ഇറാന്റെ ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദേശം തള്ളി ട്രംപ്; മിഡ്‌ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇറാന്റെ ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദേശം തള്ളി ട്രംപ്; മിഡ്‌ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്


വാഷിങ്ടൺ: അമേരിക്ക-ഇറാൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദേശം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്. നവംബറിലെ യുഎസ് മിഡ്‌ടേം തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ അമേരിക്കൻ വ്യോമാക്രമണം പുനരാരംഭിക്കേണ്ടിവരുമെന്നാണ് ട്രംപ് സഹായികളോട് പറഞ്ഞതെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ആണവ ചർച്ചകൾ പുനരാരംഭിക്കുകയും ചെയ്യുന്നതിന് പകരമായി അമേരിക്ക നാവിക ഉപരോധം പിൻവലിക്കുകയും ഇറാന്റെ എണ്ണ കയറ്റുമതിക്കുള്ള ഉപരോധത്തിൽ ഇളവ് നൽകുകയും വെടിനിർത്തൽ പാലിക്കുകയും ചെയ്യണമെന്നാണ് ഇറാന്റെ നിർദേശം. ലെബനനിലെ സംഘർഷവും വെടിനിർത്തലിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് ടെഹ്‌റാന്റെ ആവശ്യം.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി മുന്നോട്ടുവച്ച പദ്ധതി പ്രകാരം, അമേരിക്ക നിർദേശങ്ങൾ അംഗീകരിക്കുന്നതോടെയാണ് ഏഴ് ദിവസത്തെ സമയക്രമം ആരംഭിക്കുക. ആദ്യ നാല് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ആവശ്യമായ നടപടികൾ പൂർത്തിയാക്കി ആറാം ദിവസം ഹോർമുസ് കടലിടുക്ക് തുറക്കുകയും ഏഴാം ദിവസം ആണവ വിഷയത്തിൽ അന്തിമ ധാരണയ്ക്കുള്ള ചർച്ചകൾ ആരംഭിക്കുകയും ചെയ്യുമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ജൂണിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി ഇറാൻ പറയുന്ന ധാരണാപത്രത്തിലെ വ്യവസ്ഥകളാണ് പുതിയ നിർദേശത്തിന്റെ അടിസ്ഥാനമെന്നും അറാഖ്ചി പറഞ്ഞു. ഖത്തർ വഴിയാണ് നിർദേശം അമേരിക്കയിലെത്തിച്ചത്.

എന്നാൽ ഇറാനെതിരായ നാവിക ഉപരോധം പിൻവലിക്കാൻ ട്രംപ് ഭരണകൂടം തയ്യാറല്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. സാമ്പത്തിക സമ്മർദം തുടർന്നാൽ ടെഹ്രാനെ കൂടുതൽ അനുകൂലമായ വ്യവസ്ഥകൾ അംഗീകരിക്കാൻ നിർബന്ധിതമാക്കാമെന്നാണ് വാഷിങ്ടണിന്റെ വിലയിരുത്തൽ.

ഇറാൻ ആണവായുധം വികസിപ്പിക്കാതിരിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് യുഎൻ പൊതുസഭയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇറാനുമായുള്ള സംഘർഷത്തിൽ നയതന്ത്ര ചർച്ച, സൈനിക നടപടി, സാമ്പത്തിക ഉപരോധം എന്നീ മൂന്ന് മാർഗങ്ങളിലൂടെയും മാറിമാറി നീങ്ങുകയാണ് ട്രംപ് ഭരണകൂടം. യുദ്ധം തുടരുന്നതിനിടെ ട്രംപിന്റെ നിലപാടുകളിൽ മാറ്റമുണ്ടാകാമെന്ന് യുഎസ് ഉദ്യോഗസ്ഥരും സൂചിപ്പിക്കുന്നുണ്ട്.