റഷ്യ-യുക്രെയ്ന്‍ സമാധാന കരാറിന് അന്തിമരൂപം നല്‍കാന്‍ ഇടപെടല്‍ ശക്തമാക്കി ട്രംപ്; പുടിനുമായി ചര്‍ച്ചയ്ക്ക് വിറ്റ്‌കോഫ് മോസ്‌കോവിലേക്ക്

റഷ്യ-യുക്രെയ്ന്‍ സമാധാന കരാറിന് അന്തിമരൂപം നല്‍കാന്‍ ഇടപെടല്‍ ശക്തമാക്കി ട്രംപ്; പുടിനുമായി ചര്‍ച്ചയ്ക്ക് വിറ്റ്‌കോഫ് മോസ്‌കോവിലേക്ക്


വാഷിംഗ്ടണ്‍ : റഷ്യ-യുെ്രെകന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സമാധാന കരാറിന് അന്തിമരൂപം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാറില്‍ ഇനി 'അല്‍പം മാത്രം ഭേദഗതികള്‍' ശേഷിക്കുന്നതായി വ്യക്തമാക്കിയ ട്രംപ്, പ്രത്യേക ദൗത്യപ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫിനെ മോസ്‌കോവിലേക്ക് അയയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് അറിയിച്ചു. വിറ്റ്‌കോഫ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നേരിട്ട് ചര്‍ച്ച നടത്തും. ഒരേസമയം, യുക്രൈനുമായി ചര്‍ച്ചയ്ക്കായി യു.എസ്. ആര്‍മി സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോളിനെയും നിയോഗിച്ചതായി ട്രംപ് അറിയിച്ചു.

അമേരിക്ക തയ്യാറാക്കിയ 28 പോയിന്റുള്ള പ്രാഥമിക സമാധാന പദ്ധതി ഇരുപക്ഷത്തിന്റെയും നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയതാണെന്നും വളരെ കുറച്ച് അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമേ ഇപ്പോള്‍ ശേഷിക്കുന്നുള്ളൂ എന്നും ട്രംപ് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. ചര്‍ച്ചകള്‍ മുന്നേറുന്നതിന്റെ പുരോഗതി ഉപരാഷ്ട്രപതി ജെ.ഡി. വാന്‍സ്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ് എന്നിവരോടൊപ്പം വിശദമായി വിലയിരുത്തുമെന്നും ട്രംപ് വ്യക്തമാക്കി.

കര്‍ശന വ്യവസ്ഥകളോടെ കരാര്‍ അന്തിമഘട്ടത്തിലേക്ക് എത്തിയാല്‍ മാത്രമേ യുക്രെയ്ന്‍ പ്രസിഡന്റ് വോളൊദിമിര്‍ സെലെന്‍സ്‌കിയെയും റഷ്യന്‍ പ്രസിഡന്റ് പുടിനെയും നേരില്‍ കണ്ടു ചര്‍ച്ച നടത്തുകയുള്ളുവെന്നും ട്രംപ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്ന കരാര്‍ അന്തിമമായി രൂപപ്പെടുന്ന ഘട്ടത്തിലാണ് താന്‍ നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ക്ക് തയ്യാറാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.