വാഷിങ്ടൺ: പനാമ കനാലിന്റെ നിയന്ത്രണം ചൈനയുടെ കൈകളിലെത്താൻ അമേരിക്ക അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പനാമ കനാൽ പനാമയ്ക്ക് കൈമാറിയ തീരുമാനം തെറ്റായിരുന്നുവെന്നും അതിന് പിന്നാലെ കപ്പലുകളിൽ നിന്ന് ഈടാക്കുന്ന യാത്രാ നിരക്ക് പലതവണ വർധിപ്പിച്ച് പനാമ വൻലാഭമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
തിയഡോർ റൂസ്വെൽറ്റ് പ്രസിഡൻഷ്യൽ ലൈബ്രറിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. കനാൽ പനാമയ്ക്ക് കൈമാറിയതിന് പിന്നാലെ കപ്പൽ ഗതാഗത നിരക്ക് നാലിരട്ടിയായി ഉയർത്തിയെന്നും പിന്നീട് വീണ്ടും വർധിപ്പിച്ചിട്ടും ഒരു കപ്പൽ പോലും മറ്റ് മാർഗങ്ങൾ തേടിയില്ലെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി ഇതിലൂടെ പനാമ വൻ വരുമാനമാണ് നേടുന്നതെന്നും ട്രംപ് വിമർശിച്ചു.
'ഇപ്പോൾ പനാമ കനാലിൽ ചൈന സ്വാധീനം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. അത് ഒരിക്കലും അനുവദിക്കില്ല,' എന്നും ട്രംപ് വ്യക്തമാക്കി.
1977ൽ ഒപ്പുവെച്ച ടോറിഹോസ്-കാർട്ടർ കരാർ പ്രകാരമാണ് പനാമ കനാലിന്റെ നിയന്ത്രണം അമേരിക്ക പനാമയ്ക്ക് കൈമാറാൻ തീരുമാനിച്ചത്. 1914ൽ അമേരിക്ക നിർമിച്ച കനാലിന്റെ പൂർണ നിയന്ത്രണം 1999ലാണ് പനാമയ്ക്ക് കൈമാറിയത്.
എന്തുകൊണ്ട് പനാമ കനാൽ നിർണായകം?
ലോകത്തിലെ ഏറ്റവും തിരക്കേറിയതും തന്ത്രപ്രധാനവുമായ സമുദ്ര ഗതാഗത പാതകളിലൊന്നാണ് പനാമ കനാൽ. ലോക സമുദ്രവ്യാപാരത്തിന്റെ ഏകദേശം അഞ്ച് ശതമാനം ഈ കനാലിലൂടെയാണ് നടക്കുന്നത്. വർഷംതോറും ഏകദേശം 270 ബില്യൺ ഡോളർ മൂല്യമുള്ള ചരക്കുകളാണ് ഇതുവഴി കടന്നപോകുന്നത്. അമേരിക്കയുടെ കണ്ടെയ്നർ ചരക്കുനീക്കത്തിന്റെ 40 ശതമാനവും ഈ കനാലിനെ ആശ്രയിച്ചാണ്.
ഏകദേശം 82 കിലോമീറ്റർ നീളമുള്ള കനാൽ അറ്റ്ലാന്റിക് സമുദ്രത്തിലെ കരീബിയൻ കടലിനെയും പസഫിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്നു. കൊളോൺ മുതൽ ഗാറ്റുൻ തടാകവും ഗെയ്ലാർഡ് കട്ടും കടന്നാണ് ഇത് പനാമ സിറ്റിയിലെത്തുന്നത്.
കനാൽ നിലവിൽ വരുന്നതിന് മുമ്പ് അറ്റ്ലാന്റിക്-പസഫിക് സമുദ്രങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന കപ്പലുകൾ ദക്ഷിണ അമേരിക്ക ചുറ്റി മഗെല്ലൻ കടലിടുക്കിലൂടെയോ കേപ് ഹോണിലൂടെയോ ആയിരുന്നു യാത്ര ചെയ്തിരുന്നത്. പനാമ കനാൽ നിലവിൽ വന്നതോടെ യാത്രാ ദൂരം ആയിരക്കണക്കിന് കിലോമീറ്റർ കുറഞ്ഞു. ന്യൂയോർക്കിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള കടൽയാത്ര മാത്രം ഏകദേശം 8,000 മൈൽ വരെ ചുരുക്കാൻ കനാലിന് സാധിച്ചതായി വിലയിരുത്തപ്പെടുന്നു.
പനാമ കനാലിൽ ചൈനയുടെ നിയന്ത്രണം അനുവദിക്കില്ല; കനാലിന്റെ പ്രാധാന്യവും വിശദീകരിച്ച് ട്രംപിന്റെ മുന്നറിയിപ്പ്
