മോസ്‌കോ: റഷ്യയിൽ ലബോറട്ടറി ജീവനക്കാരി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ഉടൻ സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയിലെ സൈബീരിയയിലെ ഇർകുട്‌സ്‌ക് മേഖലയിലെ ആന്റിപ്ലേഗ് ഇൻസ്റ്റിറ്റിയൂട്ടിലെ ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് പ്ലേഗ് ബാധ സംശയിക്കുന്ന റപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് അമേരിക്ക കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടത്.
28കാരിയായ ലബോറട്ടറി ജീവനക്കാരി ദാര്യ ഷിപലോവയുടെ മരണമാണ് ആശങ്കയ്ക്ക് കാരണമായത്. ന്യൂമോണിക് പ്ലേഗ് ബാധയോ ലബോറട്ടറി അപകടമോ മരണത്തിന് കാരണമായിരിക്കാമെന്ന റപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പ്ലേഗ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റഷ്യൻ അധികൃതരുടെ നിലപാട്.
സംഭവത്തിൽ കൂടുതൽ സുതാര്യത പുലർത്തണമെന്നും കൂടുതൽ വിവരങ്ങൾ അന്താരാഷ്ട്ര സമൂഹവുമായി പങ്കുവയ്ക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബയോ റഷ്യയോട് ആവശ്യപ്പെട്ടു. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ പുടിനുമായി സംസാരിക്കാൻ സമയം നിശ്ചയിച്ചിട്ടുണ്ടെന്നും സംഭാഷണം ഉടൻ നടക്കുമെന്നും ട്രംപ് പറഞ്ഞു. ആവശ്യമെങ്കിൽ റഷ്യയെ സഹായിക്കാൻ അമേരിക്ക തയ്യാറാണെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
മരണകാരണം വ്യക്തമല്ല
പരശോധനയ്ക്കിടെ ടെസ്റ്റ് ട്യൂബ് പൊട്ടിയതിനെ തുടർന്ന് ഷിപലോവയ്ക്ക് ന്യൂമോണിക് പ്ലേഗ് ബാധിച്ചിരിക്കാമെന്ന റപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് 200ഓളം പേരെ നിരീക്ഷണത്തിലാക്കിയെന്ന റപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്നാൽ പ്ലേഗ് സ്ഥിരീകരിച്ചിട്ടില്ലെന്ന് റഷ്യൻ ആരോഗ്യ നിരീക്ഷണ ഏജൻസിയായ റസ്‌പോത്രെബ്‌നാഡ്‌സോർ അറിയിച്ചു.
മരണാനന്തര പരിശോധനയിൽ പ്ലേഗിന്റെ സാന്നിധ്യം കണ്ടെത്തിയില്ലെന്നും അധികൃതർ വ്യക്തമാക്കി. ഷിപലോവ ന്യൂമോണിയ ബാധിച്ചാണ് മരിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയെങ്കിലും മരണത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും നിർണയിക്കപ്പെട്ടിട്ടില്ലെന്ന് ഇർകുട്‌സ്‌ക് ഗവർണർ ഇഗോർ കോബ്‌സെവ്, അറിയിച്ചു. മറ്റ് ജീവനക്കാരിൽ സമാനമായ രോഗലക്ഷണങ്ങളൊന്നും റപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടസാധ്യത കുറവെന്ന് ലോകാരോഗ്യ സംഘടന
ഇർകുട്‌സ്‌ക് നഗരത്തിൽ പ്ലേഗ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് റഷ്യയിൽനിന്ന് ലഭിച്ച വിവരങ്ങൾ ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇൻസ്റ്റിറ്റിയൂട്ട് ജീവനക്കാരിൽ ഒരാൾക്ക് സമൂഹത്തിൽനിന്ന് പകർന്ന ന്യൂമോണിയയാണെന്ന നിലയിലാണ് റഷ്യൻ അധികൃതർ അന്വേഷണം നടത്തുന്നത്.
മരണപ്പെട്ട ജീവനക്കാരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി മെഡിക്കൽ നിരീക്ഷണത്തിനും ലബോറട്ടറി പരശോധനയ്ക്കും വിധേയരാക്കിയിട്ടുണ്ട്. ഇവരിൽ അപകടകരമായ സാംക്രമിക രോഗകാരികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇർകുട്‌സ്‌കിലെ അപകടസാധ്യത മിതമായതിൽനിന്ന് താഴ്ന്നതാണെന്നും സംഘടന അറിയിച്ചു.
ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന ന്യൂമോണിക് പ്ലേഗ് ചികിത്സ വൈകിയാൽ മരണകാരണമാകാവുന്നതും ശ്വാസകോശ സ്രവങ്ങളിലൂടെ പകരാവുന്നതുമായ പ്ലേഗിന്റെ ഏറ്റവും പകർച്ചശേഷിയുള്ള രൂപമാണ്. അതേസമയം, റഷ്യയിലെ സംഭവത്തിൽ പ്ലേഗ് സ്ഥിരീകരിച്ചിട്ടില്ലെന്ന നിലപാടാണ് അധികൃതർ ആവർത്തിക്കുന്നത്.
സംഭവത്തിൽ റഷ്യ കൂടുതൽ വിവരങ്ങൾ പുറത്തുവിടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിനിടെ, യുഎസിലെ പകർച്ചവ്യാധി സാഹചര്യങ്ങളിൽ റഷ്യയും സഹായിക്കാൻ തയ്യാറാണെന്ന് റഷ്യൻ ആരോഗ്യ നിരീക്ഷണ ഏജൻസി പ്രതികരിച്ചു. ജൂൺ മാസത്തിൽ ന്യൂ മെക്‌സിക്കോയിൽ പ്ലേഗ് ബാധിച്ച് ഒരാൾ മരിച്ചതും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ അഞ്ചാംപനി കേസുകൾ വർധിച്ചതും ഏജൻസി ചൂണ്ടിക്കാട്ടി.
റഷ്യയിലെ പ്ലേഗ് മരണ റിപ്പോര്‍ട്ട് : പുടിനുമായി ഉടൻ സംസാരിക്കുമെന്ന് ട്രംപ്; കൂടുതൽ വിവരങ്ങൾ തേടി അമേരിക്ക
