളുണ്ട്.