വാഷിംഗ്ടൺ: ഇറാനിനെതിരെ സ്വീകരിക്കേണ്ട അടുത്ത നടപടികളെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കണമെന്ന ആവശ്യത്തിൽ നിലവിലുള്ള ചർച്ചകൾ തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു. ടെക്‌സസിലേക്കുള്ള യാത്രയ്ക്കായി വൈറ്റ് ഹൗസിൽ നിന്ന് പുറപ്പെടുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാൻ ആവശ്യമായ ഇളവുകൾ നൽകാൻ തയ്യാറാകാത്തത് നിരാശാജനകമാണെന്ന് ട്രംപ് വ്യക്തമാക്കി. കൂടുതൽ ചർച്ചകൾ നടക്കാനിരിക്കുകയാണെന്നും അവയുടെ ഫലമനുസരിച്ചാകും തുടർനടപടികളെന്നും അദ്ദേഹം പറഞ്ഞു. ഇറാന് ആണവായുധങ്ങൾ അനുവദിക്കില്ല എന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു.
സൈനിക നടപടി സ്വീകരിച്ചാൽ പശ്ചിമേഷ്യയിൽ ദീർഘകാല സംഘർഷ സാധ്യത ഉണ്ടാകുമോ എന്ന ചോദ്യത്തിന് യുദ്ധത്തിൽ എല്ലായ്‌പ്പോഴും അപകടസാധ്യത ഉണ്ടാകുമെന്ന് ട്രംപ് മറുപടി നൽകി. അതേസമയം സൈനിക ശക്തി ഉപയോഗിക്കാൻ താൽപര്യമില്ലെങ്കിലും ആവശ്യമായാൽ അത് ചെയ്യേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിൽ ഭരണകൂട മാറ്റം സംഭവിക്കാമോ എന്ന ചോദ്യത്തിന് അതിനെക്കുറിച്ച് ഉറപ്പായി ഒന്നും പറയാനാകില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇതിനിടെ, വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോ ഇസ്രയേലിലേക്ക് യാത്രതിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇറാനുമായി ബന്ധപ്പെട്ട സംഘർഷാവസ്ഥ ഈ സന്ദർശനത്തിലെ പ്രധാന വിഷയമാകും. അതേസമയം ഇസ്രയേലിലെ അമേരിക്കൻ എംബസിയിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഒഴിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഒരു ദീർഘകാല യുദ്ധസാധ്യത ഇല്ലെന്നു വ്യക്തമാക്കി. ഇറാനെതിരെ നടപടി സ്വീകരിച്ചാൽ അത് ആണവായുധ നിർമ്മാണം തടയുന്നതിനായിരിക്കുമോ അല്ലെങ്കിൽ നയതന്ത്രപരമായ പരിഹാരത്തിലേക്കോ നീങ്ങുമോ എന്നത് സാഹചര്യങ്ങൾ അനുസരിച്ചായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുൻകാല സൈനിക ഇടപെടലുകളുടെ പിഴവുകൾ ആവർത്തിക്കാതിരിക്കേണ്ടതുണ്ടെങ്കിലും ആവശ്യമായ സാഹചര്യങ്ങളിൽ കരുതലോടെ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഒമാന്റെ വിദേശകാര്യ മന്ത്രിയുമായി അമേരിക്കൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുകയും ഇറാനുമായി പരോക്ഷ ചർച്ചകൾ തുടരുകയും ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്.
ഇറാനുമായി ചർച്ചയിൽ പുരോഗതി ഇല്ല; അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ട്രംപ്
