ഇറാനുമായി വ്യാപാരം നടത്തിയാൽ 25% തീരുവ : ട്രംപിന്റെ പുതിയ ഉത്തരവ്; ആണവ കരാറിൽ സമ്മർദം കടുപ്പിച്ച് യുഎസ്

ഇറാനുമായി വ്യാപാരം നടത്തിയാൽ 25% തീരുവ : ട്രംപിന്റെ പുതിയ ഉത്തരവ്; ആണവ കരാറിൽ സമ്മർദം കടുപ്പിച്ച് യുഎസ്


വാഷിംഗ്ടൺ: ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഓർഡർ ഒപ്പുവച്ചു. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ തീരുവയുടെ കൃത്യനിരക്ക് വ്യക്തമാക്കിയിട്ടില്ലെങ്കിലും 25 ശതമാനം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഇറാനിൽ നിന്നോ ഇറാനുമായി ബന്ധപ്പെട്ടോ സാധനങ്ങളോ സേവനങ്ങളോ നേരിട്ടോ പരോക്ഷമായോ വാങ്ങുന്ന രാജ്യങ്ങളിൽ നിന്നുള്ള യുഎസ് ഇറക്കുമതികൾക്ക് ഈ തീരുവ ബാധകമാകുമെന്നാണ് ഉത്തരവിലെ പരാമർശം. വിമാനത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച ട്രംപ് ഇറാനിന് ആണവായുധം അനുവദിക്കില്ലെന്ന നിലപാട് വീണ്ടും ആവർത്തിച്ചു. 
ഇതിനിടെ ഒമാനിൽ യുഎസ്-ഇറാൻ ഉന്നതതല ചർച്ചകൾ തുടരുകയാണ്. ഈ വർഷം ജനുവരി 12ന് തന്നെ ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് യുഎസുമായുള്ള ഇടപാടുകളിൽ 25% തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പുതിയ ഉത്തരവ് ഇറാനുമായി ബന്ധപ്പെട്ട 'ദേശീയ അടിയന്തരാവസ്ഥ' വീണ്ടും സ്ഥിരീകരിക്കുന്നതാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇറാൻ ആണവ ശേഷി വികസിപ്പിക്കുന്നതും ഭീകരവാദ പിന്തുണയും ബാലിസ്റ്റിക് മിസൈൽ പദ്ധതികളും മേഖലാ അസ്ഥിരതയും അമേരിക്കൻ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പ്രസ്താവനയിൽ പറഞ്ഞു. ഇതോടൊപ്പം ഇറാൻ ഉത്ഭവമുള്ള ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയിൽ ഇടപെട്ട 15 സ്ഥാപനങ്ങൾക്കെതിരെയും യുഎസ് ഉപരോധം പ്രഖ്യാപിച്ചു. ഇറാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 2015ലെ ആണവ കരാറിൽ യൂറേനിയം സമ്പുഷ്ടീകരണത്തിന് നിയന്ത്രണമുണ്ടായിരുന്നെങ്കിലും 2018ൽ ട്രംപ് കരാറിൽ നിന്ന് പിന്മാറി കടുത്ത ഉപരോധങ്ങൾ പുന:സ്ഥാപിച്ചിരുന്നു. തുടർന്ന് ഇറാൻ കരാർ വ്യവസ്ഥകൾ ലംഘിക്കാൻ തുടങ്ങിയതായും യുഎസ് ആരോപിക്കുന്നു. ഇപ്പോൾ 100ലേറെ രാജ്യങ്ങൾ ഇറാനുമായി വ്യാപാരം തുടരുന്നുണ്ടെന്നും പ്രധാന വ്യാപാര പങ്കാളി ചൈനയാണെന്നും കണക്കുകൾ പറയുന്നു. ഒമാനിൽ ആരംഭിച്ച പുതിയ ചർച്ചകളെ ട്രംപ് 'വളരെ നല്ലത്' എന്ന് വിശേഷിപ്പിച്ചപ്പോൾ, കരാർ ഉണ്ടായില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി ചർച്ചകൾ നല്ല തുടക്കമാണെന്ന് പ്രതികരിച്ചു. ഉയരുന്ന യുഎസ്-ഇറാൻ സംഘർഷം മേഖലയിൽ യുദ്ധഭീതിയും വർധിപ്പിച്ചിരിക്കുകയാണ്.