വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. എന്നാൽ ടെഹ്‌റാൻ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചായിരിക്കും യുദ്ധത്തിന്റെ അന്ത്യം എങ്ങനെയാകുകയെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. 'നല്ല വഴിയിലൂടെയോ അതോ അത്ര നല്ലതല്ലാത്ത വഴിയിലൂടെയോ' യുദ്ധം അവസാനിക്കാമെന്നാണ് ട്രംപിന്റെ പരാമർശം.
മേരിലാൻഡിലെ സ്പാരോസ് പോയിന്റിൽ ചൊവ്വാഴ്ച നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാന്റെ സൈനികശേഷി ഗുരുതരമായി തകർന്നെന്നും അമേരിക്ക ശക്തമായ നിലയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന് ഇപ്പോൾ സൈനിക ശേഷിയില്ലെന്നും 'എല്ലാം തകർന്ന നിലയിലാണെന്നും' ട്രംപ് പറഞ്ഞു. മധ്യപൗരസ്ത്യ മേഖലയിലെ മുൻ 'ഭീഷണിയെ' ഇനി അവസാനിപ്പിക്കേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിൽ 'ഇരുമ്പുമതിൽ'
ഇറാനിലേക്കുള്ള സമുദ്ര ഗതാഗതം തടയുന്നതിനായി ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്ക ശക്തമായ നാവിക സാന്നിധ്യം ഒരുക്കിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഇതിനെ ഉപരോധമെന്നതിനേക്കാൾ 'ഇരുമ്പുമതിൽ' എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ അനുമതിയില്ലാതെ ഒരു കപ്പലും ഇറാനിലെത്തിയിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ ആണവായുധം സ്വന്തമാക്കാതിരിക്കാനുള്ള നടപടികൾ യുഎസ് നാവികസേന ഉറപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെതിരായ നടപടികൾ സംബന്ധിച്ച് നേരത്തെയും 'എളുപ്പവഴി'യും 'കടുപ്പമുള്ള വഴിയും' എന്ന പരാമർശങ്ങൾ ട്രംപ് നടത്തിയിരുന്നു. ഇറാന്റെ സൈനികശേഷി 'തകർത്തു' എന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
6.6 ബില്യൺ ഡോളറിന്റെ കപ്പൽശാല പദ്ധതി
അതേസമയം, അമേരിക്കയുടെ നാവിക വ്യവസായ ശേഷി വർധിപ്പിക്കുന്നതിനുള്ള വൻ പദ്ധതിക്കും ട്രംപ് സ്പാരോസ് പോയിന്റിൽ തുടക്കമിട്ടു. ആൻഡുറിൽ ഇൻഡസ്ട്രീസ് 3.7 ബില്യൺ ഡോളർ നിക്ഷേപിച്ച് മേരിലാൻഡിൽ പുതിയ ഹൈടെക് കപ്പൽശാല നിർമിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് യുഎസ് നാവികസേന 2.9 ബില്യൺ ഡോളർ വരെ നിക്ഷേപിക്കും. ഇതോടെ പദ്ധതിയുടെ ആകെ നിക്ഷേപം 6.6 ബില്യൺ ഡോളർ വരും.
ആഴ്‌സണൽ-2 എന്ന പേരിലുള്ള പുതിയ കേന്ദ്രത്തിൽ വിർജീനിയ ക്ലാസ് ആണവശക്തിയുള്ള ആക്രമണ അന്തർവാഹിനികൾക്കാവശ്യമായ ടോർപിഡോ ട്യൂബുകൾ ഉൾപ്പെടെയുള്ള നിർണായക ഘടകങ്ങൾ നിർമിക്കും.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള അമേരിക്കയിലെ ഏറ്റവും വലിയ കപ്പൽശാല പദ്ധതിയാണിതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. 2030ൽ ഉൽപ്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ 3,100ലേറെ സ്ഥിരം തൊഴിലവസരങ്ങളും നേരിട്ടും പരോക്ഷമായും 14,000ലേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.
അമേരിക്കയുടെ കപ്പൽനിർമാണ ശേഷി വർധിപ്പിച്ച് ലോകത്തെ മുൻനിര നാവിക ശക്തിയായി തുടരുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു.
'ഇറാനെ തകർത്തു; യുദ്ധം നല്ല വഴിയിലൂടെയോ മോശം വഴിയിലൂടെയോ അവസാനിക്കും': ട്രംപ്
