ഷാങ്ഹായ്: ബ്രിട്ടൻ ചൈനയുമായി വ്യാപാര ബന്ധം ശക്തമാക്കുന്നത് 'വളരെ അപകടകരമാണെന്ന്' അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഷാങ്ഹായിലെത്തിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.
ഭാര്യ മെലാനിയയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രീമിയറിൽ സംസാരിക്കവെയാണ് ട്രംപ് അഭിപ്രായം പ്രകടിപ്പിച്ചത്. ഷി ജിൻപിങ്ങിനെ 'എന്റെ സുഹൃത്ത്' എന്നും 'വളരെ നന്നായി അറിയാം' എന്നും വിശേഷിപ്പിച്ച ട്രംപ്, ചൈനയുമായി കരാറുകളിൽ ഏർപ്പെടുന്നത് ബ്രിട്ടനു അപകടം സൃഷ്ടിക്കുമെന്നും പറഞ്ഞു. കാനഡയ്ക്ക് ഇത് 'ഇനിയും അപകടകരമാണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ പരാമർശങ്ങൾക്ക് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചൈന സന്ദർശനത്തെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും അമേരിക്കയ്ക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. ഏപ്രിലിൽ ട്രംപ് തന്നെ ചൈന സന്ദർശിക്കുമെന്നും ബ്രിട്ടൻ ചൂണ്ടിക്കാട്ടി.
ഷിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ബ്രിട്ടൻ-ചൈന ബന്ധം 'ശക്തമായ നിലയിലാണ്' എന്ന് സ്റ്റാർമർ പറഞ്ഞു. ബെയ്ജിംഗിൽ നടന്ന യുകെ-ചൈന ബിസിനസ് ഫോറത്തിൽ സംസാരിച്ച അദ്ദേഹം, കൂടിക്കാഴ്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്നും ബ്രിട്ടന് നൽകാൻ ഏറെ കാര്യങ്ങളുണ്ടെന്നും വ്യക്തമാക്കി.
സ്റ്റാർമറുടെ സന്ദർശനത്തിൽ വിസയില്ലാ യാത്ര, വിസ്‌കി തീരുവ കുറയ്ക്കൽ, ചൈനയിൽ നിർമാണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആസ്ട്രാസെനകയുടെ 10.9 ബില്യൺ പൗണ്ട് നിക്ഷേപം എന്നിവ ഉൾപ്പെടെ നിരവധി കരാറുകളാണ് പ്രഖ്യാപിച്ചത്. സംഘടിത കുറ്റകൃത്യങ്ങൾക്കും അനധികൃത കുടിയേറ്റത്തിനുമെതിരായ സഹകരണ കരാറുകളും ഉണ്ടായി.
2025ൽ ബ്രിട്ടന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി അമേരിക്കയായിരുന്നുവെന്നും ചൈന നാലാം സ്ഥാനത്തായിരുന്നുവെന്നും ബ്രിട്ടീഷ് വാണിജ്യ വകുപ്പ് വ്യക്തമാക്കി. ചൈനയിലെ ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ ക്രിസ് ടോറൻസ് സ്റ്റാർമറുടെ സന്ദർശനം വിജയകരമാണെന്ന് പറഞ്ഞു.
അതേസമയം, ദേശീയ സുരക്ഷയ്ക്കും മനുഷ്യാവകാശ വിഷയങ്ങൾക്കും ഭീഷണിയുണ്ടെന്നാരോപിച്ച് പ്രതിപക്ഷ എംപിമാർ പ്രധാനമന്ത്രിയുടെ ചൈന സന്ദർശനത്തെ വിമർശിച്ചു. ഷിൻജിയാങിലെ ഉയ്ഘുർ മുസ്ലിംകളോടുള്ള സമീപനവും ഹോങ്കോംഗ് മാധ്യമ പ്രവർത്തകൻ ജിമ്മി ലായിയുടെ തടവും ചൂണ്ടിക്കാട്ടിയാണ് വിമർശനം.
ഷാങ്ഹായ്ക്ക് ശേഷം സ്റ്റാർമർ ജപ്പാനിലെ ടോക്യോയിലേക്ക് പോകും. അവിടെ ജാപ്പനീസ് പ്രധാനമന്ത്രി സാനെ ടകൈച്ചിയുമായി കൂടിക്കാഴ്ച നടത്താനാണ് പരിപാടി.
ചൈനയുമായി വ്യാപാരം 'വളരെ അപകടകരം': ബ്രിട്ടൻ-ചൈന കരാറുകളിൽ ട്രംപിന്റെ മുന്നറിയിപ്പ്
