ഇറാനിലെ 'കിരീടമണിയായ' ഖാർഗ് ദ്വീപിൽ അമേരിക്കൻ വ്യോമാക്രമണം; വീഡിയോ പങ്കുവെച്ച് ട്രംപ്

ഇറാനിലെ 'കിരീടമണിയായ' ഖാർഗ് ദ്വീപിൽ അമേരിക്കൻ വ്യോമാക്രമണം; വീഡിയോ പങ്കുവെച്ച് ട്രംപ്


ഇറാനുമായുള്ള സംഘർഷം ശക്തമായിരിക്കെ ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചു. ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഡ് ഐലന്റിനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വൻ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങളാണ് ട്രംപ് പ്രചിപ്പിച്ചത്.

വീഡിയോയ്‌ക്കൊപ്പം നൽകിയ സന്ദേശത്തിൽ, മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണ് അമേരിക്ക നടത്തിയതെന്നും ഖാർഗ് ദ്വീപിലെ എല്ലാ സൈനിക ലക്ഷ്യങ്ങളും പൂർണ്ണമായി നശിപ്പിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കൻ സൈന്യത്തിന്റെ മദ്ധ്യപൂർവ മേഖല കമാൻഡായ യുഎസ് സെൻട്രൽ കമാൻഡ് ആണ് ആക്രമണം നടത്തിയത് എന്നും ട്രംപ് വ്യക്തമാക്കി.

ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഖാർഗ് ദ്വീപിനെ ലക്ഷ്യമിട്ടായിരുന്നു മാർച്ച് 13ന് അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം നടന്നത്. ഇറാൻ കപ്പലുകൾക്ക് കടന്നുപോകാൻ അനുവദിക്കാത്ത സാഹചര്യത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കുവഴി ഗതാഗതം തടസപ്പെടുകയാണെങ്കിൽ എണ്ണ സംസ്‌കരണ-കയറ്റുമതി കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാൻ ഒരിക്കലും ആണവായുധം കൈവശം വയ്ക്കാൻ അമേരിക്ക അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കയെയും മിഡിൽ ഈസ്റ്റിനെയും ലോകത്തെയും ഭീഷണിപ്പെടുത്താനുള്ള ശേഷി ഇറാനുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കയുമായി സഹകരിക്കുന്ന കമ്പനികളുടെ എണ്ണയും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്നും ഇറാൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

ഇറാന്റെ സമ്പദ്‌വ്യവസ്ഥയിൽ ഖാർഗ് ദ്വീപിന് വലിയ പ്രാധാന്യമുണ്ട്. ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും ഈ ദ്വീപ് വഴിയാണ് ലോക വിപണിയിലെത്തുന്നത്. അതിനാൽ ഖാർഗ് ദ്വീപിനെതിരായ ആക്രമണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ.