ഫ്‌ളോറിഡ: റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷത്തെക്കുറിച്ചുള്ള ചർച്ചയിൽ പുടിൻ സഹായിക്കാൻ താൽപര്യം പ്രകടിപ്പിച്ചതായും സംഭാഷണം 'വളരെ നല്ലതായിരുന്നു' എന്നും ട്രംപ് പറഞ്ഞു.
ഫ്‌ളോറിഡയിലെ ഡോറലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഈ വിവരങ്ങൾ പങ്കുവെച്ചത്. ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം പുടിനുമായി നടത്തിയ ആദ്യ സംഭാഷണമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിലെ സാഹചര്യങ്ങളെക്കുറിച്ചാണ് പ്രധാനമായും ഇരുവരും ചർച്ച നടത്തിയതെന്ന് ട്രംപ് പറഞ്ഞു. അതേസമയം റഷ്യയും ഉക്രെയിനും തമ്മിലുള്ള നീണ്ടുനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കണമെന്നും പുടിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. 'ഉക്രെയിൻ-റഷ്യ യുദ്ധം അവസാനിപ്പിച്ചാൽ അതാണ് കൂടുതൽ സഹായകരം,' എന്നാണ് പുടിനോട് പറഞ്ഞതെന്ന് ട്രംപ് പറഞ്ഞു.
ഉക്രെയിനിലെ യുദ്ധം അവസാനിപ്പിക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നാലും ഈ വിഷയത്തിൽ നടത്തിയ ചർച്ച പോസിറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്ന ഈ യുദ്ധം 'അവസാനമില്ലാത്ത പോരാട്ടം' പോലെയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഇതിനിടെ ഇറാനെതിരെ സൈനിക നടപടി ആരംഭിക്കുന്നതിനെക്കുറിച്ച് ഭരണകൂടത്തിനുള്ളിലെ ചർച്ചകളെക്കുറിച്ചും ട്രംപ് പ്രതികരിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തുടക്കത്തിൽ യുദ്ധ സാധ്യതയെക്കുറിച്ച് കൂടുതൽ സൂക്ഷ്മമായ നിലപാട് സ്വീകരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് സൈനിക നടപടി വേഗത്തിൽ നടപ്പാക്കാനുള്ള തീരുമാനത്തെ വാൻസ് പിന്തുണച്ചതായും ട്രംപ് വ്യക്തമാക്കി.
ഇറാൻ അമേരിക്കയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് സൈനിക നടപടി ആവശ്യമായതായി തീരുമാനിക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഇറാനിലെ നേതൃമാറ്റത്തെയും ട്രംപ് വിമർശിച്ചു. യുദ്ധത്തിന്റെ ആദ്യദിവസം കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ മകനായ മൊജ്തബ ഖമനേയിയെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചതിൽ താൻ നിരാശയാണെന്ന് അദ്ദേഹം പറഞ്ഞു.
'അത് രാജ്യത്തെ പഴയ പ്രശ്‌നങ്ങൾ തുടരുന്നതിന് കാരണമാകും,' എന്ന് ട്രംപ് അഭിപ്രായപ്പെട്ടു. എന്നാൽ മൊജ്തബ ഖമനേിയിയെ ലക്ഷ്യമിട്ട് നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.
ഇറാന്റെ ഭാവി നേതൃത്വത്തെ രൂപപ്പെടുത്തുന്നതിൽ അമേരിക്കക്കും പങ്കുണ്ടാകണമെന്ന് ട്രംപ് പറഞ്ഞു. സമാധാനപരമായ രീതിയിൽ രാജ്യത്തെ നയിക്കാൻ കഴിയുന്ന നേതൃത്വമാണ് ഇറാനിൽ ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഇപ്പോഴും വലിയ അനിശ്ചിതത്വമാണുള്ളതെന്നും 'അവസാനം ആരാണ് രാജ്യത്തെ നയിക്കുക എന്ന് ആരും ഉറപ്പിച്ച് പറയാനാവില്ല' എന്നും ട്രംപ് വ്യക്തമാക്കി.
