ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം വിപുലീകരിക്കാൻ കരാർ; ഡെൻമാർക്കുമായി ധാരണയിലെത്തി ട്രംപ്

ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം വിപുലീകരിക്കാൻ കരാർ; ഡെൻമാർക്കുമായി ധാരണയിലെത്തി ട്രംപ്


യുഎസ് സൈനിക താവളങ്ങൾ രണ്ടെണ്ണം കൂടി സ്ഥാപിക്കും; ആർട്ടിക് മേഖലയിലെ റഷ്യൻ-ചൈനീസ് സ്വാധീനം തടയാൻ നീക്കം

ന്യൂയോർക്ക്: ഗ്രീൻലാൻഡിലെ അമേരിക്കൻ സൈനിക സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള സുരക്ഷാ കരാറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഡെൻമാർക്കും ഗ്രീൻലാൻഡും പ്രതിനിധീകരിക്കുന്ന നേതാക്കളും ഒപ്പുവച്ചു. ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോർക്കിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സനും ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്‌ഫ്രെഡറിക് നീൽസണും ട്രംപിനൊപ്പം കരാറിൽ ഒപ്പുവച്ചത്. 1951ലെ യുഎസ്‌ഡെൻമാർക്ക് പ്രതിരോധ ധാരണ ഭേദഗതി ചെയ്യുന്ന കരാർ ആർട്ടിക് മേഖലയിലെ അമേരിക്കൻ സൈനിക പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതാണ്.

രണ്ട് പുതിയ പ്രതിരോധ മേഖലകൾ

നിലവിലെ പിറ്റുഫിക് സ്‌പേസ് ബേസ് ആധുനികവത്കരിക്കുകയും പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്യുന്നതിനൊപ്പം തെക്കൻ ഗ്രീൻലാൻഡിലെ നർസർസുവാക്കിലും കിഴക്കൻ മേഖലയിലെ മെസ്റ്റേഴ്‌സ്‌വിഗിലും പുതിയ പ്രതിരോധ മേഖലകൾ സ്ഥാപിക്കാൻ കരാർ അനുമതി നൽകുന്നു. ഇവിടങ്ങളിലെ സൈനിക സൗകര്യങ്ങളുടെ സാങ്കേതിക വിശദാംശങ്ങൾ ബന്ധപ്പെട്ട കക്ഷികൾ പരസ്പര ധാരണയിലൂടെ തീരുമാനിക്കും. ഭാവിയിൽ ഗ്രീൻലാൻഡിൽ കൂടുതൽ പ്രതിരോധ മേഖലകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രീൻലാൻഡിലെ ജനങ്ങളുടെ പരമ്പരാഗത വേട്ടയാടൽ, മത്സ്യബന്ധന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള താൽപര്യങ്ങൾ പരിഗണിച്ചായിരിക്കണം ഇത്തരം നടപടികൾ സ്വീകരിക്കേണ്ടത്.

പരമാധികാരം ഡെൻമാർക്കിന്; സുരക്ഷയിൽ അമേരിക്കൻ ഇടപെടൽ വർധിക്കും

ഗ്രീൻലാൻഡിന്റെ പരമാധികാരം അമേരിക്കയ്ക്ക് കൈമാറുന്നതല്ല കരാറിലൂടെ നടക്കുന്നത്. ഡെൻമാർക്ക് രാജ്യത്തിന്റെയും ഗ്രീൻലാൻഡിന്റെയും പരമാധികാരവും ഭൂപ്രദേശിക അഖണ്ഡതയും ഗ്രീൻലാൻഡ് ജനതയുടെ സ്വയംനിർണയാവകാശവും കരാർ വ്യക്തമായി അംഗീകരിക്കുന്നു. എന്നാൽ ഗ്രീൻലാൻഡിന്റെ സുരക്ഷാ സംവിധാനങ്ങളിൽ അമേരിക്കയ്ക്ക് കൂടുതൽ ദീർഘകാല ഇടപെടലിനും സൈനിക പ്രവർത്തനങ്ങൾക്കും അവസരമൊരുക്കുന്നതാണ് ധാരണ. പ്രതിരോധ മേഖലകൾക്കിടയിൽ കരയിലൂടെയും ആകാശമാർഗവും കടൽമാർഗവും അമേരിക്കൻ സൈന്യത്തിന് സഞ്ചരിക്കാനുള്ള അവകാശവും കരാർ വ്യവസ്ഥ ചെയ്യുന്നു. ഗ്രീൻലാൻഡിന്റെ ഭൂപ്രദേശത്ത് അമേരിക്കൻ വിമാനങ്ങൾക്ക് പറക്കാനും ഇറങ്ങാനും അനുമതി നൽകുന്ന വ്യവസ്ഥകളും ഇതിലുണ്ട്.

