ഫ്‌ലോറിഡ: ഇറാന്‍ വീണ്ടും ബാലിസ്റ്റിക് മിസൈലുകളും ആണവ പദ്ധതിയും ശക്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.
'ഇറാന്‍ വീണ്ടും ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഞാന്‍ കേള്‍ക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ അവരെ വീണ്ടും തകര്‍ക്കേണ്ടിവരും. നന്നായി തകര്‍ക്കും. പക്ഷേ അത് സംഭവിക്കാതിരിക്കാന്‍ അവര്‍ ചര്‍ച്ചകളിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്ന് ഫ്‌ലോറിഡയിലെ മാര്‍എലാഗോയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം മാധ്യമങ്ങളെ കാണുന്നതിനിടെ, ട്രംപ് പറഞ്ഞു.
അതേസമയം, ഇറാന്‍ കരാറിനായി തയ്യാറാണെങ്കില്‍ അത് രാജ്യത്തിന് തന്നെ കൂടുതല്‍ ബുദ്ധിയുള്ള തീരുമാനമാകുമെന്നു ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണം പുനരാരംഭിക്കുന്നതായും, അമേരിക്ക ജൂണില്‍ ആക്രമിച്ച ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ വീണ്ടും സജീവമാക്കാന്‍ ശ്രമിക്കുന്നതായും ഇസ്രായേലിന് ആശങ്കയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇസ്രായേല്‍ ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയാല്‍ അമേരിക്ക പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിന്, 'മിസൈലുകള്‍ തുടരുകയാണെങ്കില്‍ തീര്‍ച്ചയായും. ആണവ പദ്ധതി ആയാല്‍ ഉടന്‍ നടപടി ഉണ്ടാകും,' ട്രംപ് മറുപടി നല്‍കി.
ഗാസയിലെ സാഹചര്യം കൂടി നെതന്യാഹുവുമായി ചര്‍ച്ച ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം ഒക്ടോബറില്‍ നിലവില്‍ വന്നെങ്കിലും, ഹമാസ് ആയുധങ്ങള്‍ ഒഴിയുകയും ഇസ്രായേല്‍ സൈന്യം പിന്മാറുകയും ചെയ്യുന്ന രണ്ടാം ഘട്ടം വലിയ വെല്ലുവിളിയായി തുടരുകയാണ്. അവസാനമായി മരിച്ച ഇസ്രായേലി തടവുകാരുടെ മൃതദേഹങ്ങള്‍ ഹമാസ് കൈമാറിയശേഷമേ രണ്ടാം ഘട്ടം തുടങ്ങാനാകൂവെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, വിദേശനയമാണ് അടുത്തകാലത്ത് ട്രംപിന്റെ അജണ്ടയില്‍ പ്രധാനമായും നിറഞ്ഞുനില്‍ക്കുന്നത്. ഞായറാഴ്ച യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയെ അദ്ദേഹം മാര്‍എലാഗോയില്‍ സ്വീകരിച്ചിരുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് അമേരിക്ക ഇടനില വഹിക്കുന്നുണ്ട്.
വെനിസ്വേലയെതിരായ നടപടികളിലും ട്രംപ് കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മയക്കുമരുന്ന് കയറ്റുമതി നടത്തുന്ന തുറമുഖ കേന്ദ്രത്തില്‍ അമേരിക്കന്‍ ആക്രമണം നടന്നതായി ട്രംപ് സ്ഥിരീകരിച്ചു. വെനിസ്വേല സര്‍ക്കാരിനെ 'വിദേശ ഭീകര സംഘടന'യായി പ്രഖ്യാപിച്ച അമേരിക്ക, രാജ്യത്തേക്കും രാജ്യത്ത് നിന്നുമുള്ള എണ്ണക്കപ്പലുകള്‍ക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇറാന്‍ ആയുധനിര്‍മ്മാണത്തിലേക്ക് തിരിയുകയാണെങ്കില്‍ ശക്തമായ തിരിച്ചടി: ട്രംപ്
