വാഷിംഗ്ടണ്‍ : വെനിസ്വേലയിലേക്കുള്ള നീക്കങ്ങള്‍ വീണ്ടും കടുപ്പിച്ച് യുഎസ്. വെനിസ്വേലയെ ലക്ഷ്യമിട്ട് പുതിയ ഘട്ടത്തിലെ സൈനികവും രഹസ്യവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സൈനിക നീക്കത്തിന്റെ ദിവസം ഏതെന്ന് വ്യക്തമല്ലെങ്കിലും 'തീരുമാനം അവസാനഘട്ടത്തില്‍' എന്ന സൂചനയാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്നത്.
'മുഖാമുഖം കൂടിയാലോചന'യ്ക്ക് തയ്യാറാണെന്ന് നേരത്തെ ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും, വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരായ സമ്മര്‍ദ്ദ നയമാണ് വാഷിംഗ്ടണ്‍ ശക്തിപ്പെടുത്തുന്നത്. കരീബിയന്‍ മേഖലയില്‍ യുഎസ് സൈനിക സാന്നിധ്യം വര്‍ധിക്കുന്നതിന്റെയും അനുദിനം ഉടലെടുക്കുന്ന സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍, അമേരിക്കയുടെ 'പുതിയ ഘട്ടം' വിവാദങ്ങളുയര്‍ത്തുന്നു.
ഓപ്പറേഷന്‍ എപ്പോള്‍ ആരംഭിക്കണം, എത്രവ്യാപ്തിയാണുണ്ടാകുക തുടങ്ങിയ കാര്യങ്ങളില്‍ ട്രംപ് അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് നാലു അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. രഹസ്യപ്രവര്‍ത്തനങ്ങളാകും ആദ്യം ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കാന്‍ അമേരിക്കക്ക് ഉള്ള എല്ലാ ശക്തിയും ഉപയോഗിക്കാന്‍ പ്രസിഡന്റ് തയ്യാറാണ്,' എന്ന് ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പേര് വെളിപ്പെടുത്താതെ പറഞ്ഞു. മഡുറോ നയിക്കുന്നത് 'ഭീകരവാദി മയക്കുമരുന്ന് കാര്‍ട്ടല്‍' ആണെന്ന യുഎസ് ആരോപണം ട്രംപ് ആവര്‍ത്തിക്കുന്നു. എന്നാല്‍ മഡുറോ ഇത് ശക്തമായി നിഷേധിച്ചിട്ടുണ്ട്.
യുഎസ് സൈനികാക്രമണങ്ങളില്‍ നിരവധി സാധാരണക്കാര്‍ മരിച്ചുപോകുന്നതുസംബന്ധിച്ച വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലും 'നാര്‍ക്കോ ടെററിസ്റ്റുകളില്‍ നിന്ന് രാജ്യം കാത്തുസൂക്ഷിക്കുന്നത് തുടരുമെന്ന് വാഷിംഗ്ടണ്‍ നിലപാട് വ്യക്തമാക്കുന്നു.
അതേസമയം, വെനിസ്വേലന്‍ വ്യോമാന്തരീക്ഷത്തില്‍ 'തീവ്രമായ ഭീഷണിസാഹചര്യം' നിലനില്‍ക്കുന്നുവെന്ന എഫ് എ എ മുന്നറിയിപ്പിനെ തുടര്‍ന്ന് നിരവധി അന്താരാഷ്ട്ര എയര്‍ലൈന്‍സുകള്‍ സര്‍വീസുകള്‍ റദ്ദാക്കി.
മഡുറോയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള വിവിധ നീക്കങ്ങള്‍ ട്രംപ് ഭരണകൂടം പരിശോധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 'എന്നെ താഴെയിറക്കാനാണ് ട്രംപിന്റെ ശ്രമം; വെനിസ്വേലന്‍ ജനങ്ങളും സൈന്യവും അതിനെതിരെ നിലകൊള്ളും' എന്നാണ് മഡുറോയുടെ മറുപടി.
ഇതിനിടയില്‍, യുഎസ് നേവി ഈ മാസം ആദ്യം തന്നെ അതിന്റെ ഏറ്റവും വലിയ എയര്‍ക്രാഫ്റ്റ് കാരിയര്‍ 'ജെറാള്‍ഡ് ആര്‍. ഫോര്‍ഡ്' കരീബിയന്‍ കടലില്‍ വിന്യസിച്ചിരുന്നു. ഏഴിലധികം യുദ്ധക്കപ്പലുകളും ഒരു ആണവ സബ്‌മെറൈനും എഫ്35 യുദ്ധവിമാനങ്ങളും മേഖലയിലുണ്ട്.
വെനിസ്വേലയിലേക്ക് ട്രംപിന്റെ പുതിയ 'ഓപ്പറേഷന്‍ തയ്യാറെന്ന് സൂചന; യുഎസ് മുന്നറിയിപ്പിന് പിന്നാലെ എയര്‍ലൈന്‍സുകളുടെ സര്‍വീസുകള്‍ റദ്ദാക്കി
