ജർമനിയിൽ നിന്ന് 5,000ൽ കൂടുതൽ യുഎസ് സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപ്

ജർമനിയിൽ നിന്ന് 5,000ൽ കൂടുതൽ യുഎസ് സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപ്


ഇറാൻ യുദ്ധത്തിന്റെ പേരിൽ ജർമനിയുടെ ചാൻസലർ ഫ്രെഡറിക് മെർസുമായി കടുത്ത അഭിപ്രായ ഭിന്നതയുള്ള യുഎസ് പ്രസിഡന്റ് ട്രംപ് അത് പരസ്യമായി പ്രകടിപ്പിക്കാനും ആവശ്യമുള്ളപ്പോൾ ഒപ്പം നിൽക്കാൻ കൂട്ടാക്കാത്ത നേറ്റോ സഖ്യകക്ഷികൾക്കെതിരെ കടുത്ത തീരുമാനങ്ങൾ പ്രഖ്യാപിക്കാനും തയ്യാറാവുകയാണ്. അതിന്റെ ആദ്യ പടിയായി ജർമ്മനിയിൽ വിന്യസിച്ചിട്ടുള്ള യുഎസ് സൈനികരിൽ നിന്ന് 5000 പേരെ തിരികെ വിളിക്കാൻ ട്രംപ് ഭരണ കൂടം തീരുമാനമെടുത്ത വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോളിതാ പ്രസിഡന്റ് ട്രംപ് തന്നെ അത് സ്ഥിരീകരിച്ചിരിക്കുകയാണ്. മാത്രമല്ല തീരുമാനിക്കപ്പെട്ട 5000 സൈനികരെക്കാൾ കൂടുതൽ പേരെ ജർമ്മനിയിൽ നിന്ന് പിൻവലിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്.  ആദ്യഘട്ടത്തിൽ 5,000 സൈനികരെ പിൻവലിക്കുമെന്ന പെന്റഗൺ പ്രഖ്യാപനത്തേക്കാൾ കൂടുതലായിരിക്കും അടുത്ത വെട്ടിച്ചുരുക്കലെന്ന് അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണ ഫ്‌ളോറിഡയിൽ നിന്ന് എയർ ഫോഴ്‌സ് വണിൽ കയറുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. '5,000ൽ കൂടുതൽ സൈന്യം കുറയ്ക്കും, അതിലും ഏറെ കുറയ്ക്കാനാണ് തീരുമാനം,' എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിന് മുൻദിവസം, യൂറോപ്പിലെ സൈനിക വിന്യാസത്തെക്കുറിച്ചുള്ള സമഗ്ര അവലോകനത്തിന് ശേഷം അടുത്ത 6 മുതൽ 12 മാസത്തിനുള്ളിൽ ഏകദേശം 5,000 സൈനികരെ പിൻവലിക്കുമെന്ന് പെന്റഗൺ പ്രഖ്യാപിച്ചിരുന്നു.

ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് അമേരിക്കയെ വിമർശിച്ചതിനു തൊട്ടു പിന്നാലെയാണ് സൈന്യത്തെ പിൻവലിക്കാനുള്ള ട്രംപിന്റെ നീക്കം എന്നതും ശ്രദ്ധേയമാണ്. ഇറാനുമായുള്ള വിഷയത്തിൽ അമേരിക്ക 'അപമാനിക്കപ്പെട്ടിരിക്കുകയാണ്' എന്നായിരുന്നു മെർസിന്റെ പരാമർശം. ഇറാനെതിരായ യുദ്ധം നേറ്റോ സഖ്യകക്ഷികളെ മുൻകൂട്ടി അറിയിക്കാതെ യുദ്ധം ആരംഭിച്ചതോടെ യൂറോപ്യൻ നേതാക്കളും ട്രംപ് ഭരണകൂടവും തമ്മിലുള്ള ഭിന്നത വർധിച്ചിരിക്കുകയാണ്.

അതേസമയം, ജർമൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ്  ഈ നീക്കത്തെ സാധാരണ സംഭവമെന്ന നിലയിലാണ് വിശേഷിപ്പിച്ചത്. യൂറോപ്പ് സ്വന്തം സുരക്ഷയ്ക്ക് കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയാണിത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജർമനിയിലെ റാംസ്റ്റീൻ എയർ ബേസ് യു.എസ്. എയർ ഫോഴ്‌സിന്റെ യൂറോപ്യൻ ആസ്ഥാനമാണ്. കൂടാതെ, നേറ്റോയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.