ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ നാറ്റോയില്‍ നിന്ന് അമേരിക്ക പിന്മാറുമോ? ട്രംപിന്റെ മുന്നറിയിപ്പ്

ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ നാറ്റോയില്‍ നിന്ന് അമേരിക്ക പിന്മാറുമോ? ട്രംപിന്റെ മുന്നറിയിപ്പ്


വാഷിംഗ്ടണ്‍: ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള അമേരിക്കയുടെ നീക്കത്തിന് നാറ്റോ സഖ്യരാജ്യങ്ങള്‍ പിന്തുണ നല്‍കാത്ത പക്ഷം, നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രിറ്റി ഓര്‍ഗനൈസേഷന്‍ (നേറ്റോ) വിട്ടുപോകുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങള്‍ എടുക്കാമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ നാറ്റോ സഹായിക്കില്ലെങ്കില്‍ സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറുമോ?' എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് 'അത് നമുക്ക് നോക്കാം' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യന്തം നിര്‍ണായകമാണെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഡെന്‍മാര്‍ക്കിന്റെ നിയന്ത്രണത്തിലുള്ള ഈ ആര്‍ട്ടിക് പ്രദേശം കൈവശം ഇല്ലെങ്കില്‍, പ്രത്യേകിച്ച് 'ഗോള്‍ഡന്‍ ഡോം' എന്ന ബഹുപാളി മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ കാര്യത്തില്‍, അമേരിക്കയ്ക്ക് വലിയ സുരക്ഷാ പോരായ്മ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള പദ്ധതിക്ക് പിന്തുണ നല്‍കാത്ത രാജ്യങ്ങള്‍ക്കെതിരെ വാണിജ്യ തീരുവകള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഇറക്കുമതികള്‍ക്ക് തീരുവ ചുമത്തിയതിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ ട്രംപ്, 'ഗ്രീന്‍ലാന്‍ഡിനായും അത്തരമൊരു നടപടി എടുക്കേണ്ടിവരും' എന്നും പറഞ്ഞു.

റഷ്യയോ ചൈനയോ ഗ്രീന്‍ലാന്‍ഡില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമം നടത്താന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ട്രംപ് ഉയര്‍ത്തി. ഇതിന്റെ പശ്ചാത്തലത്തില്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഫിന്‍ലാന്‍ഡ്, നോര്‍വേ, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ നാറ്റോ രാജ്യങ്ങള്‍ ഗ്രീന്‍ലാന്‍ഡിലേക്ക് ചില സൈനിക വിഭാഗങ്ങളെ വിന്യസിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ യൂറോപ്യന്‍ സൈനിക സാന്നിധ്യം ട്രംപിന്റെ തീരുമാനങ്ങളില്‍ ഒരു സ്വാധീനവും ചെലുത്തില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലിവിറ്റ് വ്യക്തമാക്കി. 'യൂറോപ്യന്‍ സൈനികര്‍ ഗ്രീന്‍ലാന്‍ഡിലുണ്ടെന്നത് പ്രസിഡന്റിന്റെ തീരുമാനം മാറ്റില്ല; ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള ലക്ഷ്യത്തിലും അത് ബാധകമല്ല,' അവള്‍ പറഞ്ഞു.

അതേസമയം, ഗ്രീന്‍ലാന്‍ഡ് വിദേശകാര്യമന്ത്രി വിവിയന്‍ മൊട്‌സ്‌ഫെല്‍ഡും ഡാനിഷ് വിദേശകാര്യമന്ത്രി ലാര്‍സ് ലൊക്കെ റാസ്മുസനും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെയും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയെയും വാഷിംഗ്ടണില്‍ കണ്ടു ചര്‍ച്ച നടത്തി. എന്നാല്‍ ഈ ചര്‍ച്ചകള്‍ 'അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസത്തില്‍' അവസാനിച്ചതായാണ് ഔദേ്യാഗിക വിശദീകരണം.