റഷ്യയ്ക്കും ചൈനയ്ക്കുമെതിരെ തന്ത്രപരമായ നീക്കം

ആർട്ടിക് മേഖലയിൽ റഷ്യയുടെയും ചൈനയുടെയും വർധിച്ചുവരുന്ന തന്ത്രപരമായ താൽപര്യങ്ങൾ കണക്കിലെടുത്താണ് കരാറിന്റെ സുരക്ഷാ പ്രാധാന്യം വിലയിരുത്തപ്പെടുന്നത്. നേറ്റോ അംഗമല്ലാത്ത രാജ്യങ്ങൾക്ക് ഗ്രീൻലാൻഡിൽ സ്വന്തം സൈനിക കേന്ദ്രങ്ങളോ സ്ഥിരമായ സൈനിക സാന്നിധ്യമോ സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിദേശ നിക്ഷേപങ്ങളും നിയന്ത്രിക്കാൻ വ്യവസ്ഥകളുണ്ട്. ചാരപ്രവർത്തനം തടയുന്നതിനും പ്രതിരോധ മേഖലകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അമേരിക്ക, ഡെൻമാർക്ക്, ഗ്രീൻലാൻഡ് എന്നിവർ സഹകരിക്കും. അമേരിക്കയുടെ നിർദിഷ്ട 'ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ വികസനത്തിനും കരാർ പിന്തുണ നൽകുന്നു.

ട്രംപിന്റെ ഗ്രീൻലാൻഡ് നയത്തിൽ മാറ്റമോ?

ഗ്രീൻലാൻഡിൽ കൂടുതൽ നിയന്ത്രണം വേണമെന്ന ട്രംപിന്റെ ആവർത്തിച്ച ആവശ്യങ്ങളെത്തുടർന്ന് മാസങ്ങളായി അമേരിക്കയും ഡെൻമാർക്കും ഗ്രീൻലാൻഡും തമ്മിൽ നയതന്ത്ര സംഘർഷം നിലനിന്നിരുന്നു. ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കണമെന്ന ആശയത്തിൽനിന്ന് വ്യത്യസ്തമായി, നിലവിലെ കരാർ ഭൂപ്രദേശത്തിന്റെ പരമാധികാരം മാറ്റാതെ സുരക്ഷാ മേഖലയിൽ അമേരിക്കൻ സ്വാധീനം ശക്തിപ്പെടുത്തുന്ന രീതിയിലാണ്. അതേസമയം, ഗ്രീൻലാൻഡിന്റെ സ്വയംനിർണയാവകാശം അംഗീകരിക്കുന്നതും ഭാവിയിൽ സ്വാതന്ത്ര്യം നേടിയാൽ നേറ്റോയിൽ തുടരാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുന്നതും ശ്രദ്ധേയമാണ്.

കരാറിന് പ്രാബല്യം ലഭിക്കാൻ ആവശ്യമായ പാർലമെന്ററി നടപടികൾ പൂർത്തിയാക്കണം. കാലാവധി നിശ്ചയിച്ചിട്ടില്ലാത്ത കരാർ പരസ്പര സമ്മതത്തോടെ മാത്രമേ ഭേദഗതി ചെയ്യാൻ കഴിയൂ. ആർട്ടിക് മേഖലയിലെ സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ഗ്രീൻലാൻഡിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രവും ധാതുസമ്പത്തും സംബന്ധിച്ച അന്താരാഷ്ട്ര മത്സരത്തിന്റെ പശ്ചാത്തലത്തിലും പുതിയ ധാരണയ്ക്ക് പ്രാധാന്യമുണ്ട്.