വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്കിനെ 'സ്‌ട്രെയിറ്റ് ഓഫ് ട്രംപ്' എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവെച്ച പരിഷ്‌കരിച്ച മാപ്പ് വിവാദത്തിൽ. ഇറാനെതിരായ നാവിക ഉപരോധം തുടരുന്നതിനിടെ ട്രംപ് നടത്തിയ നീക്കം ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്.
ഉപരോധം അവസാനിപ്പിക്കാൻ ഇറാൻ 'വഴങ്ങേണ്ടിവരും' എന്നായിരുന്നു ട്രംപിന്റെ പരാമർശം. 'ഉപരോധം പൂർണമായും ഫലപ്രദമാണ്. അവർ സമ്മതിച്ചാൽ മാത്രമേ ഇത് അവസാനിക്കൂ,' എന്നും ട്രംപ് പറഞ്ഞു.
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ വീണ്ടും നിലച്ചിരിക്കുകയാണ്. പാകിസ്ഥാൻ വഴി ഇറാൻ പുതിയ നിർദേശം മുന്നോട്ടുവച്ചെങ്കിലും അത് ട്രംപ് തള്ളാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ഘട്ടങ്ങളുള്ള ഈ നിർദേശത്തിൽ യുദ്ധം അവസാനിപ്പിക്കൽ, ഉപരോധം പിൻവലിക്കൽ, തുടർന്ന് മാത്രം ആണവ ചർച്ചകളുടെ ആരംഭം എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്.
അതേസമയം, ഉപരോധം തുടരുന്നതോടെ ആഗോള എണ്ണവിലയിൽ വലിയ വർധനയുണ്ടായി. ബ്രെന്റ് ക്രൂഡ് വില നാല് വർഷത്തിനിടയിലെ ഉയർന്ന നിലയിലെത്തി. ഇതോടെ ലോക സാമ്പത്തിക രംഗത്തും പ്രതിഫലനം ശക്തമാകുകയാണ്.
ഇതിനിടെ, ചർച്ചകൾ നേരിട്ടുള്ള കൂടിക്കാഴ്ചകൾക്ക് പകരം ടെലിഫോൺ വഴിയാണെന്ന് ട്രംപ് വ്യക്തമാക്കി. യാത്രാ ബുദ്ധിമുട്ടുകൾ കാരണം ഇത്തരത്തിലാണ് ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹോർമൂസ് കടലിടുക്ക് ഇരുവിഭാഗങ്ങളും നിയന്ത്രിക്കുന്ന സാഹചര്യത്തിൽ, സമാധാന സാധ്യതകൾ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഹോർമൂസ് കടലിടുക്കിന് 'സ്‌ട്രെയിറ്റ് ഓഫ് ട്രംപ്' എന്ന് പുതിയ പേര് നൽകി ട്രംപ് ; വിവാദം
