ഹോർമുസ് കടലിടുക്കിൽ ടോൾ ഈടാക്കരുത്; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്കിൽ ടോൾ ഈടാക്കരുത്; ഇറാന്  ട്രംപിന്റെ മുന്നറിയിപ്പ്


വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ ടോൾ ഈടാക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. 'അവർ അങ്ങനെ ചെയ്യരുത്; ചെയ്യുകയാണെങ്കിൽ ഉടൻ നിർത്തണം,' എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

അതേസമയം, ഈ കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അമേരിക്കയും ഇറാനും ചേർന്ന് ടോൾ ഈടാക്കുന്ന സംവിധാനത്തെക്കുറിച്ച് ചർച്ചകൾ നടന്നേക്കാമെന്ന സൂചനയും ട്രംപ് മുമ്പ് നൽകിയിരുന്നു.

ആഗോള എണ്ണ ഗതാഗതത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് വഴി എണ്ണക്കപ്പലുകൾക്ക് തടസമില്ലാതെ സഞ്ചരിക്കാൻ ഇറാൻ ബാധ്യസ്ഥരാണെന്നും, ഈ വിഷയത്തിൽ ഇറാൻ കരാർ ലംഘിച്ചുവെന്നും ട്രംപ് ആരോപിച്ചു. 'എണ്ണ ഗതാഗതം അനുവദിക്കുന്നതിൽ ഇറാൻ വളരെ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്,' എന്നും അദ്ദേഹം വിമർശിച്ചു.

ഇതിനിടെ, മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ കുവൈത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ദേശീയ ഗാർഡ് കേന്ദ്രം ലക്ഷ്യമിട്ട ആക്രമണത്തിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടായെങ്കിലും ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ഫെബ്രുവരി 28 മുതൽ തുടരുന്ന സംഘർഷത്തിൽ 3,000ത്തിലധികം പേർ കൊല്ലപ്പെട്ടതായി ഇറാൻ വ്യക്തമാക്കി. കൊല്ലപ്പെട്ടവരിൽ പലരെയും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും ഇറാൻ അധികൃതർ പറഞ്ഞു. അമേരിക്ക-ഇസ്രയേൽ ആക്രമണങ്ങളാണ് മരണങ്ങൾക്ക് കാരണമെന്നാണ് ഇറാന്റെ ആരോപണം.