19ന് സ്വിറ്റ്സർലൻഡിൽ വച്ച് കരാർ ഒപ്പുവയ്ക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്
വാഷിംഗ്ടൺ: മൂന്ന് മാസത്തിലധികം നീണ്ട പശ്ചിമേഷ്യൻ സംഘർഷത്തിന് ഒടുവിൽ വിരാമമാകുന്നു, ലോകം കാത്തിരുന്ന സമാധാന കരാർ സംബന്ധിച്ചു യു.എസും ഇറാനും ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ. യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനുമാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. കരാറിൻ്റെ പൂർണവിവരങ്ങൾ പുറത്തുവന്നിട്ടില്ല. സമാധാന കരാർ ജൂൺ 19ന് സ്വിറ്റ്സർലൻഡിൽവെച്ച് ഒപ്പുവെക്കുമെന്ന് ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു. ഇതോടൊപ്പം ലെബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികൾ സ്ഥിരമായി അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി അദ്ദേഹം വ്യക്തമാക്കി. കരാറിന്റെ അന്തിമരൂപം തയ്യാറാക്കുന്നതിനായി ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന നിർണായക യോഗങ്ങൾ ഈ ആഴ്ചയിൽ നടക്കും. ചർച്ചകൾ വിജയകരമാക്കാൻ നിർണായക പങ്ക് വഹിച്ച ഖത്തർ, സൗദി അറേബ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്കും ഷഹബാസ് ഷെരീഫ് നന്ദി അറിയിച്ചു.
കരാർ പൂർത്തിയായതായി യു.എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിൽ യു.എസ് നാവികസേനയുടെ ഉപരോധം നീക്കാൻ ട്രംപ് നിർദേശം നൽകി. അതേസമയം യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഒപ്പിടാൻ അമേരിക്ക നിർബന്ധിതരായെന്ന് അവകാശപ്പെടുന്ന ഒരു ബാനർ ഇറാനിയൻ സ്റ്റേറ്റ് ടിവി പ്രദർശിപ്പിച്ചു. എന്നാൽ ഇറാൻ സർക്കാർ ഇതിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറാനുമായുള്ള കരാർ പൂർത്തിയായിരിക്കുന്നുവെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിച്ചു. "ഇറാൻ ഇസ്‌ലാമിക് റിപ്പബ്ലിക്കുമായുള്ള കരാർ ഇപ്പോൾ പൂർത്തിയായിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഹോർമുസ് കടലിടുക്ക് ടോൾ ഇല്ലാതെ തുറന്നുകൊടുക്കാൻ ഞാൻ ഇതിനാൽ പൂർണ അധികാരം നൽകുന്നു, അതോടൊപ്പം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയുടെ ഉപരോധം ഉടനടി നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്യുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ. എണ്ണ പ്രവഹിക്കട്ടെ"- ട്രംപ് കുറിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രതികരണത്തിന് പിന്നാലെയാണ് ട്രംപ് പോസ്റ്റിട്ടത്.
