വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെയും താന്‍ ഏറ്റവും ആദരിക്കുന്ന ലോകനേതാക്കളില്‍ ഉള്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നേതൃത്വപാടവം, രാഷ്ട്രീയ സ്ഥിരത, ആഗോള സ്വാധീനം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും ട്രംപ് പ്രശംസിച്ചത്.
'ദി ആക്സിയോസ് ഷോ'യ്ക്ക് നല്കിയ അഭിമുഖത്തിനിടെയാണ് താന്‍ ഏറ്റവും ആദരിക്കുന്ന രണ്ട് അന്താരാഷ്ട്ര നേതാക്കളെക്കുറിച്ചുള്ള ചോദ്യത്തിന് ട്രംപ് ഷി ജിന്‍പിങിനെയും നരേന്ദ്ര മോഡിയെയും പേരെടുത്ത് പരാമര്‍ശിച്ചത്.
നേതൃത്വത്തിന്റെ കാര്യത്തില്‍ ഷി ജിന്‍പിങ് അതുല്യനാണെന്ന് ട്രംപ് പറഞ്ഞു. മറ്റൊരു നേതാവിന്റെ പേര് ചോദിച്ചപ്പോള്‍ മോഡി വളരെ മികച്ച നേതാവാണ് എന്നായിരുന്നു മറുപടി.
ഇന്ത്യയുടെ വളരുന്ന ആഗോള പ്രാധാന്യം എടുത്തുപറഞ്ഞ ട്രംപ് മോഡിയുടെ വിദേശനയ സമീപനത്തെയും പ്രശംസിച്ചു. യുദ്ധങ്ങളില്‍ നിന്ന് അദ്ദേഹം അകന്നുനില്ക്കുന്നുവെന്നും അതൊരു ബുദ്ധിപരമായ സമീപനമാണെന്നും ട്രംപ് വ്യക്തമാക്കി. 150 കോടി ജനങ്ങളുള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ്. ഇന്ത്യയുമായി യു എസ് വലിയ തോതില്‍ വ്യാപാരം നടത്തുന്നുണ്ടെന്നും ഇപ്പോള്‍ അത് ന്യായമായ വ്യാപാരമാണെന്നും ട്രംപ് പറഞ്ഞു.
മോഡിയെയും ഷി ജിന്‍പിങിനെയും കുറിച്ച് കൂടുതല്‍ സംസാരിക്കവേ മോഡിയും പ്രസിഡന്റ് ഷിയും മികച്ച നേതാക്കളാണെന്നും ഇവരെ ആസ്പദമാക്കി സിനിമയെടുക്കണമെങ്കില്‍ ഹോളിവുഡില്‍ പോലും ഇവരെ അവതരിപ്പിക്കാന്‍ പറ്റിയ ആളെ കണ്ടെത്താനാകില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
മോഡിയുടെ ദീര്‍ഘകാല ഭരണകാലവും രാഷ്ട്രീയ സ്ഥിരത നിലനിര്‍ത്താനുള്ള കഴിവും ട്രംപ് പ്രത്യേകം എടുത്തുപറഞ്ഞു. മോഡി അധികാരത്തിലെത്തുന്നതിന് മുമ്പ് ഇന്ത്യയില്‍ നേതൃമാറ്റങ്ങള്‍ പതിവായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ ജീവിതകാലം മുഴുവന്‍ ഇന്ത്യയെ നിരീക്ഷിച്ചിട്ടുണ്ടെന്നും അവിടെ നേതാക്കള്‍ ഇടയ്ക്കിടെ മാറിക്കൊണ്ടിരുന്നുവെന്നും പറഞ്ഞ ട്രംപ് ചിലര്‍ ആറുമാസം, ചിലര്‍ ഒരു വര്‍ഷവുമാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ മോഡി അധികാരത്തിലെത്തി. 12 വര്‍ഷത്തിലേറെയായി അദ്ദേഹം അധികാരത്തിലുണ്ട്. വളരെ ഉറച്ച നേതൃത്വമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ശാന്തതയോടെയാണ് അദ്ദേഹം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു.
പുറമേ ശാന്തനായി തോന്നുന്ന മോഡി വളരെ ശക്തനും കര്‍ക്കശനുമായ നേതാവാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തനിക്ക് അദ്ദേഹത്തെ നന്നായി അറിയാമെന്നും അദ്ദേഹം വളരെ കരുത്തുറ്റ വ്യക്തിയാണെന്നും ട്രംപ് പറഞ്ഞു.
ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങള്‍ക്കുശേഷമാണ് ട്രംപിന്റെ പുതിയ പരാമര്‍ശങ്ങള്‍. ഏകദേശം 16 മാസത്തിനുശേഷമായിരുന്നു ഇരുനേതാക്കളും നേരില്‍ കൂടിക്കാഴ്ച നടത്തിയത്. വ്യാപാര വിഷയങ്ങളും പാകിസ്ഥാനുമായി അമേരിക്ക പുലര്‍ത്തുന്ന ബന്ധവും മൂലം ഉഭയകക്ഷി ബന്ധത്തില്‍ ചില അസ്വസ്ഥതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
