വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാൻ അമേരിക്കയ്ക്ക് വലിയ സാമ്പത്തിക മൂല്യമുള്ള 'സമ്മാനം' നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശം അന്താരാഷ്ട്ര തലത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഫെബ്രുവരി 28 മുതൽ യു.എസ്-ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് പ്രായോഗികമായി അടഞ്ഞ നിലയിലായിരുന്ന ഹോർമൂസ് കടലിടുക്ക് വഴിയുള്ള എണ്ണവാതക ഗതാഗതവുമായി ബന്ധപ്പെട്ടതാണ് ഈ 'സമ്മാനം' എന്നാണ് ട്രംപ് സൂചന നൽകിയത്.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ഇറാൻ നൽകിയ 'വലിയ സമ്മാനം' ഏറെ സാമ്പത്തിക മൂല്യമുള്ളതാണെന്നും, എന്നാൽ അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തില്ലെന്നും ട്രംപ് പറഞ്ഞു. ഈ നീക്കം തനിക്ക് ഒരു സന്ദേശമാണെന്നും 'നാം ശരിയായ ആളുകളുമായി സംസാരിക്കുകയാണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സമ്മാനം ആണവ പദ്ധതിയുമായി ബന്ധപ്പെട്ടതല്ല, എണ്ണയും വാതകവുമായാണ് ബന്ധപ്പെട്ടതെന്നും ട്രംപ് വ്യക്തമാക്കി.
ഇതിനിടെ, ഹോർമൂസ് കടലിടുക്കിലൂടെ തങ്ങളുമായി ശത്രുത ഇല്ലാത്ത രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകൾക്ക്' സുരക്ഷിത ഗതാഗതം അനുവദിക്കാമെന്ന സന്ദേശം ഇറാൻ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനിലൂടെ നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. ഗൾഫ് മേഖലയിൽ നിന്നുള്ള ലോക എണ്ണവിതരണത്തിന്റെ ഏകദേശം അഞ്ചിൽ ഒരുഭാഗം ഈ കടലിടുക്കിലൂടെ കടന്നുപോകുന്നതാണ്. യുദ്ധം ആരംഭിച്ചതോടെ ഇറാന്റെ ആക്രമണങ്ങൾ കാരണം കപ്പൽ ഗതാഗതം താറുമാറായിരുന്നുവെങ്കിലും, പുതിയ സന്ദേശം സമാധാന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് വിലയിരുത്തുന്നത്.
ഇറാനിലെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾക്കുനേരെയുള്ള ആക്രമണം ട്രംപ് അഞ്ചുദിവസത്തേക്ക് മാറ്റിവെച്ചതോടൊപ്പം, യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിലേക്കും മടങ്ങിയിട്ടുണ്ട്. എന്നാൽ ഇത്തരം ചർച്ചകളിൽ ഇറാൻ പങ്കെടുത്തിട്ടില്ലെന്ന് ടെഹ്രാൻ വ്യക്തമാക്കിയിട്ടുണ്ട്.
യുദ്ധം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ ഇറാന്റെ പരമോന്നത നേതാവായ അലി
ഖാമനെയി കൊല്ലപ്പെട്ടതോടെ രാജ്യത്ത് നേതൃമാറ്റം സംഭവിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. പുതിയ നേതൃത്വവുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരടക്കമുള്ളവർ ചർച്ചകളിൽ പങ്കാളികളാണെന്നും ട്രംപ് പറഞ്ഞു.
അതേസമയം, പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനുമായി സംസാരിച്ച് സമാധാന ശ്രമങ്ങൾക്ക് ഇടനിലക്കാരനാകാൻ തയ്യാറാണെന്ന് അറിയിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
ഹോർമൂസിൽ 'ഇറാന്റെ സമ്മാനം'; ട്രംപിന്റെ രഹസ്യ പരാമർശത്തിൽ ആശയക്കുഴപ്പം